ADVERTISEMENT

ഇന്തോനീഷ്യയിലെ ജാവയിൽ സ്ഥിതി ചെയ്യുന്ന സെമേരു അഗ്നിപർവതം ഇന്നലെ വീണ്ടും  പൊട്ടിത്തെറിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നര കിലോമീറ്റർ പൊക്കത്തിൽ പുകയും ചാരവും പർവതദ്വാരത്തിൽ നിന്ന് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയതിനാൽ പ്രദേശത്തുള്ള ഗ്രാമങ്ങളിൽ ഇരുട്ട് വ്യാപിച്ചിരുന്നു. ഇവിടെയുള്ള 2000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പർവതത്തിനു ചുറ്റുമുള്ള 8 കിലോമീറ്റർ വിസ്തീർണം വരുന്ന മേഖല അപകടമേഖലയായി പ്രഖ്യാപിച്ചു. പർവതത്തിൽ നിന്നുള്ള ലാവ 19 കിലോമീറ്റർ അകലേക്കു വരെ ഒഴുകി. പ്രദേശത്തുള്ള ബെസുക് കോബോകാൻ എന്ന നദിയിലും ലാവ കലർന്നിട്ടുണ്ട്. 

ഇന്തോനീഷ്യൻ സർക്കാർ അഗ്നിപർവത വിസ്ഫോടനം സംബന്ധിച്ചുള്ള ഏറ്റവും ഉയർന്ന ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ വർഷവും ഇതേ പോലൊരു ഡിസംബറിൽ സെമേരു പൊട്ടിത്തെറിച്ചിരുന്നു. അന്ന് 51 പേർ മരിച്ചു. കിഴക്കൻ ജാവയിലെ ലുമാജങ് ജില്ലയിലാണു സെമേരു സ്ഥിതി ചെയ്യുന്നത്. പസിഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇന്തൊനീഷ്യയിൽ ഭൂചലനങ്ങളും അഗ്നിപർവത വിസ്ഫോടനങ്ങളും പുതിയ കാര്യമല്ല. 129 സജീവ അഗ്നിപർവതങ്ങൾ ഇവിടെയുണ്ടെന്നു കണക്കാക്കപ്പെടുന്നു.

ഹിന്ദു, ബുദ്ധിസ്റ്റ് ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന മേരു പർവതത്തിൽ നിന്നാണു സെമേരു എന്ന പേര് പർവതത്തിനു നൽകിയത്. മഹത്തായ പർവതം എന്നർഥം വരുന്ന മഹാമേരു എന്ന പേരും ഇതിനുണ്ട്. ഇന്ത്യയിൽ നിന്ന് ഈ പർവതം ഇന്തൊനീഷ്യയിലേക്കു ദേവകൾ കൊണ്ടുവച്ചതാണെന്നാണ് ജാവൻ ഐതിഹ്യം. ആദ്യം ദ്വീപിന്റെ പടി‍ഞ്ഞാറുവശത്തു വച്ചെന്നും ഇതെത്തുടർന്ന് ദ്വീപ് മുങ്ങാൻ പോയെന്നും ഇതോടെ പർവതം കിഴക്കുഭാഗത്തേക്കു നീങ്ങിയെന്നും ഐതിഹ്യകഥയുണ്ട്. വളരെ സജീവമായ സ്ഫോടനചരിത്രം സെമേരുവിനുണ്ട്. 1818 മുതലുള്ള കാലഘട്ടത്തിൽ 56 തവണ പർവതം പൊട്ടിത്തെറിച്ചു. എന്നാൽ ഇതേസമയം തന്നെ സെമേരു ഹൈക്കിങ്, ട്രെക്കിങ് തുടങ്ങിയവ നടത്തുന്ന സാഹസികരുടെ ഇഷ്ടസങ്കേതവുമാണ്.

അഗ്നിപർവതത്തിൽ നിന്നു പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങൾ ശ്വസിച്ച് സാഹസികർ മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഹൈക്കിങ്ങിനെതിരെ സർക്കാർ നിരോധന നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല. സെമേരു സ്ഥിതി ചെയ്യുന്ന നാഷനൽ പാർക്ക് പരിസ്ഥിതിപരമായ വിഷയങ്ങളാലും ലോകശ്രദ്ധ നേടിയിട്ടുണ്ട്. അതിലൊന്ന് വെളിയിൽ നിന്നു വന്ന സസ്യങ്ങൾ ഇവിടെ പടർന്നുപിടിച്ച് തദ്ദേശീയ വകഭേദങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ്. ഇന്തൊനീഷ്യയുടെ കൊളോണിയൽ കാലഘട്ടത്തിൽ വാൻ സ്റ്റീനിസ് എന്ന ഡച്ച് സസ്യശാസ്ത്രജ്ഞനാണ് ഇവയെ ഇവിടെയെത്തിച്ചത്. ഇന്ന് ഇവ വലിയൊരു പരിസ്ഥിതി പ്രശ്നമാണ്.

English Summary: Thousands evacuated after Indonesia’s Mount Semeru erupts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com