ADVERTISEMENT

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും തുടര്‍ന്ന് മഞ്ഞുറഞ്ഞ് കിടന്ന മേഖലകളെല്ലാം ഇപ്പോള്‍ ഉരുകുകയാണ്. ധ്രുവപ്രദേശങ്ങളും, പര്‍വതശിഖരങ്ങളും,സൈബീരിയ പോലുള്ള പ്രേദേശങ്ങളുമെല്ലാം ഈ മഞ്ഞുരുകല്‍ പ്രതിഭാസത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ധ്രുവപ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന, മഞ്ഞും മണ്ണും കൂടിക്കുഴഞ്ഞ മേഖലയാണ് പെര്‍മാഫ്രോസ്റ്റ്. പല വിധത്തിലുള്ള സൂക്ഷ്മജീവികള്‍ മറഞ്ഞു കിടക്കുന്ന പെര്‍മാഫ്രോസ്റ്റും കാലാവസ്ഥാ വ്യതിയാനത്തോടെ ഇവയുടെ പുറത്തേക്കുള്ള വരവിന് സാക്ഷ്യം വഹിക്കുകയാണ്.

 

ഇത്തരത്തില്‍ ഏതാണ്ട് അന്‍പതിനായിരം വര്‍ഷമായി പെര്‍മാഫ്രോസ്റ്റില്‍ മരവിച്ചു കിടന്ന ഒരു വൈറസിനെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുരാതന സോംബി വൈറസ് എന്നാണ ഗവേഷകര്‍ ഈ വൈറസിനെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് ഇത്രയധികം വര്‍ഷം മരവിച്ച അവസ്ഥയില്‍ തുടര്‍ന്നിട്ടും, താപനില മാറിയതോടെ സജീവ അവസ്ഥയിലേക്കു തിരിച്ചു വന്ന വൈറസിനെ കണ്ടെത്തുന്നത്. തിരിച്ചുവന്നു എന്ന് മാത്രമല്ല മറ്റൊരു ജീവിയുടെ ശരീരത്തില്‍ പ്രവേശിച്ച് അവിടെ ജീവിക്കാനുള്ള ശേഷിയും ഈ സോംബി വൈറസിനുണ്ട്. 

 

ഫ്രഞ്ച് ദേശീയ ശാസ്ത്ര ഗവേഷക കേന്ദ്രത്തില്‍ നിന്നുള്ള ഗവേഷകരാണ് ഈ വൈറസിനെ കണ്ടെത്തിയത്. സമാനമായ അവസ്ഥയിലുള്ള മറ്റു ചില വൈറസുകളെ കൂടി ഗവേഷകര്‍ക്ക് ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇതില്‍ ഏറ്റവും പഴക്കം ചെന്നവയായിരുന്നു 10000 വര്‍ഷം പഴക്കമുള്ള വൈറസ്. ഇത്തരത്തില്‍ മഞ്ഞില്‍ മരവിച്ചു കിടന്ന ശേഷം തിരിച്ച് വരാന്‍ കഴിയുന്ന വൈറസുകള്‍ അവയ്ക്ക് അനുകൂലമായ കാലാവസ്ഥയില്‍ വലിയ തോതില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളവയാണെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യര്‍ക്കോ മറ്റ് ജീവിജാലങ്ങള്‍ക്കോ ഭീഷണിയാകുമോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.

 

പെര്‍മാഫ്രോസ്റ്റുകള്‍

മഞ്ഞും മണ്ണും കൂടിക്കലര്‍ന്ന് കാണപ്പെടുന്ന ചതുപ്പ് നിലങ്ങളാണ് പെര്‍മാഫ്രോസ്റ്റുകള്‍. അലാസ്ക പോലെ ധ്രുവപ്രദേശത്തോട് അടുത്ത് കിടക്കുന്ന മേഖലയില്‍ പെര്‍മാഫ്രോസ്റ്റുകള്‍ സാധാരണ കരമേഖല പോലെ ഉറച്ചതായിരുന്നു. ഈ പെര്‍മാഫ്രോസ്റ്റുകള്‍ക്ക് മുകളില്‍ തന്നെ കെട്ടിടങ്ങളും, റോഡുകളുമെല്ലാം നിര്‍മിക്കപ്പെട്ടിരുന്നു. എന്നാല്‍ താപനിലാവര്‍ദ്ധനവോടെ ഈ സ്ഥിതി തകിടം മറിഞ്ഞു. വരണ്ടു കിടക്കുന്ന അലാസ്കയില്‍ താപനില കൂടി വർധിച്ചതോടെ കാട്ടുതീയും തുടര്‍ക്കഥയായി. ഇതോടെ പ്രദേശത്തെ താപനില കൂടുതല്‍ വർധിക്കുകയും പെര്‍മാഫ്രോസ്റ്റുകള്‍ ദുര്‍ബലമായി തടാകങ്ങള്‍ വലിയ അളവില്‍ രൂപം കൊള്ളാന്‍ തുടങ്ങുകയും ചെയ്തു.

 

പെര്‍മാഫ്രോസ്റ്റുകള്‍ വലിയ അളവില്‍ പുരാതന ജീവികളുടെ ജഡങ്ങള്‍ മരവിച്ച അവസ്ഥയില്‍ കാണപ്പെടുന്ന പ്രദേശം കൂടിയാണ്. മണ്ണിനടയില്‍ മൈനസ് ഡിഗ്രി താപനിലയില്‍ മരവിച്ചു കിടക്കുന്ന ഈ ജീവികളുടെ ജഡങ്ങള്‍ ഇപ്പോള്‍ മാറുന്ന കാലാവസ്ഥയില്‍ അഴുകാന്‍ തുടങ്ങും. ഈ ജീവികളുടെ ശരീരം മണ്ണുമായി കൂടിക്കലര്‍ന്നുകിടക്കുന്ന മഞ്ഞുരുകിയ വെള്ളത്തിന്‍റെ സാന്നിധ്യത്തില്‍ അഴുകുന്നതിനൊപ്പം വൈറസുകള്‍ പോലുള്ള ചെറു ജീവികളുടെ വലിയ തോതിലുള്ള വർധനവിനും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

 

അമീബ സോംബി വൈറസ്

അമീബ ഏതു രൂപത്തിലേക്കും രൂപം മാറാന്‍ കഴിയുന്ന ചെറു ജീവികളുടെ ഗണത്തില്‍ പെട്ടതാണ് സൈബീരിയയില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന സോംബി വൈറസ്. ആകെ 13 വൈറസുകളെയാണ് ഫ്രഞ്ച് ഗവേഷകര്‍ സമീപകാലത്ത് നടത്തിയ പര്യടനത്തില്‍ സൈബീരിയയില്‍ നിന്ന് തിരിച്ചറിഞ്ഞത്. ഇതില്‍ അമീബ വൈറസിന്‍റെ കാലപ്പഴക്കം ഗവേഷകര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 48,500 വര്‍ഷത്തെ പഴക്കമാണ് ഈ സോംബി അമീബ വൈറസിനുഉള്ളത്. 13 വൈറസുകളില്‍ 9 എണ്ണത്തിനാണ് പതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ളതായി കണ്ടെത്തിയത്. ഇപ്പോഴും മറ്റ് ജീവികളെ ശാരീരികമായി കീഴ്പ്പെടുത്തി അവയുടെ ശരീരത്തില്‍ വാസം ഉറപ്പിക്കാനുള്ള കഴിവാണ് ഈ വൈറസുകളില്‍ ഉള്ളതെന്നും ഗവേഷകര്‍ പറയുന്നു.

 

കോവിഡിന്‍റെയും മറ്റും അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ വൈറസുകള്‍ മാനവരാശിക്ക് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധികളെ മുന്‍കൂട്ടി കാണേണ്ടതുണ്ട്. ഇതിന്‍റെഭാഗമായാണ് ഏറ്റവുമധികം വൈറസുകള്‍ നിലവില്‍ സജീവമല്ലാതെ കിടക്കുന്ന പെര്‍മാഫ്രോസ്റ്റ് മേഖലയിലും, ധ്രുവപ്രദേശങ്ങളിലുമെല്ലാം ഗവേഷകര്‍ പഠനം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതോടെ ഈ വൈറസുകളില്‍ ചിലതെങ്കിലും ഭീഷണിയായി ഉയര്‍ന്നുവന്നേക്കാമെന്നാണ് ശാസ്ത്രലോകം ഭയക്കുന്നത്.

 

English Summary: Scientists warn long-frozen ‘zombie virus’ is ‘public health threat’ amid thaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com