ADVERTISEMENT

നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിൽ കയറി വിശ്രമിക്കുന്നതിലൂടെ ലോകശ്രദ്ധ നേടിയ ഫ്രേയയെന്ന വാൽറസിന് നോർവീജിയൻ അധികൃതർ ദയാവധം നൽകി. 600 കിലോ ശരീരഭാരമുള്ള ചെറുപ്പക്കാരിയായ പെൺ വാൽറസാണു ഫ്രേയ. മനുഷ്യരുടെ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് ഫ്രേയയെ കൊല്ലാൻ അധികാരികൾ നിർബന്ധിതരായത്. ഈ വർഷം ജൂലൈ 17നാണു ഫ്രേയയെ ആദ്യമായി കണ്ടെത്തിയത്. നോർവേയിലെ ഓസ്ലോഫോർഡിൽ വച്ചായിരുന്നു ഇത്. തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിലും മറ്റും കയറി മണിക്കൂറുകളോളം വിശ്രമിക്കാനും ഉറങ്ങാനുമൊന്നും ഫ്രേയ യാതൊരു മടിയും കാട്ടിയിരുന്നില്ല. ചിലപ്പോഴൊക്കെ തുറമുഖത്തെ ജെട്ടികളിലും ഇതു കയറിക്കിടന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു താറാവിനെയും അരയന്നത്തെയും ഫ്രേയ ഓടിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോകളും ഇതിനിടെ വൈറലായി.

 

ഇതോടെ ജനങ്ങൾ ഫ്രേയയെ കാണാനായി കൂട്ടമായി ഓസ്ലോഫോർഡിലെത്താൻ തുടങ്ങി. ഇങ്ങനെ വന്ന ആളുകളാണ് നോഴ്‌സ് ഇതിഹാസപ്രകാരം സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ദേവതയായ ഫ്രേയയുടെ പേര് വാൽറസിനു നൽകിയത്. കാണാൻ വരുന്ന ആളുകൾ ഫ്രേയയ്ക്കു സമീപം നീന്തുന്നതും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും കുട്ടികളെ കൊണ്ടുചെല്ലുന്നതുമെല്ലാം അധികാരികൾക്കു തലവേദനയുണ്ടാക്കിയിരുന്നു. സമൂഹജീവികളാണ് വാൽറസുകൾ, അതിനാൽ തന്നെ ആളുകൾ തന്റെയടുത്ത് വരുന്നതൊന്നും ഫ്രേയയ്ക്കും പ്രശ്‌നമായിരുന്നില്ല. വാൽറസുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽപെടുന്ന സ്ഥലമല്ല ഓസ്ലോഫോർഡ്. എങ്കിലും ഫ്രേയ പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇവിടത്തെ കടൽവെള്ളത്തിൽ കൊഞ്ചുകളും ഞണ്ടുകളും കക്കകളുമൊക്കെ സമൃദ്ധമാണ്, ഇവയൊക്കെ വാൽറസുകളുടെ ഇഷ്ടഭക്ഷണവുമാണ്. അതിനാൽ ഫ്രേയ അവിടെത്തന്നെ തമ്പടിച്ചു. 

 

ഫ്രേയയ്ക്കു സമീപം പോകരുതെന്നും പോയാൽ അവളെ ദയാവധത്തിനു വിധേയമാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അധികാരികൾ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ആളുകൾ ഇതു പാലിക്കാൻ കൂട്ടാക്കാതെയിരുന്നതോടെയാണ് ദയാവധം നടത്താൻ അധികാരികൾ തീരുമാനിച്ചത്. തന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ വിട്ട് നാടോടിയായി നടക്കുകയായിരുന്നു ഫ്രേയ. ഓസ്ലോയിൽ എത്തുന്നതിനു മുൻപ് ക്രാഗെറോ എന്ന തെക്കൻ നോർവീജിയൻ കടലോര ഗ്രാമത്തിലായിരുന്നു അവളുടെ താമസം. അതിനു മുൻപ് ബ്രിട്ടൻ, നെതർലാൻഡ്‌സ്, ഡെൻമാർക്, സ്വീഡൻ എന്നീ രാജ്യങ്ങിലും അവൾ പോയിരുന്നു. രണ്ടുവർഷമായി തന്റെ ആവാസവ്യവസ്ഥയിൽ നിന്നു ഫ്രേയ മാറി നടക്കുകയാണെന്നും ഇത് അസ്വാഭാവികമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. 

 

ലോകത്ത് രണ്ടേകാൽലക്ഷത്തോളം വാൽറസുകളുണ്ട്. ഉത്തരധ്രുവ മേഖലയിൽ കാനഡ, ഗ്രീൻലൻഡ്, റഷ്യ, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ ഹിമമേഖലകളാണ് ഇവയുടെ ആസ്ഥാനം. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇവയിൽ ചില ജീവികൾ വേറെ സ്ഥലങ്ങളിലേക്കു പോകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ ചിലതിനു വഴി തെറ്റി തിരിച്ചുപോകാനാകാത്ത നിലവരും. ഫ്രേയയ്ക്കും ഇതാണു സംഭവിച്ചതെന്ന് കരുതപ്പെടുന്നു. സാധാരണ ഗതിയിൽ വാൽറസുകൾ അക്രമണകാരികളല്ല. ഫ്രേയയെ വധിച്ചത് നോർവേയിൽ വലിയ പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ജോനാസ് ഗാർസ്‌റ്റോർ തന്നെ ഇതിനു വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ മൃഗ സംരക്ഷണ സംഘടനകളും സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ഉയർത്തുന്നുണ്ട്. 

 

English Summary: Why has Norway killed Freya, a walrus that had won people’s hearts?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com