ADVERTISEMENT

1986 ഓഗസ്റ്റ് 21 നാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമാണ് കാമറൂണില്‍ ഉണ്ടായത്. കാമറൂണിലെ ന്യോസ് തടാകത്തിലുണ്ടായ ഒരു പൊട്ടിത്തെറിയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. ഈ പൊട്ടിത്തെറിയെ തുടര്‍ന്ന് 26 കിലോമീറ്റർ ദൂരത്തില്‍ വരെ വസിച്ചിരുന്ന ആയിരത്തി അഞ്ഞൂറിലേറെ മനുഷ്യരും വിവിധ ജീവജാലങ്ങളും കൊല്ലപ്പെട്ടു. എങ്ങനെയാണ് ഒരു തടാകത്തിലെ പൊട്ടിത്തെറി മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളെ കൊന്നൊടുക്കാന്‍ കാരണമാകുക എന്നാണ് ചോദ്യമെങ്കില്‍, ഇതിന് വ്യക്തമായ ശാസ്ത്രീയ വിശദീകരണമുണ്ട്. ലോകത്ത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രകൃതി ദുരന്ത പ്രതിഭാസമാണ് കാമറൂണിലെ ദുരന്തത്തിലേക്ക് നയിച്ചത്. ഏതാണ്ട് 4 പതിറ്റാണ്ട് മുന്‍സ് ന്യോസ് തടാകത്തിലുണ്ടായ വാതകങ്ങൾ ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്ന് പുറത്തെത്തുകയായിരുന്നു. തടാകത്തിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ വാതകങ്ങളാണ് ഭൂമിയുടെ രണ്ടാമത്തെ പാളിയായ മാന്‍റില്‍ മേഖലയില്‍ നിന്ന് വിള്ളലുകളിലൂടെ പുറത്തെത്തിയത്. 

നൂറ് കണക്കിന് വര്‍ഷമായി ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട വാതകം മര്‍ദ വ്യത്യാസം പോലുള്ള എന്തോ കാരണത്താല്‍ പൊട്ടിത്തെറിച്ചതോടെ അത് ദുരന്തത്തിലേക്ക് വഴി വയ്ക്കുകയായിരുന്നു. അന്നുണ്ടായ ഈ പൊട്ടിത്തെറിയില്‍ ഏതാണ്ട് 1.24 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡാണ് വായുവിലേക്ക് പൊടുന്നനെയെത്തിയത്. അഗ്നിപര്‍വത സ്ഫോടനത്തിന് സമാനമായ പ്രതിഭാസമാണ് അന്നുണ്ടായതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഈ കാര്‍ബണ്‍ ഡയോക്സൈഡ് തന്നെയാണ് ആയിരത്തിലേറെ ആളുകളുടെ മരണത്തിലേക്ക് നയിച്ചതും. ഇത്ര വലിയ ആളവില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വായുവിലേക്കെത്തിയതോടെ ഓക്സിജന്‍ ലഭിക്കാതെയാണ് ആളുകള്‍ മരിച്ചു വീണതും. മരിച്ച മിക്കവരുടേയും തന്നെ ശ്വാസം ഒരു മിനുട്ടിനുള്ളില്‍ തന്നെ നിലച്ച് പോയെന്നാണ് പിന്നീട് കണ്ടെത്തിയത്.

ദുരന്തത്തിന്‍റെ വ്യാപ്തി

അന്ന് അപകടം നേരിട്ടുകണ്ടവര്‍ പിന്നീട് ഈ ദുരന്തത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത് വളരെ പെട്ടെന്നുണ്ടായ ഒരു പ്രതിഭാസം എന്ന നിലയിലാണ്. ചെറിയ ഒരു പ്രകമ്പനത്തിലാണ് ഈ പ്രതിഭാസം ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു. വൈകാതെ തടാകത്തില്‍ നിന്ന് വെള്ളം സ്ഫോടനത്തെ തുടര്‍ന്ന് മുകളിലേക്കുയര്‍ന്നു. തൊട്ട് പിന്നാലെ മേഘം പോലൊരു രൂപം ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഇതേ സമയത്ത് തന്നെ ശ്വസിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ട് തുടങ്ങിയെന്നും ഇവര്‍ വിശദീകരിക്കുന്നു. മനുഷ്യരെ കൂടാതെ വളര്‍ത്ത് മൃഗങ്ങളും വന്യജീവികളുമെല്ലാം ഈ ദുരന്തത്തില്‍ ചത്തു വീണു. ഏതാണ്ട് 26 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്‍ക്കും ഈ സമയത്ത് ശ്വാസം മുട്ട് അനുഭവപ്പെടുകയും ഇവരില്‍ പലരും മരിച്ചു വീഴുകയും ചെയ്തു. പ്രത്യേകിച്ചും മേഖലയിലെ ഉയരം കുറഞ്ഞ പ്രദേശത്തുണ്ടായിരുന്നവരാണ് അപകടത്തില്‍  മരിച്ചവരെല്ലാം. മലമുകളിലും, ഉയര്‍ന്ന പ്രദേശങ്ങളിലുമുണ്ടായിരുന്നവര്‍ക്ക് അപകടകരമായ അളവിലേക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടില്ല.

കാമറൂണിലെ താടക ബോംബുകള്‍

കാമറൂണിലെ അഗ്നിപര്‍വത നിര എന്നറിയപ്പെടുന്ന വിള്ളല്‍ മേഖലയിലായി ഇത്തരത്തിലുള്ള നാല്‍പതിലധികം തടാകങ്ങളാണ് സ്ഥിതി ചെയ്യുന്നത്.ഇവയിലെല്ലാം  ന്യോസ് തടാകത്തില്‍ സംഭവിച്ചതു പോലുള്ള വാതക ശേഖരണം ഇപ്പോഴും സംഭവിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാന്‍ ശേഷിയുള്ള ടൈം ബോബുകളായാണ് ഈ തടാകങ്ങളെ ഗവേഷകര്‍ കാണുന്നതും. തടാകങ്ങളുടെ അടിത്തട്ടില്‍ നേരിയ മണ്‍പാളിയുടെ ബലത്തിലാണ് ഈ വാതകങ്ങള്‍ തടാകത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ മേഖലയിലുണ്ടാകുന്ന മര്‍ദ വ്യതിയാനമോ, അല്ലെങ്കില്‍ പാറയിടിച്ചിലോ ഒക്കെ ഈ തടാകങ്ങളുടെ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇറ്റലി, ടാന്‍സാനിയ– റുവാണ്ട ബോര്‍ഡര്‍ എന്നീ മേഖലകളിലും ഇത്തരത്തില്‍ അപകടകരമായ വാതകങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചുവച്ച തടാകങ്ങളുണ്ട്. കാമറൂണിലെ തന്നെ ലേക് മൗനോനിലും സമാനമായ പൊട്ടിത്തെറി 1986ന് മുന്‍പേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ പൊട്ടിത്തെറിയുടെ വ്യപ്തി ചെറുതായിരുന്നു. കൂടാതെ ഈ താടകം സ്ഥിതി ചെയ്യുന്നത് കാടിനുള്ളില്‍ ഒറ്റപ്പെട്ടായിരുന്നുവെന്നതും അപകടം ഒഴിവാകാന്‍ സഹായിച്ചു.

ദുരന്തം ഒഴിവാക്കാന്‍ കഴിയുമോ ?

ബോണ്‍മൗത്ത് സര്‍വകലാശാലയിലെ ഗവേഷകനായ ഹെന്‍റി ഷെന്യം ബാങ് ഈ തടാകങ്ങളുടെ നിലവിലെ സ്ഥിതിയെ പറ്റി വിശദമായ പഠനം നടത്തിയിരുന്നു. നിലവില്‍ കാമറൂണിലെ 43 തടാകങ്ങളില്‍ ലൂക്-ലൂക് എന്ന തടാകമാണ് ഇനി പൊട്ടിത്തെറിക്കാനുള്ള സാധ്യയുള്ളതായി ബാങ് കണക്കാക്കുന്നത്. എന്നാല്‍ ഇത് എന്നാണെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ മാത്രമെ ഈ തടാകങ്ങളുടെ സ്വഭാവ വ്യതിയാനം മനസ്സിലാക്കാനും അതുവഴി ഇനിയൊരു ദുരന്തം ഉണ്ടാകുന്നത് തടയാനും സാധിക്കൂ. സമാനമായ നിരീക്ഷണം മറ്റ് തടാകങ്ങളില്‍ കൂടി സാധ്യമാക്കിയാല്‍ ഈ താടകങ്ങളില്‍ നിന്ന് മനുഷ്യനും മറ്റ് ജീവിജാലങ്ങള്‍ക്കുമുണ്ടാകുന്ന ഭീഷണി ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് ബാങ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിശദമായ പഠനം നടത്തിയാല്‍ ഒരു പക്ഷേ ഈ തടാകങ്ങള്‍ക്ക് അടിയിലെ വാതകം ഊര്‍ജോൽപാദന സാധ്യതകള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ കഴിയിമോയെന്ന് മനസ്സിലാക്കാനും സാധിക്കും.

English Summary: Lakes Can Explode And Kill Thousands Of People In An Instant, Now Scientists Are Worried About One In Particular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com