ADVERTISEMENT

അൽ ഖ്വയ്ദ സ്ഥാപകനും കുപ്രസിദ്ധ ഭീകരനുമായിരുന്ന ഉസാമ ബിൻ ലാദന്റെ അനുചരൻമാർ തന്റെ വളർത്തുനായയിൽ രാസായുധ പ്രയോഗം നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി മകൻ. ലാദന്റെ നാലാമത്തെ മകനായ ഒമർ ബിൻലാദനാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബോബി എന്നു പേരുള്ള ഒരു നായ ഒമറിനുണ്ടായിരുന്നു. ഈ നായയിൽ തന്റെ കുട്ടിക്കാലത്ത് ലാദന്റെ അനുയായികൾ രാസായുധങ്ങൾ പ്രയോഗിച്ചിരുന്നെന്നാണ് ഒമർ വെളിപ്പെടുത്തിയത്. ഇതു തനിക്ക് വല്ലാത്ത മാനസിക വിഷമമുണ്ടാക്കിയെന്നും 41 വയസ്സുകാരനായ ഒമർ ബിൻ ലാദൻ പറയുന്നു.

 

നിലവിൽ ഫ്രാൻസിലെ നോർമൻഡിയിൽ 67 വയസ്സുകാരിയായ ഭാര്യ സെയ്നയ്ക്കൊപ്പമാണ് ഒമർ ജീവിക്കുന്നത്. ജീവിതത്തിലെ കുറേക്കാലം ബിൻ ലാദനൊപ്പം അഫ്ഗാനിസ്ഥാനിലാണ് ഒമർ കഴിച്ചുകൂട്ടിയത്. കാലശേഷം അൽ ഖ്വയ്ദയുടെ തലവനാക്കി തന്നെ നിയമിക്കണമെന്നായിരുന്നു ഉസാമയുടെ ആഗ്രഹമെന്നും ഒമർ പറഞ്ഞു. ഒമർ ബിൻ ലാദൻ ഇന്നൊരു ചിത്രകാരനാണ്. അഫ്ഗാനിലെ പ്രകൃതിഭംഗി വിവരിക്കുന്ന ഒമറിന്റെ ചിത്രങ്ങൾക്ക് ആവശ്യക്കാർ വളരെയധികമാണ്. യുഎസിന്റെ എഫ്ബിഐയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരനായിരുന്നു ലാദൻ‌. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ലാദൻ യുഎസിന് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയിരുന്നു.അൽ ഖ്വയ്ദ രൂപീകരിച്ച ശേഷം നടത്തിയ ആദ്യ ആക്രമണം തന്നെ യെമനിലെ ഏദനിൽ അമേരിക്കൻ സൈനികർ താമസിച്ച ഒരു ഹോട്ടൽ ലക്ഷ്യം വച്ചായിരുന്നു.

 

1993ൽ സൊമാലിയയിലെ മൊഗാദിഷുവിൽ 18 യുഎസ് സൈനികർ കൊല്ലപ്പെട്ടതിലും, 1995ൽ റിയാദിലുള്ള ഒരു യുഎസ് പരിശീലനകേന്ദ്രത്തിൽ ബോംബിട്ടതിലും നെയ്റോബിയിലും ദാരിസ്സലാമിലുമുള്ള യുഎസ് എംബസികൾ ആക്രമിച്ചതിലുമൊക്കെ അൽ ഖ്വയ്ദയുടെയും ലാദന്റെയും കൈകൾ വ്യക്തമായിരുന്നു. എന്നാൽ 2001 സെപ്റ്റംബർ 11 നു ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകൾ സ്ഫോടനവസ്തുക്കൾ നിറച്ച വിമാനങ്ങളിടിച്ചു കയറ്റി തകർത്തതോടെ കളം മാറിമറഞ്ഞു. രോഷാകുലരായ യുഎസ്, അഫ്ഗാനിസ്ഥാൻ ആക്രമിക്കുകയും താലിബാനെ അധികാരത്തിൽ നിന്ന് നിഷ്കാസിതരാക്കുകയും ചെയ്തു .തുടർന്ന് ലാദൻ ഒളിവിൽ പോയി. ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തിരച്ചിലുകളിലൊന്നാണ് യുഎസ് ലാദനു വേണ്ടി നടത്തിയത്. 2011 മേയ് 2ന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ചാണ് ലാദനെ യുഎസ് നേവി സീൽസ് വധിച്ചത്. ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്ഫിയർ എന്നായിരുന്നു ഈ സൈനിക ദൗത്യത്തിന് യുഎസ് നൽകിയ പേര്.

 

English Summary: He tested chemical weapons on pet dogs: Osama bin Laden's son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com