ADVERTISEMENT

സ്പെയിനില്‍ നിന്നാണ് ഭൗമചരിത്രത്തില്‍ ജീവിച്ചിരുന്ന ആമവര്‍ഗങ്ങളില്‍ ഏറ്റവും വലിയ ഒന്നിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. 83 മില്യണ്‍ മുതല്‍ 72 മില്യണ്‍ വരെ വര്‍ഷങ്ങള്‍ മുന്‍പുള്ള കാലയളവില്‍ ജീവിച്ചിരുന്ന ഈ ആമകള്‍ക്ക് ഏതാണ്ട് 4 മീറ്ററോളം നീളം ഉണ്ടായിരുന്നു എന്നാണ് ഫോസിലുകളില്‍ നിന്ന് വ്യക്തമാകുന്നത്. ആ ആമകളുടെ ഇടുപ്പെല്ലിന്‍റെ വലുപ്പം കണക്കാക്കിയാണ് ഇവയുടെ ശരീരത്തിന്‍റെ വലുപ്പം നിര്‍ണയിച്ചത്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ആമവര്‍ഗമെന്ന് കണക്കാക്കുന്നത് ആർക്കെലോണ്‍ എന്ന കടലാമകളെയാണ്. ഏതാണ്ട് 66 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇവ ജീവിച്ചിരുന്നതായാണ് ഫോസില്‍ രേഖകള്‍ പറയുന്നത്. ആർക്കെലോണ്‍ ആമകളുടെ ഫോസിലുകളില്‍ കണ്ടെത്തിയ ഇടുപ്പെല്ലിന്‍റെ വലുപ്പത്തിന് ഒപ്പത്തിനൊപ്പം നില്‍ക്കുന്നവയാണ് ഈ പുതിയ ആമവര്‍ഗത്തിന്‍റെ ഇടുപ്പെല്ലും. അതുകൊണ്ട് തന്നെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് പുതിയ ആമവര്‍ഗംആർക്കെലോണ്‍ ആമകളെ വലുപ്പത്തില്‍ പരാജയപ്പെടുത്തിയാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലെവായിതനോക്കെലിസ് എനിഗ്മാറ്റികാ

ബൈബിളിലെ കടല്‍രാക്ഷസനായ ലെവായിതനില്‍ നിന്നാണ് ഈ ഭീമന്‍ ആമയുടെ പേരിന്‍റെ ആദ്യഭാഗം ഉടലെടുത്തത്. രണ്ടാം ഭാഗമായ എനിഗ്മാറ്റിക എന്നത് ഭീമാകാരം എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് വാക്കായ എനിഗ്മ എന്ന വാക്കിൽ നിന്ന് കടമെടുത്തതാണ്. ഇവയുടെ ഫോസിലുകള്‍ അളന്നപ്പോള്‍ ഗവേഷകര്‍ക്കുണ്ടായ അമ്പരപ്പ് തന്നെയാണ് ഈ ജീവികള്‍ പുതിയൊരു വര്‍ഗമായിരിക്കുമെന്ന ധാരണയിലേക്ക് നയിച്ചതും. പിന്നീട് നടത്തിയ പഠനങ്ങളില്‍ ഈ ധാരണ ശരിയാണെന്ന് ഗവേഷകര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. 

വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ കാല്‍ ടൊറാഡസ് മേഖലയില്‍ നിന്നാണ് ഈ ജീവികളുടെ ഫോസിലുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. ഏതാണ്ട് 80 മില്യണ്‍ വര്‍ഷങ്ങളായി ഈ  ഫോസിലുകള്‍ ഈ പ്രദേശത്ത് ഒളിഞ്ഞു കിടക്കുകയായിരുന്നു. ആർക്കെലോണ്‍ ആമകള്‍ ജീവിച്ചിരുന്നത് ക്രറ്റോഷ്യസ് കാലഘട്ടത്തിലായിരുന്നു, അതായത് 60 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. പുതിയ ആമവര്‍ഗത്തിന്‍റെ കാലഘട്ടമായി കണക്കാക്കുന്ന 80 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സമയത്തെ കമ്പാനിയന്‍ യുഗം എന്നാണ് വിശേഷിപ്പിക്കുന്നത്.

ഏറെ പ്രത്യേകതകളുള്ള ഇടുപ്പെല്ല്

ഭൂമിയില്‍ ഇതുരെ കണ്ടെത്തിയിട്ടുള്ള ആമവര്‍ഗങ്ങളില്‍ നിന്ന് ഈ ജീവികളെ വ്യത്യസ്തമാക്കുന്നത് ഇവയുടെ ഇടുപ്പെല്ലും ചുറ്റുമുള്ള ഭാഗങ്ങളുമാണ്. ഈ പുതിയ ആമഫോസിലുകള്‍ മറ്റൊരു ആമവര്‍ഗത്തിന്‍റേതാണെന്ന് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നത് ഇടുപ്പെല്ലുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ ഈ ഫോസിലുകളില്‍ നിന്ന് ലെവായിതനോക്കെലിസ് ആമകളുടേത് ഏറെ പ്രത്യേകതകളുള്ള ശ്വസന പ്രക്രിയയാണെന്നും ഗവേഷകര്‍ മനസ്സിലാക്കി.

യൂറോപ്പില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ആമവര്‍ഗമാണ് ഇപ്പോഴത്തെ ലെവായിതനോക്കെലിസ് ആമകള്‍. വലുപ്പം ഇത്രത്തോളമില്ലെങ്കിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും മുന്‍പ് തന്നെ വലിയ ആമകളെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആമവര്‍ഗങ്ങളെല്ലാം ഒരേ സമയത്ത് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഉണ്ടായ ഭീമന്‍ ആമവര്‍ഗങ്ങളാണ്. ഇവയുടെ ഉരുത്തിരിയലിന് മുന്‍പ് തന്നെ ഭൂമിയിലെ ഭൂഖണ്ഡങ്ങള്‍ വേര്‍പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഭീമാകാരന്‍മാരായ ജീവികള്‍ എന്നത് അക്കാലത്ത് ഭൂമിയിലെ പ്രത്യേകത ആയിരുന്നിരിക്കാമെന്ന നിഗമനത്തില്‍ കൂടിയാണ് ഗവേഷകരിപ്പോള്‍ എത്തിയിരിക്കുന്നത്.

English Summary: Giant Rhino-Sized Turtle Found In Spain Is One Of The Largest In Earth's History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com