ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ ധാരാളം ഐഎസ് ഭീകരർ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയുമൊക്കെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. മൊസാംബിക്കിൽ ദീർഘ നാളായി ഐഎസ് ഭീകരരും സർക്കാർ അനുകൂല സേനകളും തമ്മിൽ പോരാട്ടം തുടർന്നുവരികയാണ്. അൽ ഷബാബ് എന്ന ഉപസംഘടനയുടെ നേതൃത്വത്തിലാണ് മുഖ്യമായും ഐഎസ് മൊസാംബിക്കിൽ പ്രവർത്തിക്കുന്നത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പൊലീസ് മേധാവിയാണ് അൽ ഷബാബ് ഭീകരർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകിയിരിക്കുന്നത്.

കുറേപ്പേർ പ്രതിരോധ സേനകളുടെ വെടിയുണ്ടകളാലും മറ്റനേകം പേർ പാമ്പുകൾ, കാട്ടുപോത്തുകൾ, സിംഹങ്ങൾ, മുതലകൾ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണത്താലും കൊല്ലപ്പെട്ടെന്നാണ് ക്വിസംഗ പൊലീസ് നൽകുന്ന വിവരം. ക്വിസംഗയിൽ കഴിഞ്ഞ ദിവസങ്ങളിൽ 16 ഭീകരരാണ് കൊല്ലപ്പെട്ടത്. മൊസാംബിക്കിൽ എണ്ണ സമ്പുഷ്ടമായ മേഖലയാണ് കാബോ ഡെൽഗാഡോ. ഇവിടെ 2017 മുതൽ തന്നെ ഐഎസ് ആക്രമണങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ 2020 ആയതോടെ ആക്രമണങ്ങൾ മൂർധന്യത്തിലെത്തിയെന്ന് മേഖലയെക്കുറിച്ച് പഠനം നടത്തുന്ന വിദഗ്ധർ പറയുന്നു.

മൊസാംബിക്കിൽ സ്ഥിതി ചെയ്യുന്ന ദുർബലമായ സർക്കാരിനെയും കലുഷിതമായ സാഹചര്യങ്ങളെയും മുതലെടുക്കാനാണ് ഐഎസിന്റെ ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്. വലിയ തോതിൽ കുട്ടികളെയും സംഘത്തിലേക്ക് ഐഎസ് റിക്രൂട്ട് ചെയ്യുന്നുണ്ട്. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആയുധപരിശീലനം നൽകുന്നതായി വിഡിയോ തെളിവുകളുണ്ടെന്ന് യൂനിസെഫ് വക്താവ് ജയിംസ് എൽഡർ അറിയിച്ചിരുന്നു. തുടരുന്ന സംഘർഷത്തിൽ നാലായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ഒൻപതര ലക്ഷത്തോളം ആളുകൾക്ക് വീടുപേക്ഷിച്ചു പോകേണ്ടിവരികയും ചെയ്തിരുന്നു.

വലിയ ജൈവവൈവിധ്യം നിലനിൽക്കുന്ന രാജ്യമാണ് മൊസാംബിക്. 200 ഇനം സസ്തനികൾ, 740 തരം പക്ഷികൾ, 170 ഉരഗവർഗങ്ങൾ, 40 ഇനത്തിലുള്ള ഉഭയജീവികൾ എന്നിവ മൊസാംബിക്കിലുണ്ട്. സിംഹങ്ങൾ, ചീറ്റകൾ, ആനകൾ, പുലികൾ, കാണ്ടാമൃഗങ്ങൾ, കഴുതപ്പുലികൾ തുടങ്ങി ഒട്ടനേകം മൃഗങ്ങൾ രാജ്യത്തുണ്ട്. രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള പ്രവിശ്യയായ കാബോ ഡെൽഗാഡോയിലും കൂടിയാണ് രാജ്യത്തെ ഏറ്റവും വലിയ ദേശീയ വന്യജീവിസങ്കേതമായ നയാസ നാഷനൽ റിസർവ് സ്ഥിതി ചെയ്യുന്നത്. ഭീകരപ്രവർത്തനത്തിനു പുറമെ മൃഗചൂഷണ സംഘങ്ങളും പ്രവിശ്യയിൽ ശക്തമാണ്.  വൻ തോതിൽ ആനക്കൊമ്പു കള്ളക്കടത്തും അനധികൃത മൃഗവേട്ടയുമൊക്കെ ഇവിടെ അരങ്ങേറുന്നതായി രാജ്യാന്തര സംഘടനകൾ നേരത്തെ വിവരം നൽകിയിരുന്നു.

 

English Summary: Lions and Crocodiles Credited with Killing ISIS Fighters in Mozambique, Says Report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT