ADVERTISEMENT

യുഎസിലെ ഫ്ലോറിഡയിലുള്ള വൊലൂസിയ കൗണ്ടിയിലെ കടൽത്തീരത്ത് പ്രത്യക്ഷപ്പെട്ടത് നിഗൂഢ രൂപം. മണല്‍പ്പരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഈ രൂപം മേഖലയില്‍ വീശിയ ചുഴലിക്കാറ്റിന് ശേഷമാണ് ദൃശ്യമായത്. ഈ രൂപം എന്താണെന്നും എന്തിന്‍റെ ശേഷിപ്പാണെന്നുമൊക്കെയുള്ള തര്‍ക്കങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. രണ്ട് വലിയ ചുഴലിക്കാറ്റകളാണ് സെപ്റ്റംബര്‍- നവംബര്‍ മാസങ്ങളിലായി ഫ്ലോറിഡയില്‍ ആഞ്ഞടിച്ചത്. ഇവയ്ക്ക് ശേഷമാണ് തീരത്ത് അജ്ഞാതരൂപം മണല്‍പ്പരപ്പില്‍ നിന്നുയര്‍ന്ന് കൂടുതല്‍ വ്യക്തമായത്.

 

പൂര്‍ണമായ ഒരു രൂപമല്ല മണല്‍പ്പരപ്പല്‍ നിന്ന് വെളിയില്‍ കാണുന്നത്. കുറ്റികള്‍ പോലെ ഈ രൂപത്തിന്‍റെ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വെളിയിലുള്ളത്. പണ്ടെങ്ങോ തകര്‍ന്നു കരയ്ക്കടിഞ്ഞ ഒരു കപ്പലിന്‍റെ ബാക്കിയാകാം ഈ രൂപമെന്ന് ചിലര്‍ വാദിക്കുന്നു. മറ്റ് ചിലരാകട്ടെ അതിപുരാതന കാലത്ത് പഴയ ഗോത്രവര്‍ഗക്കാര്‍ കളിച്ചിരുന്ന ഏതോ മത്സരത്തിന്‍റെ അടയാളങ്ങളുടെ ശേഷിപ്പാണെന്നും അവകാശപ്പെടുന്നുണ്ട്. തടികൊണ്ടും ലോഹങ്ങള്‍ കൊണ്ടും നിർമിച്ച കുറ്റികളാണ് ഈ രൂപത്തിന്‍റെ ഭാഗമായി മണലില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നത്. ഏതാണ്ട് 30 മീറ്റര്‍ വരെ നീളവും 24 മീറ്റര്‍ വരെ വീതിയുമാണ് ഈ രൂപങ്ങള്‍ക്കിടയിലുള്ളത്.  ഒരാഴ്ച മുന്‍പാണ് തീരത്ത് നടക്കാനെത്തിയവര്‍ ഈ രൂപം കണ്ടെത്തുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒരാഴ്ചയോളം ഈ തീരത്തേക്കുള്ള പ്രവേശം നിരോധിച്ചിരിക്കുകയായിരുന്നു. ചുഴലിക്കാറ്റുകളെ തുടര്‍ന്ന് തീരത്തെ മണല്‍ ഒലിച്ച് പോയതോടെയാണ് ഈ രൂപങ്ങള്‍ പുറത്തേക്ക് ദൃശ്യമായത്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് കാറ്റഗറി 4 വിഭാഗത്തില്‍ പെടുന്ന ഇയാന്‍ ചുഴലിക്കാറ്റ് ഈ തീരത്തെത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് ശേഷം നവംബര്‍ ആദ്യവാരം കാറ്റഗറി 1 വിഭാഗത്തില്‍ പെടുന്ന മറ്റൊരു ചുഴലിക്കാറ്റും ഫ്ലോറിഡ തീരത്ത്ആഞ്ഞടിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചാ വിഷയമായ രൂപം കണ്ടെത്തിയ വെലൂസിയ മേഖലയിലാണ് ഈ രണ്ട് ചുഴലിക്കാറ്റിന്‍റെയും പ്രഭാവം ഏറ്റവുമധികം രൂക്ഷമായിരുന്നത്.

 

ചുഴലിക്കാറ്റിനൊപ്പം എത്തിയ കനത്ത മഴയും ശക്തമായ തിരകളുമാണ് തീരത്തെ മണ്ണൊലിപ്പ് രൂക്ഷമാക്കിയത്. ഈ തീരത്ത് ഇത്ര രൂക്ഷമായ മണ്ണൊലിപ്പ് ഇതാദ്യമായിട്ടാണെന്ന് പ്രദേശവാസികളും പറയുന്നു. അതുകൊണ്ട് തന്നെയാകാം ഇത്ര നാള്‍ മറഞ്ഞ കിടന്ന ഈ രൂപം ഇപ്പോള്‍ പുറത്തേക്ക് ദൃശ്യമായതെന്നും ഇവര്‍ പറയുന്നു.  25 വര്‍ഷമായ ഈ ബീച്ചിലേക്കെത്തുന്നവര്‍ പോലും ഈ രൂപം ഇതുവരെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും ഈ നിഗൂഢ രൂപത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ഫ്ലോറിഡ സംസ്ഥാന പുരാവസ്ത വകുപ്പിന് അയച്ചിട്ടുണ്ട്.. വൈകാതെ തീരത്തേക്കെത്തി ഈ രൂപം പഠനവിധേയമാക്കുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്.  ഏതായാലും പുരാവസ്തു വകുപ്പ് യഥാർഥത്തില്‍ ഇത് എന്തിന്‍റെ അവശിഷ്ടമാണെന്ന് കണ്ടെത്തും വരെ ഇതേച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ സജീവമായി നില്‍ക്കും.

 

English Summary: Hurricanes Reveal Mysterious Structure On Florida Beach, Sparking Theories

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com