ADVERTISEMENT

രാജ്യത്ത് ഇന്നോളം ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായചുഴലിക്കാറ്റുകളിലൊന്നിനാണ് ബുധനാഴ്ച അമേരിക്ക സാക്ഷ്യം വഹിച്ചത്. ഇയാൻ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 40 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും അപകടകരമായ കാറ്റഗറി നാലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റാണ് ഇയാൻ. ചുഴലിക്കാറ്റിനെ തുടർന്ന് പല മേഖലകളിലും നൂറുകണക്കിന് വീടുകളും ഹോട്ടലുകളുമടങ്ങുന്ന കെട്ടിടങ്ങൾ പൂർണമായി തകർന്നു. ഫ്ലോറിഡയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമികുകയാണ്.

 

ഇയാൻ നാശം വിതച്ചിട്ട് ദിവസങ്ങൾ പിന്നിട്ടപ്പോൾ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വെളിവാകുന്നത്. തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് ദുരന്തത്തിൽ അകപ്പെട്ടവർക്കായുള്ള തിരച്ചിലുകൾ പ്രധാനമായും നടക്കുന്നത്. 44 പേർ മരണപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചില്ലെങ്കിലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഫ്ലോറിഡാ മെഡിക്കൽ എക്സാമിനേഴ്സ് കമ്മീഷൻ അറിയിക്കുന്നു. അതേസമയം മരണസംഖ്യ 70 നു മുകളിലാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ പ്രസിഡണ്ട് ജോ ബൈഡൻ സന്ദർശനം നടത്തും.

 

മറ്റ്ലാഷെ എന്ന ചെറുദ്വീപിലടക്കം പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ സാധാരണ ജനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. നിരത്തുകളും തെരുവുകളുമെല്ലാം ഉപേക്ഷിക്കപ്പെട്ട കാറുകളും തകർന്ന കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ നിലയിലാണ്. കരയുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങൾ തകർന്നതിനെ തുടർന്നാണ് 800 ജനങ്ങൾ താമസിക്കുന്ന മറ്റ്ലാഷെ ദ്വീപ് ഒറ്റപ്പെട്ടത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജനങ്ങളിൽ ഭൂരിഭാഗവും ദ്വീപ് വിട്ടുപോയതിനാൽ വൻ ദുരന്തം ഒഴിവായി.

 

ദുരന്തത്തെ തുടർന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടായ തടസ്സം  9 ലക്ഷത്തിലധികം ജനങ്ങളെയാണ് നേരിട്ട് ബാധിച്ചത്. ഇതുമൂലം രക്ഷാപ്രവർത്തനങ്ങളും ബുദ്ധിമുട്ടിലായി. നോർത്ത് കാരലൈനയിലും വിർജീനിയയിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് 45000 ത്തോളം ജനങ്ങളെയാണ് ബാധിച്ചത്. കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ മാത്രം രണ്ടു ലക്ഷം കോടിക്ക് മുകളിൽ വരുമെന്ന് കണക്കാക്കുന്നു. വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടം ഒരു ലക്ഷം കോടിക്ക് മുകളിൽ വരുമെന്നാണ് കണക്ക്.

 

1992നു ശേഷം ഫ്ലോറിഡയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്ന് പ്രോപ്പർട്ടി വിശകലന സ്ഥാപനമായ കോർലോജിക്സ് അറിയിക്കുന്നു. അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടും ജനങ്ങളിൽ പലരും വീടുകളിൽ തന്നെ തുടരാൻ തീരുമാനിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് ഇനിയും തടയിടാനായില്ലെങ്കിൽ ലോകത്ത് പലയിടങ്ങളിലും ഇത്തരത്തിൽ കനത്ത ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

 

English Summary: Hurricane Ian Devastates Florida, Death Count Crosses 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com