പ്രശസ്തവും എന്നാൽ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വാദികളുടെയുമിടയിൽ വിവാദമുയർത്തിയതുമായ ഗയ്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജയിംസ് ലവ്‌ലോക്ക് ബ്രിട്ടനിൽ അന്തരിച്ചു. 103-ാം വയസ്സിലാണ് അന്ത്യം. ബ്രിട്ടനിലെ അറിയപ്പെടുന്ന കാലാവസ്ഥാ നിരീക്ഷകനും സ്വതന്ത്ര ശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. 1960 മുതൽ സ്വന്തമായുള്ള ലബോറട്ടറിയിൽ കാലാവസ്ഥാ, പരിസ്ഥിതി ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ കുറച്ചു വർഷങ്ങൾ മുൻപ് വരെ അദ്ദേഹം ലാബിൽ ഗവേഷണം തുടർന്നു. ഇടക്കാലത്ത് നാസയുടെ കൺസൽറ്റന്റായി ജോലി നോക്കുന്നതിനിടെയാണ് അദ്ദേഹം ഗയ്യ സിദ്ധാന്തം വികസിപ്പിച്ചത്.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ഇടപഴകുന്നെന്നും സ്വയം നിയന്ത്രിക്കാൻ അറിയാവുന്ന ഒരു സംവിധാനമാണ് ഭൂമിയിലെ പരിസ്ഥിതിയെന്നുമായിരുന്നു ഗയ്യ സിദ്ധാന്തം പറഞ്ഞത്. ലിൻ മാർഗുലിസ് എന്ന മൈക്രോബയോളജിസ്റ്റും ഈ സിദ്ധാന്തം വികസിപ്പിക്കുന്നതിൽ ലവ്‌ലോക്കിനൊപ്പം ഉണ്ടായിരുന്നു. 2004ൽ ആണവോർജം ആരോഗ്യകരമായ പരിസ്ഥിതിക്ക് അത്യാവശ്യമാണെന്നു ലവ്‌ലോക്ക് പറഞ്ഞതു വലിയ വിവാദത്തിനു വഴിവച്ചു. ആഗോളതാപനം തടയാൻ ആണവോർജം വഴിയേ സാധിക്കുകയുള്ളെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എൻവയോൺമെന്റലിസ്റ്റ്സ് ഫോർ ന്യൂക്ലിയർ എന്ന ക്യാംപെയ്നിന്റെ വക്താവായിരുന്നു അദ്ദേഹം.
വൈദ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ലവ്‌ലോക്ക് സാംപിളുകൾ അതിശീത നിലയിൽ സൂക്ഷിക്കാനുള്ള ക്രയോപ്രിസർവേഷൻ സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടു. ക്രയോണിക്സ് എന്ന ശാസ്ത്രശാഖയ്ക്ക് ഒട്ടേറെ സംഭാവനകൾ ലവ്‌ലോക്കിന്റെ ഗവേഷണങ്ങൾ നൽകി. ഇലക്ട്രോൺ കാപ്ചർ ഡിറ്റക്ടർ എന്ന സാങ്കേതികവിദ്യയും അദ്ദേഹം വികസിപ്പിച്ചു. അന്തരീക്ഷത്തിൽ ക്ലോറോഫ്ലൂറോകാർബണുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള സാങ്കേതികവിദ്യയാണ് ഇത്.2000ൽ ആൽഗെകളെ ഉപയോഗിച്ച് കാർബൺ ആഗിരണം ചെയ്യാനുള്ള വിദ്യയുടെ സാധ്യതകളും ലവ്‌ലോക് ഉയർത്തി.
English Summary: James Lovelock, who theorized that Earth is a living organism, dies at 103