ADVERTISEMENT

മുംബൈ ആരേ കോളനിയിൽ മെട്രോ കാർ ഷെഡിനായി വീണ്ടും മരങ്ങൾ മുറിക്കാനുളള എംഎംആർ‍ഡിഎയുടെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് ശക്തമാകുന്നു. നേരത്തെ രണ്ടായിരത്തിലേറെ മരങ്ങൾ വെട്ടിനീക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെതുടർന്നുളള വിവിധ വെല്ലുവിളികൾ നേരിടുന്നതിനിടെ ഇനിയും മരങ്ങൾ മുറിക്കുന്നത് നഗരത്തിലെ പച്ചപ്പ് തന്നെ ഇല്ലാതാക്കുമെന്നും പരിസ്ഥിതിപ്രശ്നങ്ങൾ രൂക്ഷമാകുമെന്നുമാണു പ്രകൃതിസ്നേഹികളുടെ മുന്നറിയിപ്പ്.

 

വനമേഖലയായ ആരേ കോളനിയിൽ മെട്രോയുടെ കാർഷെഡ് നിർമിക്കുക വഴി ഒട്ടേറെ മൃഗങ്ങളും പക്ഷികളും നാമാവിശേഷമാകുമെന്നും ഇത് പ്രകൃതിയുടെ താളം െതറ്റിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രത്തിൽ നിന്നാണ് അവയെ ആട്ടിപ്പായിക്കുന്നത്. നഗരത്തിനു നടക്കുള്ള 1800 ഏക്കർ പരന്നു കിടക്കുന്ന സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിന്റെ ഭാഗമാണ് ആരേ കോളനി. ഗോരേഗാവിലുളള ഈ വനമേഖല മാത്രമാണ് നഗരത്തിന്റെ പച്ചത്തുരുത്ത്. ഇവിടെ തന്നെ കാർഷെഡ് നിർമിക്കണമെന്നു എന്താണ്  സർക്കാരിനിത്ര നിർബന്ധമെന്നും പരിസ്ഥിതി സ്നേഹികൾ ചോദിക്കുന്നു.

 

കാർഷെഡ് നിർമിക്കുന്ന ഭാഗത്തു മാത്രം 5 കടുവകൾ വസിക്കുന്നതായി തങ്ങൾ സ്ഥാപിച്ച ക്യാമറയിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നു വനവിഭാഗം പറയുന്നു. ഇതിനു പുറമേ, മാൻ, കീരി, കരടി, കാട്ടുപൂച്ച, കുരങ്ങ്, മുള്ളൻപന്നി, തവള, ആമ, മലമ്പാമ്പ്, വിവിധയിനം പാമ്പുകൾ, അണ്ണാൻ, ഓന്ത്, വവ്വാലുകൾ, ചിത്രശലഭങ്ങൾ, ചിലന്തികൾ, 30 ഇനം  വനപുഷ്പങ്ങൾ  തുടങ്ങി വിവിധയിനം  പക്ഷിമ‍ൃഗാദികളും ചെടികളും പുഷ്പങ്ങളുമുണ്ട്. ഇവയിൽ പലതും ഈ പ്രദേശത്തു മാത്രമായി ജീവിക്കുന്നതാണ്.

 

കാർഷെഡിനായി ഇതിനകം രണ്ടായിരത്തോളം മരങ്ങൾ വെട്ടിമാറ്റിക്കഴിഞ്ഞു. നൂറുകണക്കിനു മരങ്ങൾ ഇനിയും വെട്ടിനശിപ്പിക്കും.  ഈ ജീവികളെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. മൃഗങ്ങളും മനുഷ്യരും തമ്മിലുളള ഏറ്റുമുട്ടലിൽ എന്നും മനുഷ്യരാണ് തോൽക്കുന്നതെന്നു റെസ്ക്വിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ സ്ഥാപകൻ പവൻ ശർമ പറഞ്ഞു.

 

2014ലെ ഫഡ്നാവിസ് സർക്കാരിന്റെ കാലത്താണ് ആരേ കോളനിയിൽ കാർഷെഡ് നിർമിക്കാൻ തീരുമാനിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്  2019ൽ ഉദ്ധവ് താക്കറെ സർക്കാർ പദ്ധതി തടഞ്ഞിരുന്നു. ആരേ കോളനിയിൽ നിന്നു കാർഷെഡ് പദ്ധതി കാഞ്ജൂർമാർഗിലേക്കു മാറ്റാനും തീരുമാനിച്ചു. എന്നാൽ, കേന്ദ്രസർക്കാർ  എതിർത്തതോടെ അതു നടപ്പായില്ല. വിമതനീക്കത്തിലൂടെ ഉദ്ധവ് സർക്കാരിനെ താഴെയിറക്കി ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി  ചുമതലയേറ്റ ഉടൻ തന്നെ കാർ ഷെഡ് നിർമിക്കാനുള്ള നീക്കം പുന:രാരംഭിക്കുകയായിരുന്നു.

 

English Summary:  Mumbai’s Aarey colony tree felling

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com