ADVERTISEMENT

യുഎസിലെ യൂട്ടായിലുള്ള മരുഭൂമിയിൽ 12000 വർഷമെങ്കിലും പഴക്കമുള്ള മായാത്ത മനുഷ്യ കാൽപാടുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. യൂട്ടായിലെ യുഎസ് എയർഫോഴ്‌സ് ടെസ്റ്റിങ് ആൻഡ് ട്രെയിനിങ് റേഞ്ചിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണു കാൽപാടുകൾ കണ്ടെത്തിയത്. യുഎസിലെ കോർണൽ സർവകലാശാല ഗവേഷകനായ തോമസ് അർബനാണു കാൽപാടുകളുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

ഭൂമിയിൽ അവസാനം സംഭവിച്ച ഹിമയുഗത്തിന്റെ (ഐസ് ഏജ്) അവസാനകാലത്തു നിന്നുള്ളവയാണു കാൽപാടുകളെന്ന് ഗവേഷകർ പറയുന്നു. യൂട്ടായിലെ ഒരു പുരാവസ്തു പര്യവേക്ഷണ മേഖലയിലേക്കു കാറിൽ പോകുന്നതിനിടെയാണ് തോമസ് അർബന്‌റെയും കൂട്ടാളിയായ ഡാരോൺ ഡ്യൂക്കിന്‌റെയും മുന്നിൽ കാൽപാടുകൾ മണലിൽ തെളിഞ്ഞു കണ്ടത്.‌

നേരത്തെ യുഎസിലെ വൈറ്റ് സാൻഡ്‌സ് ദേശീയവനത്തിൽ ഇതേപോലുള്ള കാൽപാടുകൾ തോമസ് അർബൻ കണ്ടെത്തുകയും അതിൽ ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ വൻകരയിൽ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും പഴയ കാൽപാടുകളാണ് അവയെന്ന് ആ ഗവേഷണം വെളിവാക്കിയിരുന്നു. അതിന്റെ അനുഭവപരിചയം ഉള്ളതിനാൽ ഇവയും ആദിമകാല കാൽപാടുകളാണെന്ന് തോമസ് അർബനു പെട്ടെന്നു മനസ്സിലായി. പിറ്റേന്ന് സ്ഥലത്തേക്ക് തിരികെയെത്തിയ അർബനും ഡ്യൂക്കും ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷണം നടത്തുകയും കാൽപാടുകളെ പൂർണരൂപത്തിൽ കണ്ടെത്തുകയുമായിരുന്നു. 88 കാലടിപ്പാടുകൾ ഇത്തരത്തിൽ ഇവർ കണ്ടെത്തി അവയുടെ ചിത്രങ്ങളെടുത്തു. മുതിർന്നവരുടെയും കുട്ടികളുടെയും കാൽപ്പാടുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നെന്ന് അവർ പറയുന്നു. 

പ്ലീസ്‌റ്റോസിൻ യുഗ കാലഘട്ടത്തിലെ കാൽപാടുകൾ അക്കാലത്തെ കുടുംബങ്ങളെക്കുറിച്ചുള്ള പഠനത്തിന് സഹായകമാകുമെന്നാണു ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. യൂട്ടായിലെ ഗ്രേറ്റ് സാൾട്ട് ലേക്ക് മരുഭൂമിയിലാണു കാൽപാടുകൾ കണ്ടെത്തിയത്. സഹസ്രാബ്ദങ്ങളായി ഇവിടെ പ്രതികൂല കാലാവസ്ഥയോ വെള്ളപ്പൊക്കമോ ഇല്ലാത്തതിനാൽ കാൽപാടുകൾ സുരക്ഷിതമായി സ്ഥിതി ചെയ്യുകയായിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു.

അർബന്റെ കൂട്ടാളിയായ ഡ്യൂക്ക് കുറേക്കാലമായി യൂട്ടായിൽ പര്യവേക്ഷണ പ്രവർത്തനത്തിൽ ഏർപെടുന്നുണ്ട്. ആദിമ ഹിമയുഗത്തിലെ രണ്ട് മേഖലകൾ ഡ്യൂക്ക് അടുത്ത കാലത്തു കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിൽ നിന്നു മനുഷ്യരുടെ ഏറ്റവും ആദ്യത്തെ പുകയില ഉപയോഗത്തിന്റെ തെളിവുകളും അദ്ദേഹം കണ്ടെടുത്തു. ഈ മേഖലകളിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരമകലെയാണ് പുതുതായി കാൽപാടുകൾ കണ്ടെത്തപ്പെട്ടിരിക്കുന്നത്.

English Summary: Human footprints dating back 12,000 years to Ice Age discovered in Utah desert; photos surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com