ADVERTISEMENT

ലോകത്തിലെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഈ വർഷം ഫെബ്രുവരി 24ന് തുടങ്ങിയത്. പിന്നീട് ഇതൊരു യുദ്ധമായി പരിണമിച്ചു. ആണവശേഷിയുള്ള റഷ്യ യുദ്ധത്തിൽ ആണവ ബോംബുകൾ ഉപയോഗിക്കുമോ എന്നതായിരുന്നു പ്രധാന ആശങ്ക. പാരിസ്ഥിതികമായി യുദ്ധം ഒരുപാട് വെല്ലുവിളികൾ ഉയർത്തി. എന്നാൽ പരിസ്ഥിതിയെ മാത്രമല്ല, മനുഷ്യരുടെ ആരോഗ്യത്തെപ്പോലും കഠിനമായി ബാധിക്കുന്ന രീതിയിൽ യുദ്ധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമോ എന്നതാണ് ഈ പരിസ്ഥിതി ആരോഗ്യദിനത്തിൽ ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്ന സംഗതി. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഒരു സംഭവമാണ്.

 

യൂറോപ്പിലെമ്പാടും പ്രകൃതിവാതക വിതരണം റഷ്യ മുൻപ് നടത്തിയിരുന്നു. എന്നാൽ യുദ്ധത്തിൽ നാറ്റോ രാജ്യങ്ങളും ഫിൻലൻഡ് പോലുള്ള അയൽരാജ്യങ്ങളും തങ്ങൾക്കെതിരെ നിന്നതും ഉപരോധങ്ങൾ നടപ്പിൽ വരുത്തിയതും റഷ്യയെ നന്നായി ചൊടിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങൾക്കുള്ള പ്രകൃതിവാതക കയറ്റുമതിയിൽ ഇതോടെ റഷ്യ വിലക്കേർപ്പെടുത്തി. ഇതോടെ പല യൂറോപ്യൻ രാജ്യങ്ങളും ഊർജപ്രതിസന്ധിയിലായി.

ഈ വിലക്ക് റഷ്യയെയും ബാധിച്ചു. കയറ്റുമതി നടത്തിക്കൊണ്ടിരുന്ന വാതകം പൊടുന്നനെ വിൽക്കാനാകാതെ വന്നതോടെ അതു കത്തിച്ചുകളയുക എന്ന നടപടിയിലേക്ക് റഷ്യയെത്തിച്ചേർന്നു. ഫിൻലൻഡ് അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന പോർട്ടോവായ എന്ന പ്രകൃതിവാതക പ്ലാന്റിൽ റഷ്യ ഒരു വർഷം കത്തിച്ചുകളയുന്നത് 43 ലക്ഷം ക്യുബിക് മീറ്റർ അളവിലുള്ള പ്രകൃതിവാതകമാണ്.

 

ഈ ദഹനം വലിയ തോതിൽ കാർബൺ വികിരണത്തിനും താപനിലയിലെ വർധനയ്ക്കും ഇടയാക്കുന്നുണ്ട്. ഇത് ശ്രദ്ധേയമായ ഒരു ആശങ്കയിലേക്ക് ലോകത്തെ നയിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നത് വടക്കൻ ധ്രുവമേഖലയിലെ നിബിധ മഞ്ഞുപാളികളായ പെർമഫ്രോസ്റ്റ് വലിയ തോതിൽ ഉരുകാൻ ഇത് ഇടയാക്കുമോ എന്നതാണ് ഈ ആശങ്ക. പെർമഫ്രോസ്റ്റ് ഗണ്യമായി ഉരുകിയാൽ പല പ്രശ്നങ്ങളാണ്. പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മഞ്ഞുപാളികൾക്കു താഴെ ചരിത്രാതീത കാലത്തെ വൈറസുകളും ബാക്ടീരിയകളും സുഷുപ്തിയിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇവ മഞ്ഞിന്റെ കവചം ഭേദിച്ച് പുറത്തു വന്നാൽ ആപത്താണ്.

 

പെർമഫ്രോസ്റ്റിനുള്ളിൽ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കില്ല.ഇന്നും ധ്രുവപ്രദേശങ്ങളിൽ നിന്ന് മാമോത്ത് പോലെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങൾ ലഭിക്കാറുണ്ട്.പറയത്തക്ക യാതൊരു നാശവും ഇവയ്ക്ക് സംഭവിച്ചിട്ടുണ്ടാകില്ല. ഇതു പോലെ തന്നെ സൂക്ഷ്മകോശജീവികളെയും പെർമഫ്രോസ്റ്റ് സംരക്ഷിക്കും. 2005ൽ നാസാ ഗവേഷകർ 32000 വർഷം പഴക്കമുള്ള ചില സൂക്ഷ്മകോശജീവികളെ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെടുത്തു.മഞ്ഞിൽ നിന്നു മുക്തരായ നിമിഷം തന്നെ ഇവ സജീവമായി.2014ൽ പിതോവൈറസ്, മോളിവൈറസ് തുടങ്ങിയ വലുപ്പമേറിയ വൈറസുകളെയും ശാസ്ത്രജ്ഞർ ഇതിൽ നിന്നു വേർതിരിച്ചു. ഇവയും സജീവമായി.പക്ഷേ ഇവ മനുഷ്യരെ ആക്രമിക്കുന്നവയല്ല.

 

പക്ഷേ പെർമഫ്രോസ്റ്റിൽ ആദിമമനുഷ്യരായ നിയാണ്ടർത്താലുകൾ വരെ പുതഞ്ഞു കിടപ്പുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. പല നൂറ്റാണ്ടുകളിൽ വൈറസ് ബാധ മൂലം മരിച്ചവരുടെയൊക്കെ ശരീരങ്ങൾ ഇങ്ങനെ കിടപ്പുണ്ടാകാം.ഇവയൊരിക്കൽ പുറത്തു വന്നാൽ? മനുഷ്യരാശിക്ക് തീർത്തും അപരിചിതരായ, ഭീകര സൂക്ഷ്മകോശജീവികൾ ഭൂമിയെങ്ങും പരന്നാൽ?ഇത്തരം സാധ്യതൾ പൂർണമായും തള്ളിക്കളയാൻ പാടില്ലെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ വാദം.

 

പെർമഫ്രോസ്റ്റിൽ അകപ്പെട്ടിരിക്കുന്ന കാർബണിന്റെ അളവും കൂടുതലാണ്.ഐസ് ഉരുകിമാറുന്നത് കാർബണിനെ അന്തരീക്ഷത്തിലേക്കു വിടാനുള്ള മാർഗമാകും.ഇത് ആഗോളതാപനവും മറ്റും കൂട്ടും. 2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായി. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് വില്ലനായത്. അടുത്തിടെയായി തുടരുന്ന മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു.അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു.ഇതാണു ബാധയ്ക്കു വഴി വച്ചത്.പെർമഫ്രോസ്റ്റിലെ സൂക്ഷ്മാണു ഭീഷണിക്ക് ഒരു നല്ല ഉദാഹരണമാണ് ഇത്.

 

പെർമഫ്രോസ്റ്റിനു ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങൾ റഷ്യ മുൻപ് തന്നെ ചെയ്യാറുണ്ട്. രണ്ടു വർഷം മുൻപ് അവർ പുറത്തിറക്കിയ ആർക്ടിക്ക എന്ന ഐസ് ബ്രേക്കർ കപ്പലുകൾ വ്യാപകമായി ആർട്ടിക്കിലെ ഐസുകൾ പൊട്ടിച്ചിരുന്നു.മേഖലയിൽ ഇപ്പോൾ വ്യാവസായികമായ പ്രവർത്തനങ്ങൾ കൂടുതലാണ്.എണ്ണ,പ്രകൃതി വാതകം,സ്വർണം മറ്റു പദാർഥങ്ങൾ എന്നിവയുടെ ഖനനം തിരക്കിട്ടു നടക്കുന്നു.ഗാസ്പ്രോം തുടങ്ങിയ റഷ്യൻ കുത്തക എണ്ണക്കമ്പനികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പെർമഫ്രോസ്റ്റ് ഉരുകുന്നത് കാൻസറിനു കാരണമാകുന്ന വാതകങ്ങളെ പുറത്തുവിടുമെന്ന് ബ്രിട്ടിഷ് ശാസ്ത്രജ്ഞർ ഇടയ്ക്കു കണ്ടെത്തിയിരുന്നു.ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്. മഞ്ഞുരുകുന്നത് റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് ഇവർ കണ്ടെത്തിയത്.

 

ഗുരുതരമായ ശ്വാസകോശ കാൻസറിനു വഴിവയ്ക്കുന്നതാണു റേഡോൺ വാതകം. ശ്വാസകോശ അർബുദത്തിന്റെ കാരണങ്ങളിൽ പുകവലി കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണമാണു റേഡോൺ. പെർമഫ്രോസ്റ്റിനുള്ളിൽ  വമ്പൻ മീഥെയ്ൻ നിക്ഷേപമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.ഏറ്റവും ശക്തമായ ഹരിതഗൃഹ വാതകങ്ങളിലൊന്നാണു മീഥെയ്ൻ. കാർബൺ ഡയോക്സൈഡിന്റെ 86 ഇരട്ടി ആആഗോളതാപനമുണ്ടാക്കാനുള്ള ശേഷി ഇതിനുണ്ട്. മീഥെയ്ൻ അന്തരീക്ഷത്തിലെത്തിയ ശേഷം നീരാവിയും കാർബൺ ഡയോക്സൈഡുമായി മാറും. ഈ കാർബൺ ഡയോക്സൈഡും ആഗോളതാപനത്തിനു വഴിയൊരുക്കും സൈബീരയയ്ക്കു സമീപമുള്ള കാടുകളിൽ ഇടയ്ക്ക് വൻ കാട്ടുതീ ഉടലെടുത്തിരുന്നു. ഇതിനു പിന്നിലും ഈ മീഥെയ്ൻ നിക്ഷേപത്തിനു പങ്കുണ്ടെന്ന പക്ഷക്കാരാണു ചില ശാസ്ത്രജ്ഞർ. മീഥെയ്ൻ ആഗോളതാപനം കൂടാതെ മൃഗങ്ങളിൽ അനാരോഗ്യം, വിളനാശം തുടങ്ങിയവയ്ക്കും വഴിയൊരുക്കും.

 

English Summary: Russia burns gas into the atmosphere while cutting supplies to EU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com