സ്രാവിന്റെ ശരീരഘടന,തിമിംഗലത്തിന്റെ ഭക്ഷണരീതി; വേറിട്ട രീതിയുമായി തിമിംഗല സ്രാവുകൾ

 The World's Biggest Shark Isn't Actually a Carnivore, Scientists Discover
Image Credit:Onusa Putapitak /Shutterstock
SHARE

സ്രാവുകൾ പൊതുവെ കടലിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവികളെന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുള്‍പ്പടെ മുന്നില്‍ കിട്ടുന്ന ഏതൊരു ജീവിയേയും കടിച്ചു കുടയുന്ന ജീവികളായാണ് ഹോളിവുഡ് സിനിമകളിലും മറ്റും ഇവയെ അവതരിപ്പിച്ചിട്ടുള്ളത്. പൊതുവെ ശാസ്ത്രലോകവും സ്രാവുകളെ കരുതിയിരുന്നത് വിശന്നിരിക്കുമ്പോഴോ ഭയപ്പെടുമ്പോഴോ വലിയ തോതില്‍ ആക്രമണകാരികളായ ജീവികളെന്നാണ്. ഏതായാലും ലോകത്തിലെ ഏറ്റവും വലിയ സ്രാവ് വര്‍ഗം പൊതുവെ ശാന്തശീലരും ഒപ്പം തന്നെ മറ്റ് കടല്‍ജീവികളെ വേട്ടയാടി കൊന്ന് തിന്നാത്തവയുമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

വെയ്ൽ ഷാര്‍ക്ക് അഥവാ തിമിംഗല സ്രാവുകള്‍ എന്ന ജീവികളാണ് ഇത്തരത്തില്‍ കാര്‍ണിവോറസ് അല്ലാത്ത സ്രാവുകള്‍. കാര്‍ണിവോറസ് എന്നാൽ മാംസഭുക്ക് എന്നാണ് മലയാള പരിഭാഷ, അതേസമയം തിമിംഗല സ്രാവുകള്‍ കാര്‍ണിവോറസ് അല്ലെന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിനർഥം അവ മാംസഭുക്കുകളല്ല എന്നതല്ല. മറിച്ച് അവ മറ്റ് കടല്‍ ജീവികളെ വേട്ടയാടി കൊന്നുതിന്നുന്നില്ല എന്നാണ്. കടലിലെ വളരെ ചെറിയ ജീവികളായ ക്രില്ലുകളാണ് ഇവയുടെ പ്രധാന ആഹാരം. വായ്ക്കുള്ളിലെ അരിപ്പ പോലുള്ള അവയവം ഉപയോഗിച്ച് ക്രില്ലുകളെ അരിച്ചെടുത്ത് ഭക്ഷണമാക്കുകയാണ് തിമിംഗല സ്രാവുകള്‍ ചെയ്യുന്നത്. കൂടാതെ ഇവ ഭക്ഷണമാക്കുന്നത് ക്രില്ലുകളിലെ മാംസം മാത്രമല്ല മറിച്ച് ഇതൊടൊപ്പം കുറച്ച് സസ്യങ്ങളും ആല്‍ഗകളും കൂടിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇവയെ മാംസഭുക്കുകളില്‍ നിന്ന് മാറ്റി മിശ്രഭുക്കുകളായി കണക്കാക്കാന്‍ തുടങ്ങിയതും 

ഊര്‍ജം ലഭിക്കുന്നത് സസ്യങ്ങളില്‍ നിന്ന്

നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പടെ പല തിമിംഗലങ്ങളുടെ ഭക്ഷണ രീതിയും ഏതാണ്ട് സമാനമാണ്. ഇതേ രീതി തന്നെയാണ് സ്രാവ് വര്‍ഗമാണെങ്കില്‍ കൂടി തിമിംഗല സ്രാവുകളും പിന്തുടരുന്നത്. ക്രില്ലുകള്‍ക്കൊപ്പം തന്നെ ആല്‍ഗകളും കടലിന് മുകളില്‍ ഒഴുകി നടക്കുന്ന തീരെ ചെറിയ സസ്യവര്‍ഗങ്ങളും ഇവ അരിച്ചെടുത്ത് ഭക്ഷണമാക്കാറുണ്ട്. മുന്‍പ് കരുതിയിരുന്നത് ക്രില്ലുകള്‍ക്കൊപ്പം ഇവ ഒരു അലങ്കാരമെന്ന പോലെ ഇവ ഈ സസ്യവര്‍ഗങ്ങളും ഭക്ഷണമാക്കുന്നു എന്നാണ്. എന്നാല്‍ ഇവയുടെ ദഹന രീതിയക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ് ഈ ധാരണ മാറിയത്.

തിമിംഗലസ്രാവുകളുടെ തൊലിയുടെ സാംപിളുകളും, ഇവയുടെ മാലിന്യവും പരിശോധിച്ചപ്പോഴാണ് ഈ പുതിയ കണ്ടെത്തല്‍ ഗവേഷകര്‍ നടത്തിയത്. കഴിക്കുന്ന ക്രില്ലുകള്‍ പൂര്‍ണമായും ഇവയുടെ ശരീരം ദഹിപ്പിക്കുന്നില്ലെന്നും ഇവയില്‍ ഏറെയും മാലിന്യത്തൊടൊപ്പം ദഹിക്കാതെ തന്നെ പുറന്തള്ളുകയാണെന്നും പഠനത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇതോടൊപ്പം അകത്ത് ചെല്ലുന്ന സസ്യവര്‍ഗങ്ങളാകട്ടെ പൂര്‍ണമായും ദഹിക്കുന്നുണ്ട്. ഈ സസ്യവര്‍ഗങ്ങളില്‍ നിന്നാണ് ഈ ജീവികള്‍ക്ക് ആവശ്യമായ ഊര്‍ജവും മറ്റും ലഭിക്കുന്നതെന്നും ടാസ്മാനിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു.

ശരീരഘടന സ്രാവിന്‍റേത്, ഭക്ഷണ രീതി തിമിംഗലത്തിന്‍റേതും

ഭക്ഷണരീതി തിമിംഗലങ്ങളെ പോലെയാണെങ്കിലും ഇവയുടെ ശരീരഘടന അനുസരിച്ചാണ് തിമിംഗല സ്രാവുകളെ, സ്രാവുകളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. തിമിംഗലങ്ങള്‍ സസ്തനികളാണ്. കുട്ടികളെ പ്രസവിക്കുന്ന, ശരീരത്തിന്‍റെ ഘടന അസ്ഥികളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്ന ജീവികളുമാണ്. എന്നാല്‍ സ്രാവുകള്‍ മുട്ടയിടുന്ന ജീവികളാണ്, കൂടാതെ ഇവയുടെ ശരീരഘടന കാര്‍ട്ടിലേജുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ സ്രാവുകളുടെ പ്രജനന രീതിയും, ശരീരഘടനയുമാണ് തിമിംഗല സ്രാവുകള്‍ക്കുള്ളത്. അത് കൊണ്ട് തന്നെയാണ് സ്രാവുകളുടെ ശരീരഘടനയും പ്രജനന സ്വഭാവവും അതേസമയം തിമിംഗലങ്ങളുടെ ഭക്ഷണരീതിയും ഉള്ള ഈ ജീവികളെ തിമിംഗല സ്രാവുകള്‍ എന്ന് ഗവേഷകര്‍ വിളിക്കുന്നതും.

സ്രാവുകളിലും തിമിംഗല സ്രാവുകള്‍ മാത്രമല്ല ഒമ്നിവോറസ് അഥവാ മിശ്രഭോജികള്‍ ആയിരിക്കുന്നത്. ബോണ്‍തെഡ് സ്രാവുകളാണ് ഇത്തരത്തില്‍ സസ്യങ്ങള്‍ കൂടി തങ്ങളുടെ ഭക്ഷണ രീതിയില്‍ വലിയ തോതില്‍ ഉള്‍പ്പെടുത്തിയ മറ്റൊരു സ്രാവ് വര്‍ഗം. ഇവയും കടല്‍പ്പുല്ലുകളും മറ്റും ധാരാളമായി ഭക്ഷണമാക്കുന്നുണ്ടെന്ന് 2019 ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. കടല്‍പ്പുല്ലുകള്‍ക്കിടയില്‍ ജീവിക്കുന്ന ഞണ്ടുകള്‍, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ് ഈ ഇനം സ്രാവുകളുടെ ഭക്ഷണം. ഈ ജീവികളെ വേട്ടയാടുന്നതിനിടയിലാണ് ബോണ്‍തെഡ് സ്രാവുകള്‍ പുല്ലും ഭക്ഷിക്കുന്നത്.

പ്ലാസ്റ്റിക് ഭീഷണി

തിമിംഗല സ്രാവുകളുടെ ഈ ഭക്ഷണ രീതി നിലവിലെ സാഹചര്യത്തില്‍ തിമിംഗല സ്രാവുകള്‍ക്ക് ഭീഷണിയായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. കാരണം കടലിലേക്കെത്തുന്ന പ്ലാസ്റ്റികില്‍ വലിയൊരു ശതമാനം ഇത്തരം ആല്‍ഗകളിലും ഒഴുകി നടക്കുന്ന സസ്യങ്ങളിലും കുടുങ്ങി കിടക്കാറുണ്ട്. ഇതേ സസ്യങ്ങളുടെ ശേഖരത്തിലാണ് ക്രില്ലുകളും വലിയ തോതില്‍ കാണുന്നത്. അതുകൊണ്ട് തന്നെ ക്രില്ലുകളും, സസ്യങ്ങളും അകത്താക്കുന്നതിനിടയില്‍ പ്ലാസ്റ്റിക്കും തിമിംഗല സ്രാവുകളുടെ വയറിനുള്ളിലെത്തിയേക്കാമെന്നും ഗവേഷകര്‍ ഭയപ്പെടുന്നു. 

English Summmary: The World's Biggest Shark Isn't Actually a Carnivore, Scientists Discover

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}