ADVERTISEMENT

25 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭൂമി ഇന്നേ വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൂട്ട വംശനാശത്തിനു സാക്ഷ്യം വഹിച്ചത്.  ഭൂമിയിലെ83 ശതമാനത്തോളം ജീവികളെ തുടച്ചു നീക്കിയാണ് ആ കാലഘട്ടം കടന്നു പോയത്. ഇന്നു ഭൂമിയില്‍ നാം കാണുന്ന ജീവി വര്‍ഗങ്ങളെല്ലാം ശേഷിച്ച 13 ശതമാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നവയാണ്. എന്താണ് അക്കാലത്തെ ജീവികളുടെ വംശനാശത്തിനു വഴിയൊരുക്കിയതെന്നു കണ്ടെത്താന്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രേറ്റ് ഡൈയിങ് എന്നറിയപ്പെടുന്ന പെര്‍മിയന്‍ കാലഘട്ടത്തിലെ വംശനാശം ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 

 

കാലാവസ്ഥാ വ്യതിയാനമാണ് ഈ കൂട്ടമരണത്തിനു കാരണമായതെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. ഒപ്പം സൈബീരിയന്‍ മേഖലയിലെ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് അതിന്‍റെ പുകയും ചാരവും ഭൂമിയെ ഒന്നാകെ ദശലക്ഷക്കണക്കിനു വര്‍ഷത്തേക്കു മൂടിയതാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായതെന്നും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഈ സംഭവങ്ങള്‍ ജീവികളുടെ മരണത്തിനെങ്ങനെ കാരണമായെന്നു വിശദീകരിക്കുന്നതില്‍ ഗവേഷകര്‍ ഇതുവരെ വിജയിച്ചിരുന്നില്ല. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് കൂട്ടമരണത്തിനു പിന്നിലുണ്ടായ കാരണങ്ങളെക്കുറിച്ചു വ്യക്തമായി വിശദീകരണവുമായി രംഗത്തു  വന്നിരുന്നു. ഭൂമി മറ്റൊരു അതീവ ഗുരുതര കാലാവസ്ഥാ വ്യതിയാന കാലഘട്ടത്തിലേക്കു കാലെടുത്തുവച്ചിരിക്കുന്ന സാഹചര്യത്തില്‍ പെര്‍മിയന്‍ കാലഘട്ടത്തിലുണ്ടായ ഈ കൂട്ടവംശനാശത്തിന്‍റെ വിവരങ്ങള്‍ ഭാവിയില്‍ ഭൂമിയിലെ ജീവന്‍ നേരിടാനിരിക്കുന്ന ഭീഷണികളെ അതിജീവിക്കാന്‍ സഹായകരമായേക്കാമെന്നു പഠനത്തന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ സമുദ്രഗവേഷകന്‍ ജസ്റ്റിസ് പെന്‍ പറയുന്നു.

 

അഗ്നിപര്‍വതത്തില്‍ നിന്നുയര്‍ന്ന പുകയും ചാരവും ഭൂമിയിലെ അന്തരീക്ഷ താപനില കുത്തനെ ഉയര്‍ത്തി. ഇതോടൊപ്പം കരയിലെ ജീവികള്‍, പ്രത്യേകിച്ച് വലുപ്പം കൂടിയവ ശ്വസം മുട്ടി മരിക്കുകയാണു ചെയ്തത്. കടലിലെ ജീവികളുടെ നാശത്തിനും ഓക്സിജന്‍ കുറവു തന്നെയാണ് തിരിച്ചടിയായത്. പക്ഷെ ഇതു സംഭവിച്ചത് മറ്റൊരു വിധത്തിലാണെന്നു മാത്രം. താപനില വർധിച്ചതോടെ കടലിലെ ജീവികളുടെ വിശപ്പ് വർധിച്ചു. ഇതോടെ കടല്‍ജീവികളുടെ ഓക്സിജന്‍ ഉപയോഗം വർധിക്കുകയും ക്രമേണ കടലിലെ ഓക്സിജന്‍റെ അളവു കുറഞ്ഞ് കടല്‍ജീവികളും ശ്വാസം കിട്ടാതെ വ്യാപകമായി കൊല്ലപ്പെട്ടു. കരയിലും കടലിലും പ്രധാനമായും വലുപ്പം കൂടിയ ജീവികളാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.പെര്‍മിയന്‍ ട്രയാസിക് കാലഘട്ടത്തിലെ ആഗോളതാപനത്തിനു മുന്‍പുള്ള താപനിലയും ഇപ്പോള്‍ ഭൂമി കടന്നു പോകുന്ന ആഗോളാപനത്തിനു മുന്‍പുള്ള താപനിലയും ഏതാണ്ട് സമാനമായിരുന്നു എന്നു ഗവേഷകര്‍ പറയുന്നു.ഇത് അടിസ്ഥാനമാക്കി ഭൂമി ഇനി നേരിടാന്‍ പോകുന്ന താപനിലയിലെ വർധനവു മൂലമുള്ള പ്രശ്നങ്ങള്‍ കമ്പ്യൂട്ടര്‍ സഹാത്തോടെ ഗവേഷകര്‍ വിലയിരുത്തി. ട്രയാസിക് കാലഘട്ടത്തിലെ അതേ അനുഭവങ്ങളിലൂടെയാകും താപനില കൂടുതല്‍ ഉയരുന്നതോടെ ഭൂമി കടന്നു പോവുകയെന്നാണ് ഈ പഠനത്തില്‍ വ്യക്തമായത്.

 

ട്രയാസിക് കാലഘട്ടത്തില്‍ സൈബീരിയയിലെ അഗ്നിപര്‍വതത്തില്‍ നിന്നുള്ള പുകയും ചാരത്തിനും സമാനമായ രീതിയില്‍ ഇപ്പോള്‍പ്രതിസന്ധി സൃഷ്ടിക്കുന്നത് ഹരിതഗൃഹ വാതകങ്ങളാണെന്നു ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ രീതിയില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉള്‍പ്പടെയുള്ള ഹരിതതൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തുടര്‍ന്നാല്‍ ഭൂമിയിലെ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണു കണക്കുകൂട്ടല്‍. ഇത് കരയിലെയും കടലിലേയും ജീവികളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. പ്രത്യേകിച്ചും കടലിലെ ജീവികളുടെ ഓക്സിജന്‍ ഉപയോഗം 70 ശതമാനം വർധിക്കും. കടലിന്‍റെ അടിത്തട്ടില്‍ 40 ശതമാനം പ്രദേശത്ത് ഓക്സിജന്‍ ഒട്ടുമില്ലാത്ത അവസ്ഥ വരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഭൂമധ്യരേഖാ പ്രദേശത്തുള്ള കാലാവസ്ഥയായിരിക്കും ഈ ഘട്ടമെത്തുമ്പോള്‍ ധ്രുവപ്രദേശങ്ങളില്‍ അനുഭവപ്പെടുക. ട്രയാസിക് യുഗത്തിലെന്ന പോലെ കടലിലെ ഭൂമധ്യരേഖാ പ്രദേശത്തുള്ള ജീവികളില്‍ ചിലത് ധ്രുവപ്രദേശങ്ങളിലേക്കെത്തി അതിജീവനം സാധ്യമാക്കും. പക്ഷെ ധ്രുവപ്രദേശങ്ങളിലുള്ള ജീവികള്‍ക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വംശനാശത്തിനു കീഴടങ്ങേണ്ടിവരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2100 ആകുമ്പോഴേക്കും ട്രയാസിക് കാലഘട്ടത്തിലെ ആഗോളതാപന സമയത്തെ താപനിലയുടെ 20 ശതമാനം ചൂട് ഭൂമിയിലുണ്ടാകും എന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. 2300 ആകുമ്പോഴേക്കും ഇത് 35 മുതല്‍ 50 ശതമാനം വരെയാകും. ഈ സമയമാകുമ്പോഴേക്കും ഓക്സിജന്‍ കുറവ് ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങൾ ജീവികള്‍ അനുഭവിച്ചു തുടങ്ങുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

English Summary: Worst mass extinction event in Earth’s history was caused by global warming analogous to current climate crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com