ADVERTISEMENT

ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സാകുറജിമ എന്ന അഗ്നിപർവതം ഇന്നലെ വിസ്‌ഫോടനം നടത്തി. എന്നാൽ മരണങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഇതുമൂലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറയുന്നു. ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ വിസ്‌ഫോടനത്തിനു ശേഷം അഗ്നിപർവതത്തിന് രണ്ടരക്കിലോമീറ്റർ ചുറ്റളവിൽ കല്ലുകൾ തെറിച്ചു. അഗ്നിപർവത വിസ്‌ഫോടനങ്ങളുടെ തീവ്രത അടയാളപ്പെടുത്തുന്ന സ്‌കെയിലിൽ അഞ്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന സ്‌കോറാണിത്. അഗ്നിപർവതത്തിന്റെ ചുറ്റും താമസിക്കുന്നവരെ മാറ്റിപാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി.

അഗ്നിപർവതത്തിൽ നിന്നു വലിയ അളവിൽ ലാവാ പ്രവാഹവും തുടങ്ങിയിട്ടുണ്ട്. കാഗോഷിമ എന്ന വലിയ നഗരവും അഗ്നിപർവതത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ നഗരത്തെയും നഗരവാസികളെയും ലാവാപ്രവാഹം ബാധിക്കാനിടയില്ലെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു. അഗ്നിപർവതമേഖലയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിൽ അൽപം ദൂരെമാറി സെൻഡായി ന്യൂക്ലിയർ പവർ പ്ലാന്‌റ് എന്ന ആണവനിലയവും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആണവനിലയത്തിന് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് ജാപ്പനീസ് ആണവമന്ത്രാലയം അറിയിച്ചു.

ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് സാകുറജിമ. സ്ട്രാറ്റോവോൾക്കാനോ എന്ന ഗണത്തിൽ പെടുന്ന ഇതിന് മൂന്ന് കൊടുമുടികളുണ്ട്. മിനാമി ഡാക്കേ എന്നറിയപ്പെടുന്ന തെക്കൻ കൊടുമുടിയിലാണ് ഇപ്പോൾ അഗ്നിപർവത സ്‌ഫോടനം നടന്നിരിക്കുന്നത്. കാലങ്ങളായി അഗ്നിപർവതത്തിന്റെ സജീവമായ കൊടുമുടിയും അഗ്നിമുഖവും മിനാമി ഡാക്കേയാണ്. 1914ൽ സാകുറജിമ അഗ്നിപർവതം പൊട്ടിത്തെറിച്ചത് 58 പേരുടെ മരണത്തിനിടയാക്കി. വലിയ തോതിലുള്ള ലാവാപ്രവാഹവും ഭൂചലനങ്ങളും തുടർഭൂചലനങ്ങളും ഇതിന്റെ ഭാഗമായി ഉടലെടുത്തു.1955 മുതൽ കൃത്യമായ ഇടവേളകളിൽ ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നുണ്ട്. 1991ൽ യുഎൻ സംഘങ്ങൾ ഈ അഗ്നിപർവതത്തെപ്പറ്റി പഠനം നടത്തിയിരുന്നു. 2020ലാണ് ഇതിനു മുൻപ് ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത്

 

English Summary: Japan: Sakurajima volcano on Kyushu island erupts; alert level raised to 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com