ADVERTISEMENT

അതിസങ്കീർണവും വ്യത്യസ്തവുമായ ഘടനകളിൽ കാർബൺ ക്രിസ്റ്റലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ഒരു പതിറ്റാണ്ടു മുൻപ് റഷ്യയിൽ പൊട്ടിത്തെറിച്ച് കനത്ത ആശങ്കയുണ്ടാക്കിയ ഉൽക്കയുടെ തരികളിൽ നിന്നാണ് ഭൂമിയിൽ ഇതുവരെയില്ലാത്തതും സൃഷ്ടിക്കാൻ കഴിയാത്തതുമായ രാസപദാർഥങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂപ്പർബൊളൈഡ് എന്ന ഗണത്തിൽ പെടുന്ന ഉൽക്ക 2013 ഫെബ്രുവരി 15നാണു റഷ്യയുടെ തെക്കൻ ഉറാൽസ് മേഖലയിൽ പൊട്ടിത്തെറിച്ചു പതിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു പൊട്ടിത്തെറിച്ച ഏറ്റവും വലിയ ഉൽക്കയായിരുന്നു അത്. 20 മീറ്റർ വിസ്തീർണവും 12000 ടണ്ണോളം ഭാരവും ഇതിനുണ്ടായിരുന്നു. ഇതിനു മുൻപ് സംഭവിച്ച ഏറ്റവും വലിയ ഉൽക്ക പൊട്ടിത്തെറിയും റഷ്യയിലാണ്. 1908ൽ ടുംഗുസ്ക എന്ന സ്ഥലത്തായിരുന്നു ഇത്. അക്കാലത്ത് സൈബീരിയയിലെ ഒരു കാടിന്റെ വലിയൊരു ഭാഗം തന്നെ നശിച്ചു.

 

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് 1440 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ചെല്യാബിൻസ്ക് നഗരത്തിന് 23 കിലോമീറ്റർ ഉയരത്തിലാണ് സൂപ്പർബൊളൈഡ്  ഉൽക്ക പൊട്ടിത്തെറിച്ചത്. റഷ്യ വിറച്ച സന്ദർഭമായിരുന്നു ഇത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. മൂവായിരത്തോളം കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. ഉൽക്ക, ഛിന്നഗ്രഹങ്ങൾ, ബഹിരാകാശ പാറകൾ തുടങ്ങിയവയിൽ നിന്നുള്ള ഭീഷണി ഗൗരവമായി പരിഗണിക്കണമെന്ന് ഇതെത്തുടർന്ന് പലശാസ്ത്രജ്ഞൻമാരും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഈ സംഭവം അപൂർവങ്ങളിൽ അപൂർവങ്ങളായ ഒട്ടേറെ രാസപദാർഥങ്ങളെയും ഭൂമിയിൽ എത്തിച്ചു. ഉൽക്ക എത്തി അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ചതിനു ശേഷം ഭൗമനിരപ്പിൽ നിന്ന് 27 കിലോമീറ്റർ ഉയരത്തിലായി ഒരു വാതകപടലമുണ്ടായി. ഇതു പിന്നീട് ഭൂമിയിൽ അടിഞ്ഞു. 

 

ഈ ഉൽക്കയുടെ പൊട്ടിത്തെറിയിൽ നിന്നുള്ള പ്രകാശം 100 കിലോമീറ്റർ അകലെയുള്ളവർക്കുവരെ കാണാൻ സാധിച്ചിരുന്നു.ഹിരോഷിമയിൽ അമേരിക്ക ഇട്ട ആണവബോംബ് പൊട്ടിയുണ്ടായ ഊർജത്തിന്റെ 26 മുതൽ 33 മടങ്ങു വരെ ഊർജവും ഈ പൊട്ടിത്തെറി മൂലം സംഭവിച്ചിരുന്നു .ഇതിൽ നിന്നുള്ള ക്രിസ്റ്റലുകളാണ് ഇപ്പോൾ പരിശോധിക്കപ്പെട്ടത്. ഗോളാകൃതിയിലുള്ളതും ഹെക്സഗണൽ ആകൃതിയിലുള്ളതും തുടങ്ങി പല രൂപങ്ങളിലുള്ള വസ്തുക്കൾ ഇതിൽ നിന്നു കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

English Summary: Exotic ‘never-seen-before’ crystals found in 21st century’s biggest meteoroid to fall on Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com