ADVERTISEMENT

കാടും മലയും കയറി ഒറ്റയ്ക്കുള്ള സഞ്ചാരത്തിലാണ് നിങ്ങളെന്ന് കരുതുക. മൂടല്‍ മഞ്ഞും ഇരുട്ടും തണുപ്പും ഒക്കെ നിങ്ങളുടെ ഒറ്റപ്പെടലിനെ രൂക്ഷമാക്കുന്ന ഒരു ഘട്ടത്തില്‍ നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെന്ന് കൂടി തോന്നിയാലോ. ആ ഒരു സന്ദര്‍ഭത്തില്‍ എത്ര വലിയ ധൈര്യശാലിയും ഒന്ന് പതറിപ്പോകും. പ്രത്യേകിച്ചും മഞ്ഞ് മൂലം വ്യക്തമാകാത്ത കാഴ്ചയും കിലോമീറ്ററുകളോളം ചുറ്റളവില്‍ സഹായത്തിന് പോലും ആരുമില്ലെന്ന തിരിച്ചറിവും കൂടി ആകുമ്പോള്‍.

യുകെയില്‍ വച്ചാണ് മലകയറ്റത്തിനിടെ ക്രിസ് റന്‍ഡാല്‍ എന്ന സഞ്ചാരിക്ക് ഈ അനുഭവമുണ്ടായത്. ക്രിസ് തനിക്കുണ്ടായ അനുഭവം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വ്യക്തമായ ഒരു രൂപമില്ലെങ്കിലും മൂടല്‍മഞ്ഞിലൂടെ ഒരു മനുഷ്യന്‍ നടന്നു നീങ്ങുന്നതു പോലെ ക്യാമറയില്‍ കാണാന്‍ കഴിയും. ക്രിസ് നടക്കുന്നതിന് സമാനമായ വേഗത്തിലും അതേ ദിശയിലേക്കുമാണ് ഈ രൂപവും നടന്നത്. ഒപ്പം നടക്കുന്നത് മനുഷ്യനോ, അതോ മനുഷ്യരൂപം പോലെ തൊന്നുന്ന മറ്റേതെങ്കിലും അമാനുഷിക ശക്തിയോ എന്ന് ആ നിഴല്‍ പോലെ മാത്രമുള്ള രൂപം കണ്ടാല്‍ ആരും സംശയിക്കും. 

 

ബ്രോക്കണ്‍ സ്പെക്ടർ

എന്നാല്‍ മലകയറ്റത്തില്‍ വലിയ പരിചയ സമ്പത്തുള്ള ക്രിസിന് പേടി തോന്നിയില്ല. കാരണം മൂടല്‍ മഞ്ഞില്‍ തെളിഞ്ഞ രൂപത്തിന് പിന്നിലെ ശാസ്ത്രീയ വിശദീകരണം ക്രിസിന് അറിയാമായിരുന്നു. ബ്രോക്കണ്‍ സ്പെക്ടർ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഈ നിഴല്‍ രൂപത്തിനു പിന്നില്‍. പുലര്‍ച്ചെയുള്ള സൂര്യവെളിച്ചം വസ്തുക്കളുടെ നിഴല്‍ മൂടല്‍മഞ്ഞില്‍ പതിപ്പിക്കുന്നതാണ് ബ്രോക്കണ്‍ സ്പെക്ടർ എന്നറിയപ്പെടുന്നത്. സൂര്യവെളിച്ചത്തിന്‍റെ അളവും മൂടല്‍മഞ്ഞ് എത്ര അകലെയാണെന്നുള്ളതും ആശ്രയിച്ച് നിഴലിന്‍റെ വലുപ്പം വ്യത്യസപ്പെട്ടിരിക്കും.

 

ഈ പ്രതിഭാസമാണ് ക്രിസിനെ മലകയറ്റത്തിനിടെ പിന്തുടര്‍ന്ന നിഴല്‍ മനുഷ്യന് പിന്നിൽ. സൂര്യകിരണം ക്രിസിന്‍റെ ശരീരത്തിന്‍റെ നിഴല്‍ പിന്നിലുണ്ടായിരുന്ന മൂടല്‍മഞ്ഞില്‍ പതിപ്പിച്ചു. കട്ടിയുള്ള മൂടല്‍മഞ്ഞാണെങ്കില്‍ മാത്രമെ ഇതേ തുടര്‍ന്നുണ്ടാകുന്ന നിഴല്‍ വ്യക്തമായി കാണാന്‍ കഴിയൂ. ക്രിസ് നിന്നിരുന്ന പ്രദേശത്തെ മൂടല്‍മഞ്ഞ് കനത്തതായത് കൊണ്ട് തന്നെ ക്രിസിന്‍റെ നിഴല്‍ അതില്‍ പതിഞ്ഞു. തുടര്‍ന്നാണ് ക്രിസിനെ അനുകരിക്കുന്ന ഒരു നിഴല്‍രൂപം അവിടെ പ്രത്യക്ഷപ്പെട്ടത്. ട്വിറ്ററിലൂടെയാണ് ഈ നിഴല്‍രൂപത്തിന്‍റെ വിഡിയോ ക്രിസ് പങ്ക് വച്ചത്. ഈ നിഴല്‍രൂപം രൂപപ്പെട്ടതിന് പിന്നിലുള്ള ശാസ്ത്രീയത വിശദീകരിച്ചുകൊണ്ടാണ് ക്രിസ് ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിൽ ബ്രോക്കണ്‍ സ്പെക്ടർ  എന്താണെന്നും, അത് രൂപപ്പെടാനുള്ള സാഹചര്യം എങ്ങനെ ഒരുങ്ങുന്നുവെന്നും ക്രിസ് വിശദീകരിക്കുന്നുണ്ട്.

 

സമാനമായ അനുഭവം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ സഞ്ചാരിയായ ജോണ്‍ സില്‍ബര്‍ഷാഗിനും ഉണ്ടായിരുന്നു. ക്രിസിന്‍റെ നിഴല്‍ രൂപപ്പെട്ടത് ഭൂമിയോട് ചേര്‍ന്നാണെങ്കില്‍ ജോണിന്‍റേത് ആകാശത്തായിരുന്നു. മലമുകളില്‍ നില്‍ക്കുമ്പോഴാണ് ഒരു ദിവ്യരൂപം പോലെ ജോണിന്‍റെ നിഴല്‍ മലയ്ക്കപ്പുറം ആകാശത്തുള്ള മൂടല്‍മഞ്ഞില്‍ പതിച്ചത്. മൂടല്‍മഞ്ഞിലെ ജലകണങ്ങള്‍ മൂലം ഈ സമയത്ത് മഴവില്ലും രൂപപ്പെട്ടിരുന്നു. ജോണ്‍ അതിശയത്തോടെ പങ്കുവച്ച ഈ ചിത്രത്തില്‍ ഏതോ ദിവ്യനെപ്പോലെ മഴവില്ലിന് നടുവില്‍ ആകാശത്ത് നില്‍ക്കുന്നത് പോലയാണ് ജോണിന്‍റെ നിഴല്‍ രൂപം കാണപ്പെട്ടത്.

 

1780 ല്‍ ജര്‍മനിയിലാണ് ഇത്തരം ഒരു പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിബിസി പറയുന്നു. ബ്രോക്കണ്‍ എന്ന് പേരുള്ള പര്‍വത ശിഖിരത്തിലാണ് ഈ പ്രതിഭാസം അന്ന് നിരീക്ഷിച്ചത്. ഈ കാരണത്താലാണ് ബ്രോക്കണ്‍ എന്ന പേര് ചേര്‍ത്ത് ബ്രോക്കണ്‍ സ്പെക്ടർ എന്നും ബ്രോക്കണ്‍ ബോ എന്നും ഇതറിയപ്പെടാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ന്യൂ ഇയര്‍ സമയത്ത് ഇംഗ്ലണ്ടിലെ തന്നെ വെയില്‍സിലും സമാനമായ പ്രതിഭാസം ദൃശ്യമായിരുന്നു. റെയ്സ് പ്ലമിങ് എന്നയാളാണ് അന്ന് മല കയറുന്നതിനിടെ ഈ പ്രതിഭാസത്തിന് സാക്ഷിയായത്. അന്ന് മലമുകളിലെത്തി യാത്ര പൂര്‍ത്തിയാക്കി സൂര്യോദയം ആസ്വദിക്കുന്നതിനിടെയാണ് റെയിസ് പ്ലമിങ്ങും സുഹൃത്തും ബ്രോക്കണ്‍ ബോ പ്രതിഭാസം ശ്രദ്ധിച്ചത്. 

 

English Summary: All Alone In The Wilderness, Hiker Finds He's Being Followed By A Brocken Spectre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com