ADVERTISEMENT

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിൽ അതിശക്തമായ താപതരംഗം .ഇതിന്റെ ഭാഗമായുണ്ടായ ഊർജ ദൗർലഭ്യം പരിഹരിക്കാനായി വീടുകളിലേക്കും ഓഫിസുകളിലേക്കും മാളുകളിലേക്കുമുള്ള വൈദ്യുതി അധികൃതർ നിയന്ത്രിച്ചു. 54 ലക്ഷം പേർ താമസിക്കുന്ന പ്രവിശ്യയാണ് സിച്വാൻ. സാധാരണ ഗതിയിൽ ഊർജ പ്രതിസന്ധി വരുമ്പോൾ വ്യവസായങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള വൈദ്യുതി നിയന്ത്രിച്ച് വീടുകളിൽ ഊർജവിതരണം ഉറപ്പുവരുത്താറാണ് ചൈന ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ തീവ്രമായ പ്രതിസന്ധി ഉടലെടുത്തതിനാൽ പാർപ്പിട മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വീടുകളിലെ എയർ കണ്ടീഷനറുകൾ 26 ഡിഗ്രിക്കു താഴെയുള്ള താപനിലയിൽ പ്രവർത്തിപ്പിക്കണമെന്ന് നിർദേശം ചൈനീസ് അധികൃതർ നൽകിയിടിട്ടുണ്ട്. ലിഫ്റ്റുകൾക്ക് പകരം കഴിയുന്നത്ര കോണിപ്പടികൾ ഉപയോഗിക്കാനും നിർദേശമുണ്ട്.

 

രാത്രിയിലെ ലേസർ ഷോകൾ പോലുള്ള ആഘോഷപരിപാടികളും രാത്രി വാണിജ്യ പരിപാടികളും താൽക്കാലികമായി നിർത്തി വയ്ക്കാനും സർക്കാർ കർശന ഉത്തരവ് നൽകി. കഴിഞ്ഞ 60 വർഷത്തിനിടെയുള്ള ഏറ്റവും വലിയ താപതരംഗമാണ് സിച്വാനിൽ ഉടലെടുത്തിരിക്കുന്നത്. ജലവൈദ്യുതി പ്രോജക്ടുകളിൽ നിന്നാണ് സിച്വാനിൽ 80 ശതമാനം വൈദ്യുതിയും എത്തുന്നത്. അതിനാൽ തന്നെ താപതരംഗം പ്രവിശ്യയുടെ ഊർജമേഖലയെ നേരിട്ടു ബാധിച്ചു. ഉയരുന്ന താപനിലയും കുറഞ്ഞ അളവിൽ പെയ്ത മഴയും ജലവൈദ്യുത പ്രോജക്ടുകളുടെ ഉത്പാദനത്തിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്.

 

ലിഥിയം, മറ്റ് ലോഹങ്ങൾ, വളങ്ങൾ എന്നിവയുടെ ഉത്പാദന വ്യവസായം സിച്വാൻ പ്രവിശ്യയിൽ ശക്തമാണ്. ഊർജ നിയന്ത്രണത്തിന്റെ ഭാഗമായി ഈ വ്യവസായങ്ങൾക്കുള്ള വൈദ്യുതി വിതരണം കുറഞ്ഞത് ഈ മേഖലയിൽ മന്ദിപ്പിനു കാരണമായിട്ടുണ്ട്. താപതരംഗം ശക്തമായി തന്നെ നില നിന്നാൽ സിച്വാൻ കൂടാതെയുള്ള മറ്റു കിഴക്കൻ പ്രവിശ്യകളായ ഷീജിയങ്, ജിയാങ്‌സു തുടങ്ങിയവയും ബാധിക്കപ്പെട്ടേക്കാമെന്ന് ശക്തമായ മുന്നറിയിപ്പുണ്ട്. ഇതിനിടെ ഓട്ടമൊബീൽ മേഖലയിലെ വമ്പൻ കമ്പനിയായ ടൊയോട്ടയും ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിർമാതാക്കളിലൊരാളായ ആംപെറക്‌സ് ടെക്‌നോളജിയും സിച്വാനിലെ തങ്ങളുടെ പ്ലാന്റുകൾ അടച്ചു. സിച്വാൻ പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലുള്ള ഫാക്ടറിയാണ് ടൊയോട്ട അടച്ചത്. 

 

വർഷം മുപ്പതിനായിരത്തോളം വാഹനങ്ങൾ നിർമിക്കപ്പെടുന്നതാണ് ഈ പ്ലാന്റ്. പ്രവിശ്യയിലെ മറ്റൊരു സ്ഥലമായ യിബിനിലുള്ള ബാറ്ററി നിർമാണ കേന്ദ്രമാണ് ആംപെറക്‌സ് അടച്ചത്. 100 ഗിഗാവാട്ടോളം വൈദ്യുതി ഉപയോഗിക്കുന്ന ഫാക്ടറിയാണ് ആംപെറക്‌സിന് യിബിനിലുള്ളത്. ഇവ കൂടാതെ സോളർ പാനലുകളും ഐപാഡുകളും മറ്റും നിർമിക്കുന്ന ഫാക്ടറികളും അടച്ചവയുടെ കൂട്ടത്തിലുണ്ട്. ചൈനയിൽ വലിയ നെൽ, ചോളം കൃഷി നടക്കുന്ന മേഖല കൂടിയാണ് സിച്വാൻ. താപതരംഗം ഇതിനാൽ തന്നെ ഭക്ഷ്യ മേഖലയെയും ബാധിക്കാനിടയുണ്ട്. ഇതു കൂടാതെ ചൈനയിലെ വടക്കൻ ഷാൻക്‌സി പ്രവിശ്യയിലുടലെടുത്ത പ്രളയവും രാജ്യത്തിന്റെ ഊർജമേഖലയെ തളർത്തുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ കൽക്കരി ഉത്പാദനം നടക്കുന്നത് ഇവിടെയാണ്.

 

English Summary: China shuts factories, rations electricity as heat wave stifles economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com