ADVERTISEMENT

പശ്ചിമ ഇന്ത്യൻ തീരത്തു കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്ന നിഗമനം ശരിവച്ച് കാലാവസ്ഥാ മാറ്റം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്നു കണ്ടെത്തിയത്. മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുകയും ഇതുമൂലം മഴ രൂപീകരണ പ്രക്രിയ വർധിക്കുകയും മഴവെള്ളത്തിന്റെ അളവു കൂടുകയും ചെയ്യുന്നു. 

ഉയരത്തിൽ വളരുന്ന ഉയർന്ന സംവഹന ശേഷിയുള്ള കൂമ്പാര മേഘങ്ങളുടെ ക്രമാനുഗതമായ മാറ്റം കൂടുതൽ കാണുന്നത് കേരളത്തോട് ചേർന്നുള്ള കടൽത്തീരത്താണ്. മേഘ വിസ്ഫോടനത്തിനു കാരണമാകുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്ത് ഉണ്ടാകുന്നതെന്നും പഠനത്തിലുണ്ട്. മഴയുടെ അളവു വർധിക്കുക, അന്തരീക്ഷത്തിന്റെ അസ്ഥിര സ്വഭാവം വർധിക്കുക തുടങ്ങിയവ പുതിയ കാലാവസ്ഥയുടെ സൂചനകളാണ്.

മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പശ്ചിമ തീരത്ത് കൂമ്പാര മേഘങ്ങളുടെ രൂപീകരണം വലിയതോതിൽ കൂടിയിട്ടുണ്ട്. കട്ടിയേറിയ ഈ മേഘങ്ങൾ പലപ്പോഴും കടലിലാണ് പെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവ കരയിൽ വലിയ തോതിൽ നാശം വിതച്ചിട്ടില്ല. ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ കരയിലേക്ക് പ്രവേശിക്കാറുള്ളൂ. മുൻപ് കൊങ്കൺ തീരത്തായിരുന്നു ഇത്തരം മഴ പെയ്തിരുന്നത്. എന്നാൽ ഇപ്പോൾ തെക്കോട്ടു മാറി കേരളത്തിലേക്കു വരുന്നതായാണ് പഠനങ്ങളിൽ തെളിഞ്ഞത്. കേരള തീരത്തോടു ചേർന്നു കിടക്കുന്ന അറബിക്കടൽ മറ്റു സമുദ്ര മേഖലകളെ അപേക്ഷിച്ച് അതിവേഗമാണ് ചൂടുപിടിക്കുന്നത്. ഇതാണ് മേഖലയിൽ ഇത്തരം മേഘങ്ങൾ രൂപപ്പെടാനുള്ള പ്രധാനകാരണം. ‌

പോയ വർഷങ്ങളിലെ മഴയുടെ രീതി നിരീക്ഷിച്ചാൽ കേരളത്തിൽ വർഷത്തിൽ 12 മാസവും മഴ ലഭിച്ചു. ഈ വർഷം കേരളത്തിന് ലഭിച്ചത് റെക്കോർഡ് വേനൽ മഴയാണ്. പ്രാദേശികമായി പെയ്യുന്ന വേനൽ മഴയുടെ രീതി മാറി മൺസൂണിനോടു സാദൃശ്യമുള്ള വ്യാപകമായ മഴയാണ് പല പ്രദേശങ്ങളിലും ലഭിച്ചത്. ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെ എണ്ണവും  കേരളത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ചക്രവാതച്ചുഴികളുടെ എണ്ണവും കൂടിയിട്ടുണ്ട്. പണ്ട് മുതൽ ശീലിച്ചിരുന്ന മഴയുടെ രീതിയിലും വ്യത്യാസം വന്നിട്ടുണ്ട്. മുൻപും ദിവസം 20 സെന്റീമീറ്ററിലധികം മഴ ലഭിക്കാറുണ്ടായിരുന്നു. ഒരു ദിവസം മുഴുവൻ നിന്നു പെയ്താലാണ് അന്ന് അത്രയും മഴ ലഭിച്ചിരുന്നത്. ഇന്ന് അത് മാറി രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് ഇത്രയധികം മഴ ലഭിക്കുന്ന രീതിയിലേക്ക് മഴയുടെ രീതി മാറിയിട്ടുണ്ട്.

English Summary: Kerala faces severe threat from cumulonimbus clouds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com