നിർത്താതെ വട്ടം കറങ്ങും, ഒടുവിൽ കൂട്ടത്തോടെ മരിച്ചുവീഴും; ഉറുമ്പുകളുടെ മരണ ചുറ്റിനു പിന്നിൽ?

Death Spiral! Colony of Ants Gets Caught in 'Circular Death Trap' Just To Die of Exhaustion
Grab Image from video shared on Twitter by fasc1nate
SHARE

കൂട്ടമായി നീങ്ങുന്നതിനിടെ ഇടയ്ക്കുവച്ച് വഴിതെറ്റുന്നവയ്ക്ക് നേർവഴി കാട്ടിക്കൊടുക്കുന്ന ആളാണ് നേതാവ്. എന്നാൽ നേതാവിനാണ് വഴി തെറ്റുന്നതെങ്കിലോ? അന്ധമായി പിൻതുടരുന്നവരെല്ലാം അപകടത്തിലാവുമെന്നുറപ്പ്. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മറ്റു ജീവജാലങ്ങളുടെ കാര്യത്തിലും ഇത് സംഭവിച്ചെന്നു വരാം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആർമി ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഉറുമ്പുകൾ. ഏറ്റവും മുന്നിൽ നടന്നു നീങ്ങുന്ന ഉറുമ്പിന് അബദ്ധത്തിൽ ഒന്ന് വഴിതെറ്റുന്നത് മൂലം ഒരേ ദിശയിൽ വട്ടം കറങ്ങി ഒടുവിൽ തളർന്നു ചത്തു വീഴാനാണ് ഇവയുടെ വിധി.

ആർമി ഉറുമ്പുകളിലെ ലാബിഡസ് പ്രെയ്ഡേറ്റർ  എന്ന ഇനമാണ് പ്രധാനമായും ഈ മരണച്ചുറ്റിൽ ചെന്നുപെടുന്നത്. ഇവ പൂർണമായും അന്ധരാണ്. ഒരിടത്ത് സ്ഥിരമായി തങ്ങാറില്ല എന്നതാണ് ഈ ഇനത്തിന്റെ മറ്റൊരു സ്വഭാവസവിശേഷത. ഭക്ഷണം തേടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇവ അലഞ്ഞുകൊണ്ടേയിരിക്കും. വരിയിൽ മുന്നിൽ നീങ്ങുന്ന ഉറുമ്പിന്റെ ഗന്ധം പിന്തുടർന്ന് നീങ്ങുകയാണ്  ഇവ ചെയ്യുന്നത്.  നേതാവ് കൃത്യമായി ഭക്ഷണം കണ്ടെത്തിയാൽ ഉറുമ്പ് കൂട്ടത്തിനൊന്നാകെ അത് ഗുണം ചെയ്യും.

എന്നാൽ ഈ യാത്രക്കിടയിൽ  മുൻപിൽ പോകുന്ന ഉറുമ്പിന് ചിലപ്പോൾ വഴിതെറ്റും.  മുൻപോട്ടു നീങ്ങുന്നതിനു പകരം അത് തിരിഞ്ഞ് തനിക്ക് പിന്നാലെ വന്നുകൊണ്ടിരിക്കുന്ന ഉറുമ്പുകളുടെ ഇടയിൽ ചെന്നുപെടുന്നു.  ഫെറോമോണിന്റെ ഗന്ധം ലഭിക്കുന്നതിനെ തുടർന്ന് തനിക്ക് മുന്നിൽ മറ്റൊരു ഉറുമ്പുണ്ടെന്ന് മനസ്സിലാക്കി നേതാവ് അതിനെ പിന്തുടർന്നു തുടങ്ങും. നടന്നു നീങ്ങിയ പാതയിലാണ് വീണ്ടും എത്തിപ്പെട്ടതെന്ന് മനസ്സിലാക്കാതെയാണ് ഈ യാത്ര. നേതാവിന് പിന്നാലെ കൂടിയ ഉറുമ്പുകളും വഴിതെറ്റിയതറിയാതെ ഇതേ ദിശയിൽ നടത്തം തുടരുകയാണ് ചെയ്യുന്നത്.

എന്നാൽ ലക്ഷ്യമില്ലാതെ തുടരുന്ന ഈ ചുറ്റി നടത്തം ഒടുവിൽ അവയെ മരണത്തിലേക്കാണെത്തിക്കുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുടർച്ചയായി നടക്കുന്നത് മൂലം അവയുടെ ശരീരം ക്ഷീണിക്കുകയും മരിച്ചുവീഴുകയും ചെയ്യും. ഈ വിചിത്ര പ്രതിഭാസത്തിന് ആന്റ് മില്ല് എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. 1936 ടി സി ഷ്നെയ്ർല ജീവശാസ്ത്രജ്ഞനാണ് ഉറുമ്പുകളുടെ മരണചുറ്റ് ആദ്യമായി തിരിച്ചറിഞ്ഞത്. നൂറു കണക്കിന് ഉറുമ്പുകൾ ഒരു ദിവസം മുഴുവൻ ഇത്തരത്തിൽ ചുറ്റി നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

പെരുമഴ പെയ്തിട്ടു പോലും അവ തങ്ങളുടെ പാതയിൽ നിന്നും പിന്തിരിയാതെ നടത്തം തുടരുകയായിരുന്നു. പിറ്റേദിവസമായപ്പോഴേക്കും അവയിൽ ഭൂരിഭാഗവും ചത്തു വീണിരുന്നു. ചിലത് തളർന്നു വീഴാറായ അവസ്ഥയിലും ചുറ്റ് തുടർന്നുകൊണ്ടിരുന്നു. വിരലിൽ എണ്ണാവുന്നവ മാത്രമാണ് ചുറ്റിൽ നിന്നും പുറത്തുകടന്ന് ക്ഷീണിച്ച അവസ്ഥയിൽ മറ്റ് ദിശകളിലേക്ക് നീങ്ങുന്നതായി കണ്ടത്. 1944 ൽ ആന്റ് മില്ലിനെക്കുറിച്ച് വിശദീകരിക്കുന്ന പ്രബന്ധവും അദ്ദേഹം രചിച്ചു. ഏതാനും ഇഞ്ചുകൾ മുതൽ മീറ്ററുകളോളം ചുറ്റളവുള്ള ആന്റ് മില്ലുകൾ വരെ പലകാലങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്

English Summary: Death Spiral! Colony of Ants Gets Caught in 'Circular Death Trap' Just To Die of Exhaustion in Viral Video Leaves Netizens Bedazzled

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA