ADVERTISEMENT

ദിവസവും നൂറോളം യാത്രാ ട്രെയിനുകളും അൻപതോളം ഗുഡ്സ് ട്രെയിനുകളും ഇരു ഭാഗങ്ങളിലേക്കുമായി പോകുന്ന രണ്ടു റെയിൽപാളങ്ങൾ– എ ലൈനും ബി ലൈനും. ഇതിൽ ബി ലൈൻ 13 കിലോമീറ്ററോളം പൂർണമായും കടന്നുപോകുന്നത് വനത്തിനുള്ളിലൂടെ. സാധാരണ വനമല്ല, കോയമ്പത്തൂർ പ്രോജക്ട് എലഫന്റ് പദ്ധതിയുടെ ഭാഗമായ ആന സംരക്ഷണ കേന്ദ്രം. വനാതിർത്തിയിലൂടെയുള്ള എ ലൈനും വനത്തിലൂടെയുള്ള ബി ലൈനും തമ്മിൽ ചിലയിടങ്ങളിൽ അരക്കിലോമീറ്ററിലേറെ അകലം. വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വരികളിലുണ്ട്... അപ്പുറത്ത് വിശാലമായ കാടുള്ളപ്പോൾ റെയിൽവേ ട്രാക്ക് കുറുകെക്കടന്ന് ഈ ആനകൾ ഇതെങ്ങോട്ടാണു വരുന്നത്? ട്രാക്കിനിപ്പുറത്ത് അരക്കിലോമീറ്ററോളം വരുന്ന ഭാഗത്ത് കാടെന്നു പറയാൻ എന്തുണ്ട്? കുറേ തേക്കുമരങ്ങളും കുറ്റിക്കാടും മാത്രം. അതു കഴിഞ്ഞാൽ പിന്നെ കൃഷിസ്ഥലം. കൃഷിസ്ഥലത്ത് ആനകൾക്ക് എന്താണു കാര്യം? കഴിഞ്ഞ ഒക്ടോബർ 14നു രാവിലെ വാളയാർ, കഞ്ചിക്കോട് മേഖലയിൽ ഉയർന്നുകേട്ട ചില ചോദ്യങ്ങളാണിത്. അന്നു പുലർച്ചെ 3ന് വാധ്യാർചള്ളയിൽ റെയിൽവേ ട്രാക്ക് കുറുകെക്കടക്കുകയായിരുന്ന ആനക്കൂട്ടത്തെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഒരു പിടിയാന സംഭവ സ്ഥലത്തു തന്നെ ചരിഞ്ഞു. തുമ്പിക്കയ്യിന് ഉൾപ്പെടെ പരുക്കേറ്റ കുട്ടിയാനയുടെ പരാക്രമത്തിൽ വീട്ടമ്മയ്ക്കും ഗുരുതര പരുക്കേറ്റു. രണ്ടാം ദിവസം കാടിനകത്ത് ഒരു പിടിയാനയുടെ ജഡം കണ്ടെത്തി. ഈ ആനയ്ക്കും ട്രെയിനപകടത്തിൽ പരുക്കേറ്റിരുന്നതായാണു നിഗമനം. മൂന്ന് ആനകളെ ട്രെയിൻ ഇടിച്ചതായാണ് കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് വിവരം നൽകിയിരുന്നത്. അന്നു പരുക്കേറ്റ കുട്ടിയാനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെത്തുടർന്ന് നിർത്തിയ ട്രെയിൻ, നടപടികൾ പൂർത്തിയാക്കി 25 മിനിറ്റിനകം യാത്ര തുടർന്നു. ആനകളെ ട്രെയിൻ ഇടിക്കുന്നതും അപകടം സംഭവിക്കുന്നതും ഒന്നും ഇവിടെ പുതിയ കാര്യമല്ല. 20 വർഷത്തിനിടെ 35 ആനകളാണ് ട്രാക്കിൽ പൊലിഞ്ഞത്. പാലക്കാട്– കോയമ്പത്തൂർ റൂട്ടിൽ കഞ്ചിക്കോട് മുതൽ മധുക്കര വരെയുള്ള ഭാഗമാണ് ആനകളുടെ ശവപ്പറമ്പായി മാറുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com