ADVERTISEMENT

അമേരിക്കയിലെ നെവാഡയിലുള്ള മീഡ് തടാകമാണ് കഠിനമായ വേനലില്‍ വരണ്ട് തുടങ്ങിയത്. ഒരു തടാകം വരളുമ്പോള്‍ സ്വാഭാവികമായി ആ മേഖലയിലുണ്ടാക്കുന്ന ആശങ്ക ഊഹിക്കാനാകും. എന്നാല്‍ മീഡ് തടാകത്തിന്‍റെ വരള്‍ച്ചയെ തുടര്‍ന്ന് ഇതിന്‍റെ അടിത്തട്ടില്‍ കണ്ട കാഴ്ച സമീപവാസികളെ മാത്രമല്ല അമേരിക്കയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ജലനിരപ്പ് കുറയുന്തോറും പല തവണയായി മനുഷ്യരുടെ ജഢങ്ങളാണ് ഈ തടാകത്തില്‍ നിന്ന് കണ്ടെത്തികൊണ്ടിരിക്കുന്നത്.

 

മൂന്ന് മാസത്തിനിടെ മൂന്ന് മൃതദേഹങ്ങള്‍

ജൂലൈ അവസാന വാരമാണ് ഏറ്റവും ഒടുവില്‍ ഈ തടാകത്തില്‍ നിന്ന് ശവശരീരം ലഭിച്ചത്. ജൂലൈ 25 ന് തടാകത്തിന് സമീപം നടക്കാനിറങ്ങിയ ആളാണ് ഈ തടാകത്തിലെ കുളിക്കടവുകളൊന്നിന് സമീപം വരണ്ട മേഖലയില്‍ മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധികൃതരെത്തി ഈ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ 3 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് തടാകത്തിലെ വെള്ളം പിന്‍വാങ്ങിയ ഭാഗത്ത് നിന്ന് മനുഷ്യ ജഢങ്ങള്‍ ലഭിക്കുന്നത്.

 

നെവാഡയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഏറ്റവും വലിയ തടാകങ്ങളില്‍ ഒന്നാണ് മീഡ് തടാകം. ഈ മേഖലയിലെ രണ്ടര കോടിയോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ തടാകത്തില്‍ നിന്നാണ്. മെയ് ആദ്യവാരമാണ് ഈ തടാകത്തില്‍ നിന്ന് ആദ്യമായി മനുഷ്യശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ ലഭിയ്ക്കുന്നത്. വെള്ളം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് കരയില്‍ ഉറച്ചു പോയ ബോട്ട് മാറ്റുന്നതിനിടെ ഇതിനടിയിലായാണ് 10 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്തിയ മൃതദേഹം കാണപ്പെട്ടത്. രണ്ടാഴ്ച്ക്ക് ശേഷം വെള്ളം പിന്‍വാങ്ങിയ മറ്റൊരു പ്രദേശത്തുനിന്ന് രണ്ടാമത്തെ മനുഷ്യശരീരാവശിഷ്ടവും ലഭിച്ചു.

 

വരാനിരിക്കുന്ന തുടര്‍ക്കഥ

അതേസമയം ഇപ്പോള്‍ തുടര്‍ച്ചയായി ലഭിച്ച ഈ മനുഷ്യാവശിഷ്ടങ്ങള്‍ തുടക്കം മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് പലരും. ഒട്ടേറെ പേരെ കാണാതായതില്‍ കുപ്രസിദ്ധി നേടിയ തടാകമാണ് മീഡ് തടാകം. മീഡ് തടാകത്തില്‍ മാത്രമല്ല ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള തടാകങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ജലനിരപ്പ് കുറച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളത്തിനടിയിലും ചെളിയിലും പൂണ്ട് കിടക്കുന്ന കഴിഞ്ഞ കാലത്തെ പല കാഴ്ചകളും വെളിയില്‍ വരുമെന്നും ഇവര്‍ പറയുന്നു.

 

കലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ആന്ത്രപോളജിസ്റ്റായ എറിക് ബാട്ടര്‍ലിന്‍കാണ് ഈ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ സര്‍വകലാശാലയില്‍ ലഭിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് ആളുടെ രൂപം തയാറാക്കാനുള്‍പ്പെടെ കഴിയുന്ന ഹ്യൂമന്‍ ഐഡന്‍റിഫിക്കേഷന്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി മണ്ണിനിടയില്‍ കിടന്ന ഈ ശരീരാവശിഷ്ടങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയുകയെന്നത് ശ്രമകരമായ പ്രവൃര്‍ത്തിയാണ്. അതേസമയം തന്നെ ഇത്തരം കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കാനുള്ള സാധ്യതയേറെയാണെന്നും എറിക് ബാട്ടര്‍ലിന്‍ക് പറയുന്നു.

 

12 നൂറ്റാണ്ടിനിടെ നേരിട്ട ഏറ്റവും രൂക്ഷമായ വരള്‍ച്ച

2000 ആണ്ട് മുതലുള്ള കണക്കെടുത്ത് പരിശോധിച്ചാല്‍ മീഡ് തടാകത്തിലെ ജലനിരപ്പില്‍ വലിയ കുറവുള്ളതായി കാണാമെന്ന് ഗവേഷകര്‍ പറയുന്നു. നാസയില്‍ നിന്നുള്ള സാറ്റ്‌ലെറ്റ് ദൃശ്യങ്ങളുടെ കൂടി സഹായത്തോടെയാണ് ഈ തടാകത്തിലെ ജലവിസ്തൃതി ഗവേഷകര്‍ പരിശോധിച്ചത്. 1930 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലാണ് മീഡ് തടാകത്തിലെ ജലവിസ്തൃതി ഇപ്പോഴുള്ളതെന്ന് ഈ ചിത്രങ്ങളിലൂടെ വ്യക്തമാണ്. 2000 ത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് പ്രദേശത്ത് മാത്രമെ ഇപ്പോള്‍ തടാകത്തില്‍ ജലവിതാനം കാണാനാകൂ.

 

യുഎസ്സിലെ തന്നെ ഏറ്റവും വലിയ ജലസംഭരണിയാണ് മീഡ് തടാകം. യുഎസ്സിലെ ജനങ്ങള്‍ക്ക് പുറമെ മെക്സിക്കോയിലെ ചില ഭാഗങ്ങളിലേക്കും കുടിവെള്ളമെത്തുന്നത് ഈ തടാകത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ മീഡ് തടാകത്തിലെ ജലത്തിന്‍റെ അളവ് പ്രതിസന്ധിയിലാക്കുന്നത് വലിയൊരു മേഖലയിലെ മനുഷ്യരുള്‍പ്പെടുന്ന ജീവിജാലങ്ങളെയും സസ്യങ്ങളെയുമാണ്. പശ്ചിമ അമേരിക്ക കഴിഞ്ഞ 12 നൂറ്റാണ്ടിനിടെ നേരിടുന്ന ഏറ്റവും വലിയ വരള്‍ച്ചയുടെ നേര്‍സാക്ഷ്യമാണ് മീഡ് തടാകത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതിയെന്നും ഗവേഷകര്‍ പറയുന്നു.

 

English Summary: Human Bodies Keep Turning Up in Lake Mead, as Severe Drought Dries Reservoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com