ADVERTISEMENT

ആനപ്രേമികളും പ്രകൃതിസ്നേഹികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിൽ ആണെങ്കിലും ഇരുകൂട്ടർക്കും ഒരുപോലെ വേദനയുണ്ടാക്കുന്ന ചില കണക്കുകളാണ് ഇനി പറയാൻ പോകുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ കേരളത്തിൽ ചരിഞ്ഞത് 73 നാട്ടാനകളാണ്. കഴിഞ്ഞ ഒറ്റവർഷത്തിനിടെ മാത്രം 29 നാട്ടാനകൾക്കു ജീവൻ നഷ്ടമായി. അസം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമാണു കേരളം. 2018ല്‍ വനംവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്തുണ്ടായിരുന്നത് 521 നാട്ടാനകളാണ്. 2022 ആകുമ്പോഴേക്കും ഇവയുടെ എണ്ണം 448 ആയി കുറഞ്ഞിരിക്കുന്നു. നാട്ടാനകളെ നെഞ്ചിലേറ്റി സ്നേഹിക്കുന്നവരാണു നാട്ടിലേറെയെങ്കിലും നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരാൻ എന്താണു കാരണം? ആന ഗവേഷകനും പഠിതാവുമായ മാർഷൽ സി. രാധാകൃഷ്ണൻ പറയുന്നതു കേൾക്കുക: ‘കേരളത്തിൽ നിലവിലുള്ള നാട്ടാനകളിൽ ഭൂരിപക്ഷവും 40 വയസ്സിനു മുകളിൽ പ്രായമുള്ളവയാണ്. 60 മുതൽ 70 വയസ്സു വരെയാണ് ആനകളുടെ ശരാശരി ആയുർദൈർഘ്യം. 50 വയസ്സു കടക്കുമ്പോഴേക്കും ആനകളിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നു. പ്രായാധിക്യം, അനാരോഗ്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് നാട്ടാനകളുടെ ജീവനെടുക്കുന്ന വില്ലന്മാർ.’ ശാസ്ത്രീയ ഗജപരിപാലനം, മികച്ച ചികിത്സാ സൗകര്യം, ഫലപ്രദമായ ഗവേഷണം എന്നിവയിലേക്കു വിരൽചൂണ്ടുന്ന വിവരങ്ങളാണിവ.  

 

∙ 15 വർഷം, 1500 ആന

മനുഷ്യനും ആനയും തമ്മിലുള്ള പോര് വനാതിർത്തികളിലെ ജനവാസമേഖലകളിൽ എന്നും ചർച്ചാവിഷയമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ കാട്ടാനയാക്രമണത്തിൽ 57 മനുഷ്യ ജീവനുകൾ കേരളത്തിൽ പൊലിഞ്ഞിട്ടുണ്ടെന്നതു പ്രശ്നത്തിന്റെ ഗുരുതര സ്ഥിതി വ്യക്തമാക്കുന്നു. വിളകളും വീടുകളും നശിച്ചതിനു കൃത്യമായ കണക്കു പോലുമില്ല. എന്നാൽ, ഇതോടൊപ്പം തന്നെ ഗൗരവത്തോടെ കാണേണ്ട മറ്റൊരു കണക്കു കൂടിയുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ അസ്വാഭാവികമായി ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 1500നു മേലെയാണ്. വൈദ്യുതാഘാതമേറ്റും ട്രെയിൻ തട്ടിയും നായാടപ്പെട്ടും സ്ഫോടകവസ്തുക്കൾ ഉള്ളിലെത്തിയും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ചുമൊക്കെ മരണത്തിനു കീഴടങ്ങിയ സംഭവങ്ങളാണ് ഇവ. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ആണെങ്കിലും ആനകളുടെ സംരക്ഷണത്തിനു കൂടുതൽ ശാസ്ത്രീയമായ പദ്ധതികൾ രൂപപ്പെടേണ്ടതുണ്ടെന്നു ഗവേഷകർ പറയുന്നു. 

 

∙ ആനത്താരകൾ മുറിയരുത്

captive-elephant-deaths-on-the-rise1
നാട്ടാനച്ചന്തം (പ്രതീകാത്മക ചിത്രം).

40,000ഓളം ഏഷ്യൻ ആനകളിൽ 50 ശതമാനവും ഇന്ത്യയിലാണെന്നാണു കണക്ക്. നാട്ടാനകളും കാട്ടാനകളും ഉൾപ്പെടെയാണിത്. ഇതിൽ 6000ലേറെ കാട്ടാനകൾ കേരളത്തിലാണ്. നാട്ടാനകൾ 448ഉം. കേരളത്തിലെ കാട്ടാനകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ഗവേഷകർ കാണുന്നത് ആനത്താരകൾ ഇല്ലാതാകുന്ന അവസ്ഥയാണ്. ഒരു കാട്ടിൽ നിന്നു മറ്റൊരു കാട്ടിലേക്കോ വനത്തിനുള്ളിലെ വിവിധ മേഖലകളിലേക്കോ ആനകൾ പതിവായി സഞ്ചരിക്കുന്ന പാതകളാണ് ആനത്താരകൾ (Elephant Corridors). തലമുറകളായി ആനകൾ സഞ്ചരിക്കുന്ന ഈ പാത എവിടെയെങ്കിലും മുറിയുകയോ തടസ്സമുണ്ടാകുകയോ ചെയ്താൽ ആനകൾ അതിനെ മറികടക്കാൻ ശ്രമിക്കും. ഇന്ത്യയിലെ 110 ആനത്താരകളിൽ 28 എണ്ണം തെക്കേ ഇന്ത്യയിലാണ്. വനംകയ്യേറ്റം, റോഡുകൾ, റെയിൽവേ ലൈൻ, ഖനന മേഖലകൾ, കൃഷി, പാർപ്പിട മേഖല, വൈദ്യുതി ലൈൻ തുടങ്ങിയവ ആനത്താരകൾ മുറിക്കപ്പെടാൻ ഇടയാക്കുന്നു. 

 

∙ നാട്ടാന പ്രജനന പദ്ധതി വേണ്ടേ?

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആന പരിപാലന കേന്ദ്രങ്ങളിൽ പ്രസവങ്ങൾ നടക്കാറുണ്ട്. പക്ഷേ, കേരളത്തിൽ ഇങ്ങനെയൊരു രീതിയില്ല. നിയമ തടസ്സങ്ങൾ തന്നെ കാരണം. ഇതു നീക്കി ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രം രൂപീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. തായ്‌ലൻഡിൽ ആനപരിപാലന കേന്ദ്രങ്ങളിൽ ഇതുവരെ പിറന്നത് 80 ആനക്കുട്ടികളാണെന്നതു തന്നെ ഉത്തമ മാതൃക. കേരളത്തിൽ ഇപ്പോഴുള്ള നാട്ടാനകളിൽ നല്ലൊരുപങ്കും 40 വയസ്സ് പിന്നിട്ടവയാണെന്നതിനാൽ ഇവയുടെ വംശം നിലനിൽക്കാൻ ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം വേണ്ടിവരും. ശ്രീലങ്കയിലെ പിന്നാവാല ആന സംരക്ഷണകേന്ദ്രത്തിൽ ഒരുവർഷം മുൻപ് ഇരട്ട ആനക്കുട്ടികൾ പിറന്നതു ലോകം മുഴുവൻ വലിയ വാർത്തയായിരുന്നു. 25 വയസ്സുള്ള സുരാംഗി എന്ന പിടിയാനയാണ് ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. ലോകത്തേറ്റവുമധികം ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രം കൂടിയാണു പിന്നാവാല. ശ്രീലങ്കയിലെ ആനകളുടെ എണ്ണം ആശങ്കാജനകമായി കുറയാൻ തുടങ്ങിയ സമയത്താണു പിന്നാവാല കേന്ദ്രം തുടങ്ങിയത്. ഇതു തന്നെ മികച്ച മാതൃകയ‍ായി സ്വീകരിക്കാവുന്നതാണെന്ന് ആന ചികിത്സകനായ ഡോ. ജേക്കബ് ചീരൻ പറയുന്നു. മുതുമല ആന ക്യാംപിൽ അജ, സുജ എന്നീ ഇരട്ട ആനക്കുട്ടികൾ പിറന്ന ചരിത്രവും ഡോ. ജേക്കബ് ചീരൻ ഓർമിക്കുന്നു. 

 

∙ ഒത്തുപിടിച്ചാൽ നടക്കും

ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാരിനു മാത്രമല്ല ഉത്തരവാദിത്തം. വനംവകുപ്പ്, ആന ഉടമകൾ, പാപ്പാന്മാർ, ഉൽസവ സംഘാടകർ, ജന്തുക്ഷേമ ഉദ്യോഗസ്ഥർ, ആനചികിത്സകർ, ഗവേഷകർ, ആനപ്രേമികൾ, പൊതുസമൂഹം എന്നിവർക്കൊക്കെ ഇതിൽ പങ്കുണ്ട്. ആനത്താരകളുടെ സംരക്ഷണം, പുനരുദ്ധാരണം തുടങ്ങിയവയിലും ഈ കൂട്ടുത്തരവാദിത്തത്തിനു വലിയ പ്രാധാന്യമുണ്ട്. പീച്ചിയിൽ ആനക്കൊമ്പുമായി വേട്ടക്കാർ പിടിയിലായത് അടുത്തിടെയാണ്. ആനവേട്ട പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണു വനംവകുപ്പും. 

 

English Summary: Captive elephant deaths on the rise in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com