ADVERTISEMENT

സെപ്റ്റംബര്‍ മൂന്നാം വാരമാണ് മെക്സിക്കോയില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വീട് നഷ്ടപ്പെടുകയും കോടിക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടം  ഉണ്ടാവുകയും ചെയ്തു. അതേസമയം ഭൗമശാസ്ത്രജ്ഞരുടെ ശ്രദ്ധ പോയത് മറ്റൊരിടത്തേക്കായിരുന്നു. ഇതേ ഭൂചലനം ആയിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ അകലെ ഒരു സുനാമിക്കു കൂടി കാരണമായി. ഇന്ത്യയിലോ, ജപ്പാനിലോ ഉണ്ടായത് പോലെ കടലിലായിരുന്നില്ല ഈ സുനാമി ഉണ്ടായതെന്നു മാത്രം. യുഎസിലെ കലിഫോര്‍ണിയയുലെ മരുപ്രദേശത്താണ് ചെറു സുനാമി എന്ന് ഗവേഷകര്‍ വിശേഷിപ്പിച്ച വെള്ളപ്പൊക്കത്തിന് ഈ ഭൂചലനം വഴിവച്ചത്.

മരണ താഴ്‌വരയിലെ സുനാമി

കലിഫോര്‍ണിയ മരുപ്രദേശത്തെ ഏറ്റവും കുപ്രസിദ്ധമായ സ്ഥലമാണ് മരണ താഴ്‌വര. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന മെക്സിക്കോയിലെ മേഖലയില്‍ നിന്ന് 1500 കിലോമീറ്ററിലധികം അകലെയാണ് മരണ താഴ്‌വരയുള്ളത്. മരണതാഴ്‌വരയിലെ ഡെവിള്‍സ് ഹോള്‍ അഥവാ ചെകുത്താന്‍റെ കിണര്‍ എന്ന മേഖലയും ചുറ്റുമുള്ള പ്രദേശങ്ങളും ഭൂമിയിലെ തന്നെ ഏറ്റവും ചൂടേറിയ പ്രദേശമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വര്‍ഷങ്ങളുടെ ഇടവേളയിലാകും പലപ്പോഴും മഴയെത്തുന്നത്. കൂടാതെ ഭൂഗര്‍ഭജലത്തിന്‍റെ സാന്നിധ്യവും വളരെ പരിമിതമാണ്. ഇങ്ങനെയാണെങ്കിലും ഇവിടെ മഴയുടെ സഹായില്ലാതെ തന്നെ ഒരു ചെറു തടാകം നിലനിൽക്കുന്നുണ്ട്. മഴ ലഭിക്കാന്‍ പല വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെങ്കിലും അത്രയും കാലവും ഈ തടാകത്തിലെ ജലവും അവിടെ തുടരാറുണ്ട്. തടാകം മാത്രമല്ല ഈ തടാകത്തില്‍ അതിജീവിക്കുന്ന ഒരു ഇനം മത്സ്യവും ഇവിടെയുണ്ട്. ചെകുത്താന്‍ കിണറിലെ പപ് ഫിഷ് എന്നാണ് ഈ മത്സ്യങ്ങള്‍ അറിയപ്പെടുന്നത്. 

നൂറ്റാണ്ടുകളുടെ ഒറ്റപ്പെടല്‍

ഏതാണ്ട് 10000 വര്‍ഷത്തിലേറെയായി ഈ മേഖല സമാനമായ വരണ്ടുണങ്ങിയ കാലാവസ്ഥയിലാണുള്ളത്. അതുകൊണ്ട് തന്നെ ഈ തടാകത്തില്‍ മാത്രമായി ഒറ്റപ്പെട്ട് ജീവിച്ച് പരിണാമം സംഭവിച്ചവയാണ് ഈ മത്സ്യങ്ങളും. സാധാരണ ഒരു ഒളിപിംക് സ്വിമ്മിങ് പൂളിന്‍റെ നീളമുള്ള, എന്നാല്‍ അതില്‍ ഒരു ലൈനിന്‍റെ മാത്രം കഷ്ടിച്ച് വലുപ്പം വരുന്ന ഈ തടാകത്തില്‍ മത്സ്യങ്ങളുടെ അതിജീവനം വളരെ കൗതുകത്തോടെയാണ് ഗവേഷകലോകം പഠന വിധേയമാക്കിയിട്ടുള്ളതും.

ഈ തടാകത്തിന്‍റെ അരികുകളിലുള്ള പാറകളിലെ ആല്‍ഗകളാണ് ഈ മത്സ്യങ്ങളുടെ ഭക്ഷണം. 9 വര്‍ഷം മുന്‍പ് ഈ ഇനത്തില്‍ പെട്ട 35 മത്സ്യങ്ങള്‍ മാത്രമാണ് തടാകത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് അവയുടെ എണ്ണം 175 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരതയുള്ള എണ്ണമല്ലെന്നും കാലാവസ്ഥയ്ക്കും സാഹചര്യത്തിനുമനുസരിച്ച് ഇവയുടെ എണ്ണം വലിയ തോതില്‍ കുറയുന്നത് പതിവാണെന്നും ഇവയെ നിരീക്ഷിക്കുന്നവര്‍ വിശദീകരിക്കുന്നു.

തടാകത്തിലെ ചെറു സുനാമി

മെക്സിക്കോയിലുണ്ടായ ഭൂചലനം ഈ ചെറു തടാകത്തിലാണ് സുനാമികക്ക് തുല്യമായ പ്രതിഭാസം സൃഷ്ടിച്ചത്. ഒരു കൈപ്പത്തിയുടെ മാത്രം ആഴം പലയിടത്തും ഉള്ള, 72 മീറ്റര്‍ മാത്രം നീളമുള്ള ഈ തടാകത്തില്‍ സുനാമി എങ്ങനെയുണ്ടാകും എന്നതാണ് കൗതുകകരമായ ചോദ്യം. ഉത്തരം ലളിതമാണ്, സമുദ്രത്തില്‍ ഭൂചലനം തിരകള്‍ സൃഷ്ടിയ്ക്കുന്നത് പോലെ ഈ തടാകത്തിലും ഭൂചലനം തിരകള്‍ സൃഷ്ടിച്ചു. അതും, തടാകത്തിന്‍റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ സാമാന്യം വലിയ തിരകള്‍ തന്നെയാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും.

തടാകത്തിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുള്ള തിരമാലകളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ യുട്യൂബിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഭൂചലനത്തെ തുടര്‍ന്ന് ഈ താടകത്തില്‍ തിരമാലകള്‍ ഉണ്ടാകുന്നത്. 2019 ലും കലിഫോര്‍ണിയ- നെവാഡ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് തടാകത്തില്‍ സമാനമായ തിരകള്‍ രൂപപ്പെട്ടിരുന്നു. അന്ന് കൂടുതല്‍ വെള്ളമുണ്ടായിരുന്നതിനാല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ ഈ തടാകത്തിലെ വെള്ളം തിരയടിച്ചുയര്‍ന്നിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്തരം സുനാമികള്‍ അല്‍പനേരത്തേക്കാണ് നീണ്ടു നില്‍ക്കുന്നതെങ്കില്‍ അത് പപ് മത്സ്യങ്ങളെ സാരമായി ബാധിക്കാറില്ല. എന്നാല്‍ ഇത് കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നതാണെങ്കിൽ ഈ അപൂര്‍വ മത്സ്യങ്ങള്‍ക്ക് പലപ്പോഴും ഹാനികരമായേക്കുനെന്നും ഗവേഷകര്‍ പറയുന്നു. 

English Summay: Mexico Earthquake Sets Off Desert Tsunami In Death Valley Cave Containing World’s Rarest Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com