തകര്‍ച്ച തൊട്ടുമുന്നില്‍ കണ്ട് അന്‍റാര്‍ട്ടിക്കിലെ ‘ലോകാവസാന മഞ്ഞുപാളി’; മുന്നറിയിപ്പുമായി ഗവേഷകർ

'Doomsday Glacier' in Antarctica Is Holding on 'By Its Fingernails', Scientists Warn
Grab Image from video shared on Youtube by USF MarineScience
SHARE

അന്‍റാര്‍ട്ടിക്കിലെ ഒരു മഞ്ഞുപാളിയുടെ തകര്‍ച്ച ലോകം മുഴുവന്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ്. കോടിക്കണക്കിന് ലിറ്റര്‍ ജലം സംഭരിച്ചിരിക്കുന്ന മഞ്ഞുപാളികള്‍ തകര്‍ന്ന് കടലിലേക്ക് ചേരുമ്പോള്‍ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പിനെ ആണത് ബാധിക്കുക. ഇത്തരത്തില്‍ അസാമാന്യ വലുപ്പമുള്ള ഒരു മഞ്ഞുപാളി കൂടി ഇപ്പോള്‍ അന്‍റാര്‍ട്ടിക്കില്‍ തകര്‍ച്ചയുടെ വക്കിലാണ്. ഡൂംസ് ഡേ മഞ്ഞുപാളി അഥവാ ലോകാവസാന മഞ്ഞുപാളിയെന്നോ വിശേഷിപ്പിക്കാവുന്ന ഈ മഞ്ഞുപാളിക്ക് ഇപ്പോള്‍ നേര്‍ത്ത ബന്ധം മാത്രമാണ് അന്‍റാര്‍ട്ടിക്കുമായി ഉള്ളത്. ത്വെയ്റ്റ്സ് ഗ്ലേസിയര്‍ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ മഞ്ഞുപാളി സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ അതിന്‍റെ നഖങ്ങളുടെ ബലത്തിലാണ് അന്‍റാര്‍ട്ടിക്കില്‍ പിടിച്ചു തൂങ്ങി നില്‍ക്കുന്നതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

ഈ മേഖലയില്‍ സാറ്റ്‌ലെറ്റിന്‍റെ ഉള്‍പ്പടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഈ മഞ്ഞുപാളിയുടെ ദുര്‍ബലാവസ്ഥ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. പശ്ചിമ അന്‍റാര്‍ട്ടിക്കില്‍ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുപാളിക്ക് ഏതാണ്ട് ഫ്ലോറിഡയുടെ വലുപ്പമുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ക്കൊപ്പം തന്നെ സീ ഫ്ലോര്‍ മാപ്പിങ് എന്ന സാങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ മഞ്ഞുപാളിയുടെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കിയത്. ഇതിലൂടെ ഉപഗ്രഹ കാലഘട്ടത്തിന് മുന്‍പുള്ള ഈ മഞ്ഞുപാളിയുടെ സ്ഥിതി വരെ ഗവേഷകര്‍ മനസ്സിലാക്കി. ഇതിലൂടെയാണ് അന്നത്തെയും ഇന്നത്തെയും ഈ മഞ്ഞുപാളിയുടെ സ്ഥാനത്തിലുള്ള വ്യത്യാസവും ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ത്വെയ്റ്റ്സ് ഗ്ലേസിയര്‍ അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെട്ട് സമുദ്രത്തിലൂടെ ഒഴുകാന്‍ തുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു.

200 വര്‍ഷം മുന്‍പ് വേര്‍പെട്ടത്

ഏതാണ്ട് 200 വര്‍ഷം മുന്‍പാണ് ഈ മഞ്ഞുപാളി കടലിന്‍റെ അടിത്തട്ടില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രമായത്. അന്നു മുതല്‍ ആറ് മാസത്തിനിടയില്‍ 2.1 എന്ന കിലോമീറ്റർ വേഗത്തില്‍ ഈ മഞ്ഞുപാളി നീങ്ങുന്നുണ്ട്. ഇത് ഒരു മഞ്ഞുപാളിയെ സംബന്ധിച്ച് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ സ്ഥിതി ഗുരുതരമായത് കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തില്‍ മഞ്ഞുപാളിയുടെ വേഗം ഇരട്ടിയായി വർധിച്ചു. കൂടാതെ മഞ്ഞുപാളിയുടെ അന്‍റാര്‍ട്ടിക്കുമായി ബന്ധിപ്പിക്കുന്ന മേഖല വേഗത്തില്‍ ഉരുകാനും തുടങ്ങി. ഇതോടെയാണ് ഇന്ന് കാണുന്ന സ്ഥിതിയില്‍ നേര്‍ത്ത ബന്ധം മാത്രം അന്‍റാര്‍ട്ടിക്കുമായി അവശേഷിക്കുന്ന സ്ഥിതിയിലേക്ക് മഞ്ഞുപാളിയെത്തിയത്.

നിലവിലെ കണ്ടെത്തല്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അന്‍റാര്‍ട്ടിക്കിനെ പതിയെയാണ് ബാധിക്കുന്നത് എന്ന മുന്‍ധാരണകളെ തകര്‍ക്കുന്നതാണ്. കാരണം കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ഈ മഞ്ഞുപാളി മെല്ലെ സഞ്ചരിക്കുന്നുണ്ടെങ്കിലും ഈ വേഗം രൂക്ഷമായത് ഏതാണ്ട് 5 പതിറ്റാണ്ട് മുന്‍പാണ്. തുടര്‍ന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ വേഗം ഇരട്ടിയിലധികമാവുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിന്‍റെ  നേരിട്ടുള്ള ആഘാതമാണ് ഈ വേഗക്കൂടുതലിന് പിന്നിലെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്

ഗവേഷകരുടെ ഇപ്പോഴത്തെ കണക്കു കൂട്ടലില്‍ ഏതാണ്ട് തുമ്മിയാല്‍ തെറിക്കുന്ന മൂക്കിന്‍റെ അവസ്ഥയിലാണ് ഈ മഞ്ഞുപാളിയുള്ളത്. സൗത്ത് ഫ്ലോറിഡ സര്‍വകലാശലയിലെ സമുദ്രപഠന വിഭാഗത്തിലെ ഗവേഷകനായ അലസ്റ്റൈര്‍ ഗ്രഹാമിന്‍റെ അഭിപ്രായത്തില്‍ മഞ്ഞുപാളിയില്‍ ശക്തിയായി ഒന്ന് തൊഴിച്ചാല്‍ തന്നെയും അത് വലിയ ചലനങ്ങള്‍ മഞ്ഞുപാളിയില്‍ സൃഷ്ടിക്കും. മഞ്ഞുപാളിയുടെ അന്‍റാര്‍ട്ടിക്കുമായുള്ള അതീവ ദുര്‍ബലമായ ബന്ധം സൂചിപ്പിക്കാനാണ് അലസ്റ്റൈര്‍ ഈ ഉപമ  ഉപയോഗിച്ചത്. 

അന്‍റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പെടുന്ന ആദ്യത്തെ വലിയ മഞ്ഞുപാളിയല്ല ത്വെയ്റ്റ്സ് ഗ്ലേസിയര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായി നിരവധി മഞ്ഞുപാളികളാണ് അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെട്ടത്. രേഖപ്പെടുത്തിയ ചരിത്രത്തില്‍ അന്‍റാര്‍ട്ടിക്കില്‍ നിന്ന് ഏറ്റവും അധികം വലിയ മഞ്ഞുപാളികള്‍ വേര്‍പെട്ടതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ്. ത്വെയ്റ്റ്സ് ഗ്ലേസിയറിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല അന്‍റാര്‍ട്ടിക്കില്‍ നിന്ന് അകലുന്തോറും മഞ്ഞുപാളിയുടെ ഉരുകല്‍ കൂടി അത് ദുര്‍ബലമാവുകയാണ്. അതുകൊണ്ട് തന്നെ മറ്റ് വലിയ മഞ്ഞുപാളികളെ പോലെ അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെട്ട് ഏതാണ്ട് 1 വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് വിഘടിച്ച് വലിയ അളവില്‍ ജലം സമുദ്രത്തിലേക്കെത്തുന്നതിന് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

English Summary: 'Doomsday Glacier' in Antarctica Is Holding on 'By Its Fingernails', Scientists Warn

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}