ഇല്ലാത്ത കാഴ്ചകൾ കാണിക്കുന്ന ‘ചെകുത്താൻ പഴം’; ആരോഗ്യവാനായ ഒരു മനുഷ്യനെ കൊല്ലാൻ ഒരില മാത്രം

 Atropa belladonna, The Beautiful Plant That Can Kill You
Image Credit: Werner Meidinger/ Istock
SHARE

അട്രോപ ബെല്ലാഡോണയെന്ന ശാസ്ത്രനാമമുള്ള ഈ ചെടി കാഴ്ചയിൽ സുന്ദരിയാണെങ്കിലും മനുഷ്യനെ കൊല്ലുന്നതിൽ മുൻപന്തിയിലാണ്. ഭാഷയിൽ ‘സുന്ദരി’ എന്നാണ് ബെല്ലാഡോണയുടെ അർഥം. 1700കളുടെ മധ്യത്തിൽ കാൾ ലിനിയസ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഇവയ്ക്ക് ഈ പേരു നൽകിയത്. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും വഴുതനങ്ങയുടെയുമെല്ലാം കുടുംബത്തിൽപ്പെട്ടതാണ് ‘ഡെഡ്‌ലി നൈറ്റ്ഷെയ്ഡ്’ എന്നും വിളിപ്പേരുള്ള ഈ ചെടി. 

ചെടിയുടെ ഒരൊറ്റ ഭാഗം പോലും വിടാതെ വിഷമയമാണെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നിനം ആൽക്കലോയ്ഡുകളാണ് ഇവയുടെ വിഷ സ്വഭാവത്തിനു പിന്നിൽ. കൂട്ടത്തിൽ ഏറ്റവും വിഷകരമായ ആൽക്കലോയ്ഡിന്റെ പേരാണ് ട്രോപ്പെയ്ൻ. ഇത് വേരുകളിൽ 1.3%, ഇലകളിൽ 1.2%, തണ്ടിൽ 0.65, പൂവിൽ 0.6, പഴത്തിൽ 0.7, വിത്തിൽ 0.4% എന്നീ അളവുകളിലാണ് കാണപ്പെടുക. ചെടി പൂവിടുന്ന കാലത്ത് ട്രോപ്പെയ്ന്റെ സാന്നിധ്യം ഇലകളിൽ കൂടുതലായിരിക്കും. ഈ സമയത്ത് ഒരില മതി ആരോഗ്യവാനായ ഒരു മനുഷ്യനെ കൊന്നൊടുക്കാൻ. 

രണ്ടു വർഷത്തിലേറെ വളരാനുള്ള ശേഷിയുമുണ്ട് ഇവയ്ക്ക്. അവസാനനാളുകളിൽ ഇവയുടെ വേരിലേക്കും വിഷം കൂടുതലായിറങ്ങും. പഴവും പ്രശ്നക്കാരനാണ്. ‍ഞാവൽപ്പഴത്തിന്റെ നിറവും ഭംഗിയുമുള്ള ഈ പഴം കണ്ട് കുട്ടികൾ ആകർഷിക്കപ്പെടാൻ സാധ്യതയേറെ. പഴം കഴിച്ചാലാകട്ടെ താരതമ്യേന നല്ല മധുരവും. കുട്ടികളുടെ ജീവനെടുക്കാൻ പക്ഷേ അതുമതി. അക്കാരണത്താൽത്തന്നെ ഇവയ്ക്ക് ഡെവിൾസ് ബെറീസ് എന്നും മന്ത്രവാദിയുടെ പഴമെന്നുമെല്ലാം പേരുണ്ട്. കഴിച്ചാൽ വായ്ക്കകത്ത് അസഹ്യമായ അസ്വസ്ഥതയുണ്ടാക്കുന്നവയാണ് ഇവയുടെ വിഷം. വയറിന് അസ്വസ്ഥതയും അനിയന്ത്രിതമായ വിയർപ്പുമെല്ലാം തുടർന്നുണ്ടാകും. ചുറ്റിലും നടക്കുന്നതൊന്നും തിരിച്ചറിയാനാകാത്ത വിധം ആശയക്കുഴപ്പത്തിലേക്കു വഴുതിവീഴാനും ഇവയുടെ വിഷം കാരണമാകും. ഇല്ലാത്ത കാഴ്ചകൾ കാണുന്നതിലേക്കും ഇവയുടെ വിഷം മനുഷ്യനെ നയിക്കും. 

ഗർഭം അലസുന്നതിനും ഹൃദയാഘാതത്തിനും മാനസിക പ്രശ്നത്തിനുമെല്ലാം കാരണമാകുന്നതാണ് ഈ ചെടിയുടെ വിഷം. ഇവയിലൊന്നു കൈതട്ടിയാൽത്തന്നെ ആ ഭാഗത്ത് ചൊറിഞ്ഞ് അസ്വസ്ഥതകളുണ്ടാകും. എങ്കിലും മുയലുകളും കന്നുകാലികളും ഉൾപ്പെടെ പലപ്പോഴും ഇവയുടെ വിഷത്തിൽനിന്ന് രക്ഷപ്പെടാറുണ്ട്. ചരിത്രത്തിലും ബെല്ലാഡോണയെന്ന വിഷച്ചെടിയെപ്പറ്റി പരാമർശമുണ്ട്. റോമസാമ്രാജ്യത്തിന്റെ സ്ഥാപകനായ അഗസ്റ്റസിനെ ലിവിയ ഡ്രുസില്ല രാജ്ഞി കൊന്നത് ഈ വിഷച്ചെടിയുടെ നീര് ഉപയോഗിച്ചാണെന്നാണു പറയപ്പെടുന്നത്. ഇംഗ്ലണ്ടും സ്കോട്‌ലൻഡും തമ്മിൽ പണ്ട് നടന്ന ഒരു യുദ്ധത്തിൽ ഈ ചെടിയിലെ വിഷം സൈനികർക്കു നേരെ പ്രയോഗിച്ചതിനെത്തുടർന്ന് ഇംഗ്ലിഷ് പട്ടാളത്തിന് പിന്തിരിഞ്ഞോടേണ്ടി വന്നിട്ടുണ്ട്. ഇവയുടെ വിഷം ഉപയോഗിച്ച് വിവിധ ഗോത്രവിഭാഗക്കാർ വേട്ടയാടലും നടത്തിയിരുന്നു. 

യൂറോപ്പിലും വടക്കേ അമേരിക്കയിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട് ഈ ചെടി. വിഷമാണെങ്കിലും ഔഷധസസ്യമെന്ന നിലയ്ക്കും ഇവ പ്രശസ്തമാണ്. പ്രധാനമായും നാഡീചികിത്സയ്ക്കാണ് ഇവയിൽനിന്നുള്ള ആൽക്കലോയ്ഡുകൾ വേർതിരിച്ചെടുത്ത് ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് ഇവയുടെ പഴത്തിന്റെ നീര് കണ്ണിലിറ്റിക്കുന്ന രീതിയുമുണ്ടായിരുന്നു. കൃഷ്ണമണിയുടെ വലുപ്പം കൂട്ടുന്നതിനു വേണ്ടിയായിരുന്നു അത്. കണ്ണിന് കൂടുതൽ ആകർഷകത്വം തോന്നിക്കാൻ ക്ലിയോപാട്ര രാജ്ഞിയും ഈ വിഷസസ്യത്തിന്റെ നീര് കണ്ണിലിറ്റിച്ചിരുന്നെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പണ്ടുകാലത്ത് ശസ്ത്രക്രിയയ്ക്കു മുൻപ് കറുപ്പിനൊപ്പം ബെല്ലാഡോണയുടെ നീരും ചേർത്ത് നൽകിയിരുന്നു. അനസ്തീസിയയുടെ പ്രാകൃതരൂപമെന്നു പറയാം. യൂറോപ്പിൽ ഉൾപ്പെടെ പ്രചാരത്തിലുണ്ടായിരുന്നു ഈ രീതി പിന്നീട് നിരോധിക്കുകയായിരുന്നു. 

English Summary:  Atropa belladonna, The Beautiful Plant That Can Kill You

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS