ADVERTISEMENT

ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന, കാഴ്ചയില്‍ ഡോള്‍ഫിനോട് സാദൃശ്യം തോന്നിക്കുന്ന ഈ തിമിംഗലങ്ങളിലൊന്നാണ് വഴി തെറ്റി ഫ്രാന്‍സിലേക്കെത്തിയത്. ഫ്രാന്‍സിലെ സീന്‍ നദിയിലാണ് ഈ തിമിംഗലങ്ങളിലൊന്നിനെ കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ബെലൂഗ തിമിംഗലം ഫ്രാന്‍സിലെ നദിയില്‍ എങ്ങനെയെത്തിപ്പെട്ടു എന്നത് ഗവേഷകരെ കുഴക്കുന്ന ചോദ്യമാണ്. അതേസമയം തന്നെ തിമിംഗലത്തിന് ഇവിടെ നിന്ന് സുരക്ഷിതമായി മടങ്ങി പോകാന്‍ കഴിയുമോയെന്ന കാര്യത്തിലും ഗവേഷകര്‍ക്ക് ആശങ്കയുണ്ട്.

 

ആരോഗ്യം ക്ഷയിക്കുന്നു

ഈ ബെലൂഗ തിമിംഗലത്തിന്‍റെ ആരോഗ്യസ്ഥിതി തന്നെ നിലവില്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബെലൂഗ തിമിംഗലങ്ങളേക്കാളും ശരീരം ക്ഷിണിച്ച്, തൂക്കം കുറഞ്ഞ അവസ്ഥയിലാണ് സീന്‍ നദിയില്‍ കണ്ടെത്തിയ തിമിംഗലമുള്ളത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഈ തിമിംഗലത്തെ ആദ്യമായി ഈ മേഖലയില്‍ കണ്ടത്. ഇംഗ്ലിഷ് ചാനല്‍ കടല്‍ മേഖലയില്‍ നിന്ന് പാരിസ് വരെയുള്ള സീന്‍ നദിയുടെ മേഖലയിലാണ് ഈ തിമിംഗലം ഇപ്പോഴുള്ളത്. കൃത്യമായി പറഞ്ഞാല്‍ പാരിസില്‍ നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ അകലെ.

ഈ തിമിംഗലത്തെ സുരക്ഷിതമായി അതിന്‍റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് ഇതിനിടെ തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിലെ സീ ഷെപര്‍ഡ് എന്ന സംഘടനയും അധികൃതരും ചേര്‍ന്നാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്കും ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയിലോ, അതിന് മുന്‍പോ തിമിംഗലത്തിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി വച്ച് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു. 

ദൂരം പാലിക്കണമെന്ന് അഭ്യര്‍ത്ഥന

ഇപ്പോള്‍ ഈ തിമിംഗലത്തെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഡ്രോണുകളും സെന്‍സറുകളും ഉപയോഗിച്ചാണ് ഈ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തിമിംഗലത്തെ കണ്ടെത്തിയാല്‍ അതിനാവശ്യമായ ഭക്ഷണം നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം തന്നെ നദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നവരോടും മറ്റും തിമിംഗലത്തെ കണ്ടാല്‍ കൃത്യമായ ദൂരം പാലിക്കണമെന്ന അഭ്യര്‍ത്ഥനയും ഗവേഷകര്‍ പുറത്തിറക്കിയിട്ടുണ്ട്. ബോട്ടും മറ്റും സമീപത്തേക്ക് പോകുന്നത് തിമിംഗലത്തെ അപകടപ്പെടുത്തിയേക്കാമെന്നും ഇവര്‍ ഭയക്കുന്നു.

 

തിമിംഗലങ്ങളിലെ തന്നെ നര്‍വാള്‍ എന്നറിയപ്പെടുന്ന തിമിംഗലവിഭാഗത്തിലെ അംഗമാണ് ബെലൂഗ തിമിംഗലങ്ങള്‍. ശരീരം പൂര്‍ണമായി വെളുത്ത നിറത്തിലും ചിലപ്പോഴൊക്കെ കറുപ്പും വെളുപ്പും കലർന്ന നിറത്തിലുമാണ് ഇവയെ കാണാറുള്ളത്. ഈ തിമിംഗലത്തിന്‍റെ വലുപ്പത്തില്‍ നിന്ന് ഇത് പൂര്‍ണ വളര്‍ച്ചയെത്തിയ തിമിംഗലമാണെണെന്നാണ് കണക്കാക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ തിമിംഗലത്തിന് 4.5 മീറ്റര്‍ വരെ നീളമുണ്ടാകും.

 

ശൈത്യമേഖലയ്ക്ക് അനുയോജ്യമായ ശരീരം

സാധാരണയായി വടക്കന്‍ ധ്രുവത്തോട് ചേര്‍ന്ന് അലാസ്ക, വടക്കന്‍ കാനഡ, വടക്കന്‍ ഗ്രീന്‍ലന്‍ഡ്, റഷ്യയുടെ വടക്കന്‍ മേഖല തുടങ്ങിയ പ്രദേശങ്ങളിലാണ് ബെലൂഗ തിമിംഗലങ്ങൾ കാണപ്പെടുന്നത്. അതും വേനല്‍മാസങ്ങളില്‍ മാത്രം. എന്നാല്‍ ഇത്രയധികം ദൂരം യൂറോപ്പിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ബെലൂഗ തിമിംഗലത്തെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. പ്രത്യേകിച്ചും നദിയിലെ സാഹചര്യത്തില്‍ ബെലൂഗ തിമിംഗലത്തിന്‍റെ അതിജീവനം ഏറെ വെല്ലുവിളിയേറിയതാണെന്നും ഗവേഷകര്‍ പറയുന്നു.

 

പൊതുവെ സാമൂഹ്യജീവികളാണ് ബെലൂഗ തിമിംഗലങ്ങള്‍. ഇവ വേട്ടയാടുന്നതും കാലാവസ്ഥ അനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറുന്നതും കൂട്ടത്തോടെയാണ്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടു പോയ തിമിംഗലമാണ് നദിയിലേക്കെത്തിയതെന്നതും ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. തണുത്ത മേഖലകളില്‍, മഞ്ഞുപാളികൾക്ക് അടിയിലൂടെയും മറ്റും നീന്താന്‍കഴിവുള്ളവയാണ് ബെലൂഗകള്‍. തണുത്തുറഞ്ഞ മേഖലകളില്‍ ജീവിക്കാന്‍ പാകത്തിന് പരിണാമം സംഭവിച്ചതാണ് ഇവയുടെ ശരീര ഘടനയും. എന്നാല്‍ ഫ്രാന്‍സിലെ ഇപ്പോഴത്തെ കാലാവസ്ഥയാകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവു ഉയര്‍ന്ന താപനിലയിലാണ്.

 

മെയ് മാസത്തിലെത്തിയ കൊലയാളി തിമിംഗലം

മെയ് മാസത്തിലും സമാനമായ സംഭവം ഫ്രാന്‍സില്‍ ഉണ്ടായിരുന്നു. അന്ന് സീന്‍ നദിയിലേക്കെത്തിയത് ഒരു ഓര്‍ക്ക അഥവാ കൊലയാളി തിമിംഗലമായിയിരുന്നു. അന്നു പക്ഷേ ഈ തിമിംഗലത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ ഓര്‍ക്ക ചത്തു. സമാനമായ സ്ഥിതി ഇക്കുറി ഉണ്ടാകാതിരിക്കാനാണ് വന്യജീവി സംരക്ഷകരും അധികൃതരും ശ്രമം തുടരുന്നത്. 

English Summary: Lost Beluga Whale Spotted In French River, Miles Away From Arctic Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com