ഭൗമചരിത്രമെടുത്താല്‍ ഇതുവരെ ലോകത്ത് അഞ്ച് കൂട്ട വംശനാശങ്ങളാണുണ്ടായിട്ടുള്ളത്. ഇതില്‍ ഏറ്റവും ഒടുവിലുണ്ടായത് ഉല്‍ക്കാപതനം മൂലമുണ്ടായ ദിനോസറുകളുടെ കാലത്തെ വംശനാശമാണ്. അന്ന് കരയിലെ ജീവികളില്‍ എലികളേക്കാൾ വലുപ്പമുള്ള എല്ലാ ജീവികളും തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്തത്. ഭൂമിയിലെ അടുത്ത കൂട്ടവംശനാശം പ്രതീക്ഷിക്കുന്നത് മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം മൂലമാണ്. ഈ ആറാമത്തെ കൂട്ടവംശനാശത്തിന്‍റെ വക്കിലാണ് ഭൂമിയെന്ന് ഗവേഷകര്‍ ഇപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിശബ്ദവംശനാശം
എന്നാല്‍ ചരിത്രത്തില്‍ ഈ അഞ്ച് വംശനാശങ്ങള്‍ക്കും മുന്‍പ് മറ്റൊരു കൂട്ട വംശനാശം കൂടി ഭൂമിയില്‍ നടന്നിട്ടുണ്ടാകാമെന്ന കണ്ടെത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിശബ്ദ വംശനാശം എന്നാണ് ഈ കൂട്ടവംശനാശത്തെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഈ കൂട്ടവംശനാശത്തിന് പിന്നില്‍ അക്കാലത്തുണ്ടായ കാലാവസ്ഥാ വ്യതിയാനമാണെന്നും ഗവേഷകര്‍ കരുതുന്നു. ഏതാണ്ട് 550 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഈ ദുരന്തത്തില്‍ ഭൂമിയില്‍ അക്കാലത്തുണ്ടായിരുന്നു സസ്തനികളില്‍ 80 ശതമാനത്തിനും വംശനാശം സംഭവിച്ചെന്ന് ഗവേഷകര്‍ കരുതുന്നു. ഭൂമിയിലെ ഓക്സിജന്‍ അളവ് അക്കാലത്ത് ഗണ്യമായി കുറഞ്ഞതാണ് ഈ നാശത്തിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയിലുണ്ടായെന്ന് പറയപ്പെടുന്ന തെളിവുള്ള 5 കൂട്ടവംശനാശങ്ങളില്‍ ആദ്യവംശനാശം സംഭവിക്കുന്നത് ഏതാണ്ട് 450 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇതിനും 100 മില്യണ്‍ വര്‍ഷം മുന്‍പാണ് ഈ നിശബ്ദ വംശനാശം സംഭവിച്ചിരിക്കുകയെന്നാണ് ഗവേഷകര്‍ പറയുന്നത്.
തെളിവ് ഫോസില്‍ റെക്കോര്‍ഡുകള്‍
എഡിയകാറന്‍ കാലഘട്ടമെന്ന് വിളിക്കുന്ന ഈ സമയത്ത് നടന്ന വംശനാശത്തിന് രണ്ട് ഫോസില്‍ റെക്കോര്‍ഡുകളാണ് പ്രധാനപ്പെട്ട തെളിവായി ചൂണ്ടിക്കാട്ടുന്നത്. വൈറ്റ് സീ അസംബ്ലേജ് എന്നറിയപ്പെടുന്ന 560 മില്യണ്‍ മുതല്‍ 550 മില്യണ്‍ വരെ കാലപ്പഴക്കമുള്ള ഫോസില്‍ റെക്കോര്‍ഡ് ആണ് ഇതിൽ ആദ്യത്തേത്. 550 മുതല്‍ 539 മില്യണ്‍ വരെ കാലപ്പഴക്കം കണക്കാക്കുന്ന നാമാ അസംബ്ലേജ് ആണ് രണ്ടാമത്തെ ഫോസില്‍ ശേഖരം.
വൈറ്റ് സീ അസംബ്ലേജ് ഫോസില്‍ ശേഖരത്തില്‍ നിന്ന് 70 വ്യത്യസ്ത തരത്തിലുള്ള ജീവികളുടെ ഫോസിലുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍ പിന്നീടുള്ള നാമാ അസംബ്ലേജില്‍ മുന്‍പുണ്ടായിരുന്ന ജീവികളില്‍ നിന്ന് 14 ജീവികളുടെ മാത്രം ഫോസിലുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. സാംപിളുകള്‍ ശേഖരിക്കുന്നതിലെ തെറ്റുകള്‍ ഉള്‍പ്പടെ കണക്കു കൂട്ടിയാലും ഇത്രയധികം കുറവ് ഒരു മേഖലയില്‍ നിന്നുള്ള ജീവികളുടെ ഫോസിലുകളില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ആദ്യ നിശബ്ദ വംശനനാശത്തിനുള്ള സാധ്യത ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
എന്താണ് ഇങ്ങനെയൊരു നിശബ്ദ വംശനാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണമായതെന്നത് അവ്യക്തമാണ്. തെളിവുകളുടെ അഭാവത്തില്‍ ഏതാനും അഭ്യൂഹങ്ങള്‍ മാത്രമെ ഗവേഷകരെ സംബന്ധിച്ച് ഈ കൂട്ടവംശനാശത്തിന്‍റെ കാരണമായി ചൂണ്ടിക്കാട്ടാനുള്ളൂ. അഗ്നിപര്‍വത സ്ഫോടനമോ, ഭൗമപാളികളുടെ തെന്നിമാറലോ, ഉല്‍ക്കാപതനോ അങ്ങനെയെന്തും ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ച് കൂട്ടവംശനാശമുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചതാകാമെന്ന് ഗവേഷകര്‍ പറയുന്നു.
English Summary: Earth May Have Had A Hidden 6th Mass Extinction That Was Actually The First