ADVERTISEMENT

അതിശക്തമായ ലേസറുകൾ ഉപയോഗിച്ച് വിലകുറഞ്ഞ പ്ലാസ്റ്റിക്കുകളിൽ നിന്ന് നാനോ വജ്രങ്ങളുണ്ടാക്കി ശാസ്ത്രജ്ഞർ. പ്രത്യേക തരം ജലത്തിന്റെ സാന്നിധ്യവും ഇതുവഴി ശാസ്ത്രജ്ഞർ തെളിയിച്ചു. സൗരയൂഥത്തിലെ വമ്പൻ ഗ്രഹങ്ങളായ യുറാനസ്, നെപ്റ്റിയൂൺ തുടങ്ങിയവയിൽ വജ്രമഴ സംഭവിക്കുന്നതിനെക്കുറിച്ചും ഈ ഗവേഷണത്തിന് ഉത്തരം നൽകാനാകുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ ഗ്രഹങ്ങൾക്ക് പതിവിലും അധികമായ ശക്തമായ കാന്തികമണ്ഡലമുള്ളതിന്റെ കാരണവും ഈ ഗവേഷണഫലം വഴി വിശദീകരിക്കാൻ കഴിയുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

 

ജർമനിയിലെ റോസൻഡോർഫിലുള്ള ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തൽ നടത്തിയത്. ഒരു മീറ്ററിന്റെ 100 കോടിയിൽ ഒരംശം മാത്രം വലുപ്പമുള്ള, അഥവാ കുറച്ചുനാനോമീറ്ററുകൾ മാത്രം വലുപ്പമുള്ള വജ്രങ്ങളാണ് നാനോ ഡയമണ്ടുകൾ. പരിസ്ഥിതിമേഖലയിലും ആരോഗ്യമേഖലയിലുമുൾപ്പെടെ ഒട്ടേറെ രംഗങ്ങളിൽ ഇവയ്ക്ക് സാധ്യതകളുണ്ട്. കാർബൺ ഡയോക്‌സൈഡിനെ രാസപരിണാമം വരുത്തി മറ്റു വാതകങ്ങളാക്കാനും ശരീരത്തിലേക്കു വാതകങ്ങൾ വഹിക്കാനും ഇവയ്ക്കു കഴിവുണ്ട്. വളരെ കൃത്യതയുള്ള ക്വാണ്ടം സെൻസറുകളായി ഇവയെ മാറ്റാമെന്നതിനാൽ ഇലക്ട്രോണിക്‌സ്, ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളിലും ഇവ ഉപയോഗിക്കാം.

 

ഭൂമിയിലെ വലിയൊരു പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാനും ഈ രീതിയുടെ സേവനം ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സമുദ്രത്തിലെ വലിയ പ്ലാസ്റ്റിക് ശേഖരം ഈ രീതിയുപയോഗിച്ച് മാറ്റാൻ സാധിക്കും. പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന പോളിത്തലീൻ ടെറാഫ്താലേറ്റ് (പിഇടി) എന്ന പ്ലാസ്റ്റിക് വസ്തുവാണ് ഗവേഷണത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിച്ചത്. ഇതിലേക്ക് എസ്എൽഎസി നാഷനൽ ആക്‌സിലറേറ്റർ ലബോറട്ടറിയിൽ നിന്നുള്ള ശക്തമായ ലേസർ കടത്തിവിട്ടു. ഇതുവഴി 6000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലേക്കു പ്ലാസ്റ്റിക്കിനെ ചൂടാക്കി. 

ഇതെത്തുടർന്ന് ഭൂമിയുടെ അന്തരീക്ഷ മർദ്ദത്തിന്റെ ദശലക്ഷക്കണക്കിന് അളവിലുള്ള മർദ്ദം ഉടലെടുത്തു. നിമിഷങ്ങൾ മാത്രമാണ് ഇതു നീണ്ടുനിന്നെങ്കിലും തദ്ഫലമായി പ്ലാസ്റ്റിക്കിലെ കാർബൺ ആറ്റമുകൾ ഘടനമാറി നാനോ വജ്രങ്ങളായി രൂപാന്തരപ്പെടുകയായിരുന്നു. ഹൈഡ്രജൻ, ഓക്‌സിജൻ ആറ്റമുകൾ സൂപ്പർ അയോണിക് വാട്ടർ ഐസ് എന്ന സവിശേഷതരം ജലരൂപമായി മാറുകയും ചെയ്തു. ഇത്തരം വെള്ളം യുറാനസിലും നെപ്റ്റ്യൂണിലുമുണ്ടെന്നും ഇതാകാം ഈ ഗ്രഹങ്ങളുടെ ഉയർന്ന കാന്തികമണ്ഡലത്തിനു കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

English Summary: Scientists blasted plastic with lasers and turned it into tiny diamonds and a new type of water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com