ചുഴലിക്കാറ്റിൽ അകപ്പെട്ട 'ഓഖി' മടങ്ങി; തമിഴ്നാട്ടിൽ നിന്ന് രാജസ്ഥാനിലേക്കുള്ള കഴുകന്റെ യാത്ര വിമാനത്തിൽ
Mail This Article
ദക്ഷിണേന്ത്യൻ തീരത്ത് 2017ൽ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ആരും മറക്കാനിടയില്ല. മുന്നൂറിലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും കനത്ത നാശനഷ്ടം വിതയ്ക്കുകയും ചെയ്ത ഓഖി മൂലം മനുഷ്യർ മാത്രമല്ല നിരവധി ജീവജാലങ്ങളും ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നു. അക്കൂട്ടത്തിൽ ഒന്നിന്റെ കഥ മറ്റുള്ളവയിൽ നിന്നും അല്പം വ്യത്യസ്തമാണ്. ദേശാടനത്തിനായി തമിഴ്നാട്ടിലെ തീരപ്രദേശത്തെത്തി ചുഴലിക്കാറ്റിൽ കുടുങ്ങിപ്പോയ ഒരു കഴുകനാണ് കഥയിലെ താരം.'ഓഖി' എന്ന പേര് നൽകിയിരിക്കുന്ന കഴുകൻ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വനത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.
ചുഴലിക്കാറ്റിനെത്തുടർന്ന് തീരത്ത് കുടുങ്ങിപ്പോയ ഓഖിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചിരുന്നു. അഞ്ചുവർഷമായി സ്നേഹവും പരിചരണവും നൽകി അതിനെ പുനരധിവസിപ്പിക്കുകയും ചെയ്തു. കൃത്യമായ ചികിത്സ ലഭിച്ചതോടെ അപകടത്തെ തുടർന്നുണ്ടായ പരുക്കിൽ നിന്നും കഴുകൻ പൂർണമായും രക്ഷപ്പെട്ടു. വനത്തിലേക്ക് തുറന്നു വിടാനുള്ള പ്രായം ഓഖിക്കെത്തിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിനെ രാജസ്ഥാനിലേക്കെത്തിക്കാനുള്ള നീക്കങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചത്.
ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് ഓഖിയുടെ യാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജോധ്പൂരിലുള്ള മാച്ചിയ ബയോളജിക്കൽ പാർക്കിലേക്കെത്തിക്കാനായിരുന്നു തീരുമാനം. കന്യാകുമാരിയിൽ നിന്നും ജോധ്പൂരിലേക്ക് 2600 കിലോമീറ്റർ ദൂരമാണുള്ളത്. റോഡുമാർഗമോ ട്രെയിനിലൂടെയോ പക്ഷിയെ രാജസ്ഥാനിലേക്ക് എത്തിക്കുന്നതിന് ഒന്നിലധികം ദിവസങ്ങൾ വേണ്ടിവരും. അതിനാൽ ഓഖിയുടെ യാത്ര വിമാനത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ ആഴ്ച എയർ ഇന്ത്യയുടെ വിമാനത്തിൽ ഓഖി തമിഴ്നാട്ടിൽ നിന്നും യാത്രയായി.
യാത്രയ്ക്കായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങി. കൃത്യമായ വായു സഞ്ചാരവും വിസ്തൃതിയുമുള്ള കൂടും ഒരുക്കിയിരുന്നു. ഓഖിക്ക് യാത്രയിലുടനീളം മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ സന്നാഹങ്ങളും തയാറാക്കി. ഒടുവിൽ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ അല്പം താമസം നേരിടേണ്ടി വന്നെങ്കിലും വെള്ളവും ആഹാരവും കൊടുത്ത് ഓഖി സുഖമായിരിക്കുകയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വിമാനത്തിൽ കയറ്റുന്ന സമയത്തും ഇറക്കുന്ന സമയത്തും കഴുകന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകരുതെന്ന കർശന നിർദേശമാണ് ജീവനക്കാർക്ക് നൽകിയിരുന്നത്.
സിനേറിയസ് വൾച്ചർ ഇനത്തിൽപ്പെട്ട കഴുകനാണ് ഓഖി. ആദ്യമായാണ് ഇന്ത്യയിൽ ഒരു കഴുകനെ ആകാശമാർഗം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്കെത്തിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾ മാറിയതിന്റെ പരിഭ്രാന്തിയോ ബുദ്ധിമുട്ടുകളോ ഒന്നും ഓഖി യാത്രയിലുടെനീളം പ്രകടിപ്പിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിക്കുന്നു. ഇനിയുള്ള കാലം മാച്ചിയ ബയോളജിക്കൽ പാർക്കിലാവും ഓഖിയുടെ വാസം.
English Summary: Vulture, Rescued During 2017 Cyclone, Airlifted From Tamil Nadu To Rajasthan, Set To Fly Again