ADVERTISEMENT

യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്‍പ്പടെയുള്ള ലോകനേതാക്കള്‍ പങ്കെടുത്ത ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ ചർച്ചകളും കാഴ്ചകളും പകർന്ന അനുഭവങ്ങളുമായാണ് പത്തനംതിട്ടക്കാരി എലിസബത്ത് ഈപ്പന്‍ ഈജിപ്തിൽനിന്നു മടങ്ങിയെത്തിയത്. കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള വിഷയം മുൻനിർത്തി ഇരുനൂറോളം രാജ്യങ്ങളിൽ നിന്നായി പല മേഖലകളിലെ നാൽപതിനായിരത്തിലധികം പ്രതിനിധികൾ ഒത്തുചേർന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് 27 (COP 27) സമ്മേളനത്തിൽ പങ്കെടുക്കാൻ യുനിസെഫ് ഇന്ത്യയും യുഎൻഡിപി ഇന്ത്യയും ഇന്ത്യയിൽനിന്നു തിരഞ്ഞെടുത്ത നാലു യുവാക്കളിൽ ഒരാളാണ് ചെങ്ങന്നൂർ ആറാട്ടുപുഴ കൊല്ലംപറമ്പിൽ വള്ളോപള്ളിൽ ഈപ്പൻ എബ്രഹാമിന്റെയും ബെസ്സിലി ഈപ്പന്റെയും മകൾ എലിസബത്ത് ഈപ്പന്‍. 400 ഓളം മത്സരാര്‍ഥികളില്‍ നിന്നാണ് 4 പേരെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം സ്വദേശി സുഹാനയായിരുന്നു മറ്റൊരു മലയാളി. നവംബര്‍ 6 മുതല്‍ 18 വരെ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന സമ്മേളനത്തിലെ അനുഭവങ്ങൾ എലിസബത്ത് ഈപ്പന്‍ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമതു‌ കാലാവസ്ഥാ വാർഷിക ഉച്ചകോടി (കോപ്– 27) യിൽ ഇന്ത്യയിൽനിന്നു പങ്കെടുത്ത നാലു പ്രതിനിധികളിലെ രണ്ടു മലയാളികളിലൊരാളാണല്ലോ. ആ അനുഭവം വിവരിക്കാമോ?

ഉച്ചകോടിയിൽ പങ്കെടുക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. യുനിസെഫ്, യുഎൻഡിപി എന്നീ സംഘടനകൾ ചേര്‍ന്നു നടത്തിയ യങ് സ്കോളർ അവാർഡ് ലഭിച്ചത് ഇന്ത്യയിൽ നിന്നുള്ള 4 പേർക്കാണ്. അതിലൊരാളാകാൻ കഴിഞ്ഞതിനാൽ ഒരുപാട് അനുഭവങ്ങളും സൗഹൃദങ്ങളും ലഭിച്ചു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പല വ്യക്തികളെയും പരിചയപ്പെടാൻ സാധിച്ചു. അവരുമായുള്ള സംവാദം വളരെ പ്രചോദനകരമായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഒരാഗോള വിഷയം മാത്രമല്ല, എല്ലാവരെയും ബാധിക്കുന്ന ഇന്നിന്റെ വിഷയം കൂടിയാണ്. പല രാജ്യങ്ങളുടെയും കാലാവസ്ഥാ വ്യതിയാന പ്രോജക്ടുകൾ മാതൃകാപരമാണ്. ഖത്തറിന്റെയും ഇന്തൊനീഷ്യയുടെയും പവലിയനുകൾ അവരുടെ വിവിധ തരത്തിലുള്ള സാധ്യതകൾ തെളിയിച്ചു. സോളാർ റൂഫ്ടോപ്പ്, വേസ്റ്റ് മാനേജ്മെന്റ് എന്നീ മേഖലകൾക്ക് അവിടെ മുൻഗണന ഉണ്ടായിരുന്നു.

∙കാലാവസ്ഥാ വ്യതിയാനം തടയാൻ കോപ് 27 ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ പ്രധാന ആശയങ്ങൾ എന്തെല്ലാമാണ്?

ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ പ്രധാന തീരുമാനം ലോസ് ആൻഡ് ഡാമേജ് ഫണ്ടാണ്. വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റം വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ നേരിടാൻ പണം നൽകി സഹായിക്കാമെന്ന് സമ്പന്ന രാ‌ജ്യങ്ങൾ ഉറപ്പു നൽകി. ഫോസിൽ ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനും സൗരോർജം പോലുള്ള പുനരുപയോഗ ഊർജത്തിലേക്കു മാറാനും തീരുമാനമുണ്ടായി. വികസ്വര രാജ്യങ്ങൾക്കാവശ്യമായ സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ എന്നിവ നൽകി സഹായിക്കാമെന്ന് വികസിത രാജ്യങ്ങൾ ഉറപ്പു നൽകി. അങ്ങനെ നീളുന്നു ഈ വര്‍ഷത്തെ ഉച്ചകോടിയുടെ തീരുമാനങ്ങൾ.

interview-with-elizabeth-eapen2
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനൊപ്പം എലിസബത്ത് ഈപ്പന്‍

∙മുൻ വർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ കാലാവസ്ഥാ വ്യതിയാനം തടയാൻ എത്രമാത്രം ഫലപ്രദമായിരുന്നു എന്നാണ് ഉച്ചകോടിയിലെ വിലയിരുത്തൽ?

മുൻവർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികളെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ഇത്തവണത്തെ ഉച്ചകോടിയിലെ ആഹ്വാനം.‘ടുഗെതർ ഫോർ ഇംപ്ലിമെന്റേഷൻ’ എന്ന സന്ദേശം കൊണ്ട് നടപ്പിലാക്കപ്പെടുന്ന പ്രോജക്ടുകളും ആശയങ്ങളും ഇത്തവണ രൂപം കൊണ്ടു. ആഹ്വാനങ്ങൾക്കും ബോധവൽക്കരണത്തിനും അപ്പുറത്ത് ശരിയായ രീതിലുള്ള പ്രവർത്തനങ്ങൾക്കാണു പ്രാധാന്യമെന്ന് ഇത്തവണത്തെ ഉച്ചകോടി തെളിയിച്ചു.

∙ ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങൾ എന്തെല്ലാമായിരുന്നു?

ഉച്ചകോടിയിലെ പ്രധാന ആകർഷണം അതിന്റെ രൂപകൽപനയായിരുന്നു. ഷരം–എൽ–ഷെയ്ഖ് എന്ന കൊച്ചു നഗരത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ടായിരുന്നു കോപിന്റെ വിഭാവനം. ഓരോ രാജ്യത്തിന്റെയും പവിലിയനുകൾ വളരെ വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ പവിലിയൻ വിശാലവും സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതുമായിരുന്നു. പല പവിലിയനുകളും മികച്ചതായിരുന്നു. കോംഗോ, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പവിലിയനുകളും വളരെ വ്യത്യസ്തമായിരുന്നു.

കോപ് 27 ലെ മറ്റൊരു ആകർഷണം ഗ്രീൻ സോണായിരുന്നു. ആ ഭാഗം അലങ്കരിച്ചിരുന്നത് പൂർണമായും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടാണ്. അവ സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യണമെന്നതും അവയുടെ പുനരുപയുക്തതയും ചർച്ചാവിഷയമായി. ഏറ്റവും വലിയ ആകർഷണം കോപ്പിെല സാംസ്കാരിക വൈവിധ്യമായിരുന്നു’ ഈ വൈവിധ്യം ആണ് എറ്റവും വലിയ കരുത്തെന്ന തിരിച്ചറിവും

interview-with-elizabeth-eapen3
സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിനൊപ്പം എലിസബത്ത്

∙ലോകനേതാക്കളെ കാണാൻ ലഭിച്ച അവസരത്തെ എങ്ങനെ കാണുന്നു?

ലോകനേതാക്കളെ കാണാൻ ലഭിച്ച അവസരം വളരെ വിലമതിക്കുന്നതായിരുന്നു. പത്രവാർത്തയിലും ടെലിവിഷനിലുമൊക്കെ മാത്രം കണ്ട് പരിചയിച്ച മുഖങ്ങൾ നേരിട്ടു കാണാൻ കഴിഞ്ഞു. അവരോട് കുറച്ചു സമയം സംസാരിക്കാനും സാധിച്ചു. ദക്ഷിണാഫ്രക്കൻ പ്രസിഡന്റ്, ഇന്തൊനീഷ്യൻ പ്രസിഡന്റ് എന്നിവരെ കാണാൻ സാധിച്ചു. അവർ നടത്തിയ പ്രസംഗങ്ങൾ വളരെ ചിന്തിപ്പിക്കുന്നതും പ്രചോദനപരവുമായിരുന്നു.

∙ ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിയ മലയാളികളുമായി സംവദിക്കാൻ അവസരം ലഭിച്ചോ?

ഉച്ചകോടിയിൽ വച്ച് ഒരുപാട് ഇന്ത്യക്കാരെ പരിചയപ്പെട്ടു. അവർ പലരും തങ്ങളുടെ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിയവരായിരുന്നു. ചിലർക്ക് സ്വന്തമായി സംഘടനകൾ ഉണ്ടായിരുന്നു. എസ്വറ്റിനി എന്ന ആഫ്രിക്കൻ രാജ്യത്തെ പ്രതിനിധീകരിച്ചെത്തിയ ഒരു മലയാളി വനിതയെ ഞാൻ പരിചയപ്പെട്ടു. അവർ ആ രാജ്യത്തെ ഊർജവികസന വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. അവർ ആ നാടിന്റെ ഉന്നമനത്തിനും സാമ്പത്തിക ഉയർച്ചയ്ക്കും വേണ്ടി ആഹ്വാനം ചെയ്തു.

∙ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നിങ്ങൾക്കു നൽകിയ അത്താഴ വിരുന്നിന്റെ വിശേഷങ്ങൾ?

പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നൽകിയ അത്താഴവിരുന്ന് വളരെ ഓർമകൾ സമ്മാനിച്ച രാവായി മാറി. ഇന്ത്യൻ വിഭവങ്ങളും അറേബ്യൻ വിഭവങ്ങളുമായി ഞങ്ങളുടെ മനസ്സു നിറച്ചു. അവിടെവെച്ച് ഒരുപാട് ഇന്ത്യൻ ഉദ്യോഗസ്ഥരെ പരിചയപ്പെടാൻ സാധിച്ചു. യുഎന്നിൽ ജോലി ചെയ്യുന്ന ഒരുപാട് മലയാളികളെയും പരിചയപ്പെട്ടു. അവർ അവരുടെ ജോലിയുടെ സ്വഭാവം ഞങ്ങൾക്കു വിവരിച്ചു തന്നു. അതു വളരെ പ്രചോദനകരമായി.

interview-with-elizabeth-eapen1
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനൊപ്പം എലിസബത്ത് ഈപ്പന്‍

∙ഉച്ചകോടിയിൽനിന്നു ലഭിച്ച അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ, കാലാവസ്ഥാ വ്യതിയാനം തടയാൻ നിങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ എന്തെല്ലാമായിരിക്കും?

ഉച്ചകോടിയിൽനിന്നു ലഭിച്ച അനുഭവസമ്പത്ത് വളരെ വിലപ്പെട്ടതാണ്. പരിസ്ഥിതി പ്രവർത്തനങ്ങൾ പേരിനു മാത്രം ചെയ്യേണ്ടി വരുന്ന ഒരു സംഗതിയായി മാറരുത്. 2018 ലെ മഹാമാരിയെ തടുത്ത് അതു തരണം ചെയ്തു വന്ന ഒരു സമൂഹമായതു കൊണ്ടുതന്നെ നമുക്ക് പരിസ്ഥിതിയോടുള്ള കടമയേറും. വീട്ടിൽ ഞങ്ങൾ ഒരു ചെറിയ പേപ്പർ ബാഗ് യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക എന്നതാണ് തുടക്കം. കോളജ് കുട്ടികൾക്കിടയിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ ഇന്നിന്റെ ആവശ്യമാണെന്ന സന്ദേശം കുറെക്കൂടി പ്രായോഗികതലത്തിൽ എത്തിക്കണം. മറ്റു സംഘടനകളുമായി ചേർന്ന് ചെറിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുകയാണ് ലക്ഷ്യം..

English Summary: CUK student among four from India attending COP27 in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com