റഷ്യയിൽ പെയ്ത ‘നാണയമഴ’; പെയ്തിറങ്ങിയത് ആയിരക്കണക്കിന് നാണയം, വിചിത്ര മഴയ്ക്കു പിന്നിൽ?
Mail This Article
മഴക്കാലമാകുകയാണ് കേരളത്തിൽ. ഇടിയും മിന്നലുമായുള്ള തുലാമഴ വരവറിയിച്ചുള്ള ലക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ട്. ലോകത്ത് ചിലപ്പോഴൊക്കെ ചില അപൂർവ മഴകളും പെയ്തിട്ടുണ്ട്. കേരളത്തിൽ 2001ൽ ചുവന്ന മഴ പെയ്തത് ആളുകൾക്ക് ഇന്നും ഓർമയുള്ള കാര്യമാണ്. ചുവന്ന നിറത്തിലുള്ള മഴ താഴേക്കു പെയ്തത് ആളുകളെ അമ്പരപ്പിലാക്കി. ഒരു പ്രത്യേക തരം ആൽഗെയുടെ സാന്നിധ്യമാണ് ഈ മഴയ്ക്ക് പിന്നിലെന്ന് പിൽക്കാലത്ത് വിശദീകരണം ഉയർന്നിരുന്നു. ഉൽക്കയിൽ നിന്നുള്ള ചുവന്നപൊടി മൂലമാണ് മഴയ്ക്ക് ഈ നിറം കിട്ടിയതെന്നും ഇടയ്ക്ക് സംശയമുണ്ടായിരുന്നു. 1957ലും ചുവന്ന മഴ കേരളത്തിൽ പെയ്തിരുന്നു. 2001ലെ സംഭവത്തിനു ശേഷം പിൽക്കാലത്തും കുറേയെറെ തവണ ചുവന്നമഴ പെയ്ത സംഭവങ്ങളുണ്ടായി. ഒട്ടേറെ ചർച്ചകൾക്ക് വഴിവച്ച സംഭവമാണ് ഇത്.
വിചിത്രമഴകളിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് 1940ൽ റഷ്യയിലെ ഗോർക്കി പട്ടണത്തിൽ പെയ്ത നാണയമഴ. നാണയം മഴയായി പെയ്യുമോ? അവിശ്വസനീയമായ കാര്യമാണെങ്കിലും അന്നത് സംഭവിച്ചെന്നതാണ് സത്യം. ആയിരക്കണക്കിനു വിലപിടിപ്പും ചരിത്രമൂല്യവുമുള്ള വെള്ളിനാണയങ്ങൾ അന്ന് ഗോർക്കിപട്ടണത്തിൽ വീണു. എന്തായിരുന്നു ഇതിന്റെ പിന്നിലുള്ള സംഭവമെന്നോ? ഒരു ചുഴലിക്കാറ്റാണ് ഈ പൊല്ലാപ്പുണ്ടാക്കിയതെന്ന് ശാസ്ത്രജ്ഞർ പിന്നീട് കണ്ടെത്തി. ചുഴലിക്കാറ്റ് ഒരു നിധിപേടകത്തെ അന്തരീക്ഷത്തിലേക്കുയർത്തി തുറന്നതിന്റെ പരിണതഫലമായാണത്രേ നാണയങ്ങൾ ചിതറിവീണത്. സമീപകാലത്ത് ലോകത്ത് വലിയ വാർത്തയായ സംഭവമാണ് യുഎസിലെ ഓറിഗണിൽ പെയ്ത പാൽമഴ. 2015ലാണ് ഇതു സംഭവിച്ചത്. മഴയ്ക്ക് നല്ല പാലിന്റെ നിറവും കൊഴുപ്പുമുണ്ടായിരുന്നു. പാലാണു വീഴുന്നതെന്ന് പോലും ആളുകൾ വിചാരിച്ചു. റഷ്യയിലോ ജപ്പാനിൽ നിന്നോ ഉള്ള ഒരു അഗ്നിപർവതവിസ്ഫോടനത്തിന്റെ ചാരം വഹിച്ചുവന്ന കാറ്റ് മഴയുമായി കൂടിക്കലർന്നാണ് ഈ വിചിത്രപ്രതിഭാസം സംഭവിച്ചതെന്നായിരുന്നു ഇതെക്കുറിച്ചുള്ള വിലയിരുത്തൽ.
2009ൽ ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ മഴപോലെ പെയ്തു വീണത് ആരൊക്കെയാണെന്നറിയാമോ? മീനുകളും തവളകളും വാൽമാക്രികളും. അന്നേദിനം ഇഷിക്കാവയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളും ലോണുകളും മറ്റും ഇവയെക്കൊണ്ടു നിറഞ്ഞു. വെള്ളം ആകാശത്തേക്കു കുതിച്ചുയരുന്ന വാട്ടർ സ്പ്രൗട്ട് പ്രതിഫാസത്തിന്റെ ഭാഗമായാണ് ഇവ ആകാശത്തെത്തിയതെന്നും അവിടെനിന്ന് മഴപോലെ ഇവ പൊഴിയുകയായിരുന്നുമെന്നുമാണ് ഇതെക്കുറിച്ചുള്ള ഏറ്റവും പ്രബലമായ സിദ്ധാന്തം. ബ്രിട്ടനിൽ 2012ൽ സംഭവിച്ച മറ്റൊരു പ്രതിഭാസമാണ് ജെല്ലിമഴ.ബ്രിട്ടനിലെ ഡോർസെറ്റിലാണ് ഇതു സംഭവിച്ചത്. അന്നേദിനം ഈ മേഖലയിൽ ആലിപ്പഴങ്ങൾ പൊഴിഞ്ഞിരുന്നു.
ഇതിനൊപ്പമാണ് ഈ നീലനിറത്തിലുള്ള ഈ ജെല്ലികളും വീണത്. പക്ഷികൾ ആകാശത്തേക്കു കൊണ്ടുപോയ ഏതോ സമുദ്രജീവികളുടെ മുട്ടകളാണ് ഇതിനു വഴിവച്ചതെന്നായിരുന്നു ഗവേഷകർ ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീട് ഇത് സോഡിയം പോളി അക്രിലേറ്റ് എന്ന വസ്തുവാണെന്നു തെളിഞ്ഞു.എങ്ങനെയിതു മഴപോലെ പൊഴിഞ്ഞെന്നുള്ളത് ഇന്നും പിടികിട്ടാത്ത കാര്യം. ഓസ്ട്രേലിയയിൽ ചിലപ്പോൾ മഴയായി പെയ്യുന്നത് ചിലന്തികളാണ്. ബലൂണിങ് എന്ന രീതിയിൽ ചിലന്തികൾ യാത്ര ചെയ്യുന്നതാണ് ഇതിനു കാരണമാകുന്നത്.
English Summary: 1940 Silver Coin Rain, Russia - The Most Expensive Rain that Has Ever Happened In History