ADVERTISEMENT

കാസർകോട് ജില്ലയിൽ കൊറ്റില്ലങ്ങളുടെ എണ്ണം ഓരോ വർഷം കുറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 30% കുറവാണ് കണ്ടെത്തിയത്. തണ്ണീർത്തടങ്ങളിലും നീർത്തടങ്ങളിലും വ്യാപകമായി കണ്ടുവരുന്ന കൊക്കുകളും നീർപക്ഷികളും ‍പ്രജനനത്തിനായി കൂട്ടമായി മരങ്ങളിൽ കൂടൊരുക്കുന്നതിനെയാണ് ‘കൊറ്റില്ലങ്ങൾ’ എന്നു പറയുന്നത്. പരിസ്ഥിതിയുടെ ശുഭ സൂചകകങ്ങളായ ഇവയുടെ എണ്ണത്തിലെ കുറവ് ആശങ്ക ഉയർത്തുന്നതാണെന്ന് വന്യജീവി ഗവേഷകൻ ഡോ.‍ റോഷ്നാഥ് രമേശ് പറഞ്ഞു. റോഡരികിലെ മഴ മരങ്ങളിലും തണൽ മരങ്ങളിലുമാണ് ഇവ കൂട്ടമായി കൂടൊരുക്കുന്നത്. 

 

ചെറിയ നീർകാക്ക, കിന്നരി നീർകാക്ക, കുളക്കൊക്ക്, പാതിര കൊക്ക് എന്നിവയാണ് ജില്ലയിൽ കണ്ടു വരുന്ന പ്രജനനം നടത്തുന്ന നീർ പക്ഷികൾ. ഇതിൽ കുള കൊക്കുകളുടെ കൂടുകളുടെ എണ്ണത്തിൽ 51% കുറവാണ് കണ്ടെത്തിയത്. ചെറിയ നീർകാക്കകളുടെ 33 % കുറവും കണ്ടെത്തി. പാതിര കൊക്കുകളുടെ കൂടുകളിൽ 30 % ഇത്തവണ കുറവ് രേഖപ്പെടുത്തി. ആകെ 433 കൂടുകളാണ് ഇത്തവണ കണ്ടെത്തിയത്. സാമൂഹിക വനവൽക്കരണ വിഭാഗം, കാസർകോട് വനംവകുപ്പ്, മലബാർ അവെയർനസ് ആൻഡ് റസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് എന്നിവയുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. വന്യജീവി ഗവേഷകൻ റോഷ്നാഥ് രമേശാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്. 

 

ദേശീയ പാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയത് നീർപക്ഷികളുടെ കൂടുകളുടെ എണ്ണത്തിൽ വ്യാപകമായി കുറവുണ്ടാക്കി. പക്ഷികളുടെ 13 പ്രജനന സ്ഥലങ്ങളാണ് ഇത്തവണ പൂർണമായി ഇല്ലാതായത്. 3 എണ്ണം ഭാഗികമായും ഇല്ലാതായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പക്ഷികൾ കൂടൊരുക്കുന്ന 35 മരങ്ങളാണ് ഇത്തവണ ഇല്ലാതായത്. ഇതിൽ കൂടുതലും മഴ മരങ്ങളാണ്. മുൻപേ നടന്ന പഠനങ്ങൾ കാണിക്കുന്നത് വലിയ വിസ്താരമേറിയ ഈ മരങ്ങളിൽ മാത്രമാണ് ജില്ലയിൽ പക്ഷികൾ കൂടുതലായി കൂടൊരുക്കുന്നത്. കഴിഞ്ഞ 8 വർഷങ്ങളായി ഓരോ വർഷവും കൊറ്റില്ലങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. പ്രജനനത്തിനായി പക്ഷികൾ കൂടൊരുക്കുന്ന മരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനാൽ ഈ പക്ഷികൾ മറ്റേതെങ്കിലും ഇടങ്ങളിൽ കൂടൊരുക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി അടുത്ത വർഷം വിപുലമായ സർവേ നടത്തും. എന്നാൽ മാത്രമേ ഇവയുടെ കുറവ് വലിയ തോതിൽ ഉണ്ടോയെന്ന് മനസ്സിലാക്കാൻ കഴിയൂ. 

 

റോഷ്നാഥ് രമേശ് വന്യജീവി ഗവേഷകൻ.

 

English Summary: Heronry survey in Kasargod shows their declining population

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com