മാമ്മത്തുകളെ തിരികെ കൊണ്ടുവരാൻ സിഐഎ: എന്താണ് ഉദ്ദേശ്യമെന്ന് അമ്പരപ്പ്

An Ancient Woolly Mammoth
Image Credit: Orla/Shutterstock
SHARE

യുഎസിന്റെ രഹസ്യാന്വേഷണ സംഘടനയായ സെ‍ൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) വിചിത്രമായ ഒരു ഗവേഷണത്തെ പിന്താങ്ങുന്നതായി റിപ്പോർട്ടുകൾ. മൺമറഞ്ഞ മാമ്മത്തുകളെ തിരികെ ഭൂമിയിലെത്തിക്കാനുള്ള ഗവേഷണത്തിനാണു സിഐഎയുടെ പിന്തുണ. 

ഈ ഗവേഷണം നടത്തുന്ന കൊളോസൽ ബയോസയൻസസ് എന്ന സ്ഥാപനത്തിനു സിഐഎ ഫണ്ടിങ് അനുവദിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സിഐഎ വിചിത്രമായ പല പരീക്ഷണങ്ങൾക്കും ഫണ്ടിങ്ങും നേതൃത്വവുമൊക്കെ വഹിച്ചതായി ചരിത്രമുണ്ടെങ്കിലും ഇത്തരമൊരു പരീക്ഷണത്തിന് എന്തിനാണു പണം മുടക്കുന്നതെന്ന കാര്യം അജ്ഞാതമായി തുടരുന്നു. പീറ്റർ തിയൽ, ടോണി റോബിൻസ്, പാരിസ് ഹിൽറ്റൺ തുടങ്ങിയ പ്രമുഖരും ഈ ഗവേഷണത്തിൽ ഭാഗഭാക്കാണ്.

ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മോത്തുകൾ കഥാപാത്രങ്ങളായി.

മാമ്മത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു.റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മത്ത് യുഗത്തിന് അന്ത്യമായി.

ഒന്നരക്കോടി യുഎസ് ഡോളർ ചെലവഴിച്ചാണു കൊളോസലിന്റെ ഗവേഷണം. പഴയകാല വൂളി മാമ്മത്തുകളെ അതുപോലെ തിരികെയെത്തിക്കാനല്ല ഇവരുടെ ശ്രമം. മറിച്ച് വൂളി മാമ്മത്തും ഏഷ്യൻ ആനകളുമായുള്ള സങ്കരയിനം ജീവികളെ ഭൂമിയിൽ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏഷ്യൻ ആനകൾക്കും മാമ്മത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്.ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല. അടുത്തകാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മത്തിന്റെ നശിക്കാത്ത മൃതശരീരം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ജനിതകഘടനയിൽ ക്രിസ്പർ–കാസ് 9 ജീൻ എഡിറ്റിങ് വഴി മാറ്റങൾ വരുത്തി ഗവേഷണം പൂർത്തീകരിക്കാനാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം.രണ്ടോ മൂന്നോ വർഷങ്ങൾക്കിടയിൽ തങ്ങളുടെ ഗവേഷണം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമത്തിലാണു കൊളോസൽ.

ഇങ്ങനെ സൃഷ്ടിക്കുന്ന മാമ്മത്ത് ആനകളെ ഉത്തരധ്രുവ മേഖലയിൽ വിട്ടാൽ അവ കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിലും പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതിനും കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ വാദം. ഒരുകാലത്ത് ആർട്ടിക് മേഖലയിൽ പുൽമേടുകൾ സുലഭമായിരുന്നു. മഞ്ഞിൽ പുതഞ്ഞുള്ള ഈ പുൽമേടുകൾ മാമ്മത്തുകളുടെ പ്രധാന ഭക്ഷണശ്രോതസ്സായിരുന്നു. ഇവ പെർമഫ്രോസ്റ്റിനെ സംരക്ഷിച്ചുനിർത്തുകയും അന്തരീക്ഷകാർബണിനെ സംഭരിച്ച് ബഹിർഗമനത്തോത് കുറയ്ക്കുകയും ചെയ്തു. എന്നാൽ മാമ്മത്തുകൾ അപ്രത്യക്ഷമായതോടെ പുൽമേടുകൾ നശിക്കുകയും ഇവയുടെ ഭാഗത്ത് പായലുകളും മറ്റും വളരുകയും ചെയ്തു. പുതിയ മാമ്മത്ത് ആനകൾ വരുന്നതോടെ പുൽമേടുകളും തിരിച്ചുവരുമെന്ന് പറയപ്പെടുന്നു. ഇക്കോ എൻജിനീയറിങ്ങിലെ റീവൈൽഡിങ് എന്ന പ്രക്രിയയാണ് ഇത്. ഈ ഗവേഷണത്തിനെതിരെ വൻ വിമർശനവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ജീവികളുമായി ബന്ധപ്പെട്ട് സിഐഎ മുൻപും പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 

സിഐഎയുടെ കുപ്രസിദ്ധമായ ഗവേഷണ പദ്ധതിയായിരുന്നു പ്രോജക്ട് എംകെ അൾട്ര. ഇതിന്റെ ഭാഗമായി നായകളുടെ തലയോട്ടികൾ തുരന്ന് അവയ്ക്കുള്ളിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ചിരുന്നു. 

English Summary: CIA Wants To Bring Back Woolly Mammoth From Extinction: Report

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}