ADVERTISEMENT

തുർക്കിയിലെ കോന്യ ബേസിൻ മേഖലയിൽ പൊടുന്നനെ കുഴികൾ ഉടലെടുക്കുന്നത് ആളുകളെ ഭയചകിതരാക്കുന്നു. ഇതുമൂലം ഇവിടെ ആളുകൾ രാത്രിയിൽ നടക്കാൻ പോലും ഭയക്കുകയാണ്. എപ്പോൾ വേണമെങ്കിലും കുഴികൾ പൊടുന്നനെ പ്രത്യക്ഷപ്പെടാം. ഇവിടെയുള്ള  കൃഷിക്കാരനായ മുസ്തഫ അകാറിന്റെ കൃഷിയിട ഷെഡിനോട് ചേർന്നുള്ള മുറ്റത്ത് കസേരയിട്ടിരിക്കുന്നത് മുസ്തഫയുടെ ശീലമാണ്. എന്നാൽ ഒരു ദിവസം ഉച്ചയ്ക്ക് അങ്ങോട്ടേക്കു നോക്കിയ മുസ്തഫയ്ക്ക് സ്വയം വിശ്വസിക്കാനായില്ല. താൻ സ്ഥിരം ഇരിക്കുന്ന സ്ഥലത്ത് അതാ ഏഴുമീറ്ററോളം വ്യാസവും നല്ല ആഴവുമുള്ള ഒരു പടുകുഴി. 

 

മെഷീൻ വച്ചു കുഴിച്ച ഒരു കുഴിപോലെയുണ്ട് ഇതെന്നാണ് മുസ്തഫയുടെ അഭിപ്രായം. രാത്രിയിൽ ഇത്തരം കുഴിയിൽ പെട്ടാൽ രക്ഷിക്കാൻ പോലും ആരെയും കിട്ടിയെന്നു വരില്ല. അതിനാൽ താനുൾപ്പെടെ പ്രദേശവാസികൾ രാത്രിയിൽ മേഖലയിലൂടെയുള്ള യാത്രകൾ ഒഴിവാക്കുകയാണെന്ന് മുസ്തഫ പറയുന്നു. തുർക്കിയുടെ കാർഷികമേഖലയുടെ ഹൃദയം എന്നറിയപ്പെടുന്ന പ്രദേശമാണ് കോന്യ. ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഫാമുകളുമെല്ലാമുള്ള ഇവിടെ 2500 കുഴികൾ സമീപകാലത്തായി ഉടലെടുത്തിട്ടുണ്ടെന്നാണു കണക്ക്. ഇവയിൽ 700 എണ്ണം വലിയ ആഴമുള്ളവയാണ്. ചിലതിന്റെ അടിയിൽ സൂര്യപ്രകാശം പോലുമെത്താത്ത സ്ഥിതിയാണ്.

കോന്യ ടെക്‌നിക്കൽ സർവകലാശാലയുടെ ഗവേഷണ പ്രകാരം ഇവയിൽ അധികവും കരാപ്‌നർ എന്ന പട്ടണത്തിനു സമീപത്തായാണു സ്ഥിതി ചെയ്യുന്നത്. സിങ്ക്‌ഹോളുകൾ എന്ന വിഭാഗത്തിലുള്ള കുഴികളാണ് ഇവയെന്ന് കോന്യ ടെക്‌നിക്കൽ സർവകലാശാലയിലെ ഗവേഷകനായ ഫെറ്റുല്ല അരിഖ് പറയുന്നു.

 

ഗർത്തങ്ങൾ ഇടതടവില്ലാതെ പ്രത്യക്ഷപ്പെടുന്നതു കാരണം മേഖലയിൽ വലിയ കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. രാത്രി കാലങ്ങളിൽ പ്രദേശവാസികൾക്ക് ഉറങ്ങാൻ പോലും ഭയമാണ്. എപ്പോളാണ് ഒരു വലിയ കുഴി രൂപപ്പെട്ട് തങ്ങളുടെ വീടടക്കം അപ്രത്യക്ഷമാകുന്നതെന്ന ഭീതിയിലാണ് ഇവർ. മേഖലയിലെ ചെറുപ്പക്കാരിൽ പലരും ഈയൊരൊറ്റ കാരണത്താൽ ജന്മനാടിനെ ഉപേക്ഷിച്ച് നഗരങ്ങളിലേക്കും മറ്റും മറ്റു ജോലികൾ തേടി കുടിയേറുന്ന പ്രവണതയും ശക്തമാണ്. കാർഷിക ആവശ്യത്തിനായി അമിതമായി ജലമെടുത്തതാണ് ഈവിചിത്ര പ്രതിഭാസത്തിനു കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മഴവെള്ളം ഇവിടെ കുറഞ്ഞതോടെ ഭൂഗർഭജലം കൂടുതൽ ഉപയോഗിക്കേണ്ടി വന്നു. ഒരു ലക്ഷത്തിലധികം കുഴൽക്കിണറുകൾ ഇവിടെയുണ്ട്. 

 

English Summary: Turkish residents fear sinkholes could soon impact residential areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com