ADVERTISEMENT

അഗ്നിപർവതത്തിന്റെ ഗർത്തത്തിൽ നിന്നു തിളച്ചുയർന്നു പൊന്തി പുറത്തേക്കൊഴുകുന്ന ലാവ! ഫിൻലൻഡിലെ ഫാഗ്രാഡൽസ്ജാൽ അഗ്നിപർവതത്തിനു മുകളിൽ നിന്നുള്ള ഡ്രോൺ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. അഗ്നിപർവത വിസ്ഫോടനത്തിനു ശേഷമുള്ള ലാവാപ്രവാഹത്തിൽ എന്താണു സംഭവിക്കുകയെന്ന് കാഴ്ചക്കാരനു നേർവിവരം കൊടുക്കുന്ന വിഡിയോയാണ് ഇത്. ഒട്ടേറെ പേർ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.

 

ഐസ്‌ലൻ‍ഡിന്റെ തലസ്ഥാനമായ റയ്ക്ജവീക്കിനു 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് ഫാഗ്രാഡൽസ്ജാൽ. 781 വർഷങ്ങൾ സുഖസുഷുപ്തിയിൽ ഉറങ്ങിക്കിടന്ന അഗ്നിപർവതം കഴിഞ്ഞ വർഷം മാർച്ചിലാണ് വീണ്ടും വിസ്ഫോടനം നടത്തി ലാവ പ്രവഹിപ്പിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി നേടുകയും ഒട്ടേറെ പേർ ചിത്രങ്ങളെടുക്കാനായി അഗ്നിപർവതത്തിനു സമീപം എത്തുകയും ചെയ്തു. അക്കൂട്ടത്തിൽ തന്റെ ഡ്രോണുമായി എത്തിയ ബോൺ സ്റ്റെയ്ൻബെക്ക് എന്ന ഫൊട്ടോഗ്രഫറാണു വിഡിയോ ഷൂട്ട് ചെയ്തത്.

 

കടുത്ത ഓറഞ്ച് നിറത്തിൽ പുറത്തെത്തിയ ലാവ വെള്ളി, ചാര നിറങ്ങളിലേക്കു മാറുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. അഗ്നിയുടെയും ഹിമത്തിന്റെയും നാടെന്നറിയപ്പെടുന്ന ഐസ്‌ലൻഡ് യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങൾ നിലനിൽക്കുന്ന മേഖലയാണ്. മധ്യകാലഘട്ടം മുതൽ ഭൂമിയിലൊഴുകിയ ലാവയിൽ മൂന്നിലൊന്നും ഐസ്‌ലൻഡിലെ അഗ്നിപർവതങ്ങളിൽ നിന്നാണ്. ഭൗമപ്ലേറ്റുകളുടെ അതിർത്തിയായ മിഡ് അറ്റ്ലാന്റിക് റിഡ്ജ് മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഐസ്‌ലൻ‍ഡിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ ഇത്രയ്ക്കും വ്യാപകമായതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

 

ലോകത്ത് സമീപകാലഘട്ടത്തിൽ ഇതുവരെ സംഭവിച്ച ഏറ്റവും വലിയ ലാവാ പ്രവാഹത്തിനും ഐസ്‌ലൻഡ് സാക്ഷ്യം വഹിച്ചു. എഡി 939ൽ നടന്ന എൽഡ്ജ അഗ്നിപർവത വിസ്ഫോടനമായിരുന്നു ഇത്. കട്‌ല അഗ്നിപർവത ശൃംഖലയുടെ ഭാഗമായ എൽഡ്ജ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 780 ചതുരശ്ര കിലോമീറ്ററോളം ലാവ ഒഴുകി. രണ്ടു പ്രധാന ലാവാ പ്രവാഹങ്ങൾ ഇതിന്റെ ഭാഗമായി ഉടലെടുത്തെന്നു ചരിത്രകാരൻമാർ പറയുന്നു. ഐസ്‌ലൻ‍ഡിന്റെ തെക്കൻ ഭാഗത്താണ് എൽഡ്‌ജ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.

 

English Summary: Volcano near Iceland's main airport erupts again after series of earthquakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com