ADVERTISEMENT

ഗ്രേറ്റ് സാൾട്ട് ലേക്ക് എന്നത് അമേരിക്കയിലെ പ്രശസ്തമായ തടാകങ്ങളിൽ ഒന്നാണ്.  അമേരിക്കയിലെ യൂട്ടാ മേഖലയിലുള്ള ഈ ഉപ്പ് തടാകം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വറ്റി വരളുമെന്നാണ് ഗവേഷകർ പ്രവചിക്കുന്നത്. അടിയന്തരമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ തടാകത്തിന്റെ അപ്രത്യക്ഷമാകൽ തടുക്കാനാകില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 16 മീറ്റർ മാത്രം ശരാശരി താഴ്ചയുള്ള ഈ തടാകത്തിലേക്ക് വർഷത്തിൽ 1.2 ദശലക്ഷം ലിറ്റർ വെള്ളം ഒഴുകിയെത്തിയാലെ ഈ അപ്രത്യക്ഷമാകൽ തടയാനാകൂ. അതായത് ഏതാണ്ട് പന്ത്രണ്ട് ലക്ഷം ലിറ്റർ വെള്ളം.

വെള്ളത്തിന്റെ ലഭ്യതക്കുറവ്

നിലവിൽ ഒരു ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഈ തടാകത്തിൽ ഇപ്പോഴെത്തുന്നത്. അതായത് യഥാർഥത്തിൽ വേണ്ടതിന്റെ പത്തിലൊന്നിൽ താഴെ വെള്ളം മാത്രമെ ഈ തടാകത്തിൽ എത്തുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഈ തടാകത്തിന്റെ അവസാനം ആസന്നമായെന്നും ഗവേഷകർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ഈ തടാകത്തിന് നഷ്ടമായത് ഏതാണ്ട് 3 ലക്ഷം ലിറ്റർ വെള്ളമാണ്. 

ബ്രിഗാം യങ് സർവകലാശലയിലെ ഗവേഷകരമാണ് ഈ തടാകത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പഠനം നടത്തുന്നത്. ഈ തടാകത്തിനെ സജീവമായി നിലനിർത്താൻ മേഖലയിലെ ജലത്തിന്റെ ഉപയോഗത്തിൽ കുറവ് വരുത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലവിനിയോഗം മൂന്നിലൊന്നായി, പറ്റുമെങ്കിൽ പകുതിയായി തന്നെ കുറച്ചാലെ തടാകത്തെ സംരക്ഷിക്കാനാകൂ. നിരവധി നിയമ നിർമാണങ്ങളും, സാമൂഹിക അവബോധ നടപടികളും യൂട്ടാ മേഖലയിൽ നടന്നിരുന്നുവെങ്കിലും ഇതുവരെ ഇവിടുത്തെ ജനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ ഇതിനെ എടുത്തിട്ടില്ലെന്നും ഗവേഷകർ പറയുന്നു.

കാത്തിരിക്കുന്ന മാലിന്യ ഭീതി 

ഒരു പ്രദേശത്തെ തടാകത്തിന്, അത് ശുദ്ധജല തടാകമാണെങ്കിലും ലവണ ജലമുള്ള തടാകമാണെങ്കിലും പാരിസ്ഥിതികമായി നിർണായകമായ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ ഈ തടാകം വറ്റുന്നത് പാരിസ്ഥിതികമായും ആരോഗ്യകരമായും സാമ്പത്തികമായുമുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. വലിയ തോതിലുള്ള വായു-ജല മലിനീകരണം ഈ വരൾച്ച സൃഷ്ടിക്കും. വംശനാശ ഭീഷണിയുള്ളള പല ജീവികളുടേയും  വംശനാശത്തിന് തന്നെ വരൾച്ച കാരണമാകും. മേഖലയിലെ കൃഷി, വ്യവസായം തുടങ്ങിയവയുടെ തകർച്ചയ്ക്കും, മേഖലയുടെ ജീവിത നിലവാരം തന്നെ മോശമാകുന്നതിനും ഈ തടാകത്തിന്റെ അപ്രത്യക്ഷമാകൽ കാരണമാകാം.

ഗവേഷകരുടെ റിപ്പോർട്ടിൽ ഈ വിഷയത്തിൽ യൂട്ടാ ഗവർണർ അടിയന്തരമായി ഇടപടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തടാകമെന്നത് ജൈവവൈവിധ്യത്തെ മാത്രം ബാധിക്കുന്നതല്ലെന്നും മേഖലയിലെ മലിനീകരണത്തിൽ പോലും വലിയ വർധനവുണ്ടാക്കാനും തടാകത്തിന്റെ ജലനിരപ്പ് കുറയുന്നത് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ പ്രദേശത്തെ താപനില നിയന്ത്രിക്കുന്നതിലും സമീപ മേഖലകളിലെ പർവതത്തിലെ മഞ്ഞിന്റെ അളവിനെ സ്വാധീനിക്കുന്നതിലും ഈ തടാകത്തിന് പങ്കുണ്ടെന്നും ഗവേഷകർ പറയുന്നു.

ജൈവവ്യവസ്ഥയുടെ തകർച്ച

സമീപ പഠനങ്ങളെല്ലാം തന്നെ  ഈ തടാകവുമായി ബന്ധപ്പെട്ട ജൈവവ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.  തടാകത്തിലെ വടക്കൻ മേഖലയിലെ പിങ്ക് നിറത്തിലേക്കുള്ള മാറ്റം പോലും ഈ ജൈവ വ്യവസ്ഥയുടെ തകർച്ചയുടെ ഭാഗമാണ്. സൂക്ഷ്മജീവികളുടെ കൂട്ടമരണമാണ് ഈ നിറം മാറ്റത്തിന് കാരണമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ ജലാംശം നഷ്ടപ്പെട്ട തടാകത്തിന്റെ അടിത്തട്ട് വറ്റി വരളാൻ തുടങ്ങുന്നതോടെ ഇതിൽ നിന്ന് കാറ്റത്ത് വലിയ തോതിൽ പൊടി ഉയരും. ഈ പൊടിപടലങ്ങളിൽ തടാകത്തിന്റെ അടിത്തട്ടിലുണ്ടായിരുന്ന മെർക്കുറി, ലെഡ്, ആർസനിക് തുടങ്ങിയ വായുമലിനീകരണ സാധ്യതയും രോഗകാരികളുമായ ചെറു പദാർഥങ്ങളുമുണ്ടാകും.

കലിഫോർണിയയിൽ സമാനമായ രീതിയിൽ തടാകം വറ്റി വരണ്ടതോടെ മേഖലയിലുള്ളളവർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദ്രോഗബാധയും വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം യൂട്ടാ മേഖലയിലുള്ള സാധാരണക്കാർക്ക് തടാകത്തിന്റെ സംരക്ഷണത്തിനായി വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് കാര്യമായി ഒന്നും ചെയ്യാനില്ല. ഒരു പക്ഷേ തോട്ടത്തിലും മറ്റും ഉപയോഗിക്കുന്ന വെള്ളം കുറയ്ക്കുക എന്നതാണ് അവർക്ക് പ്രധാനമായും ചെയ്യാൻ സാധിക്കുക. കാരണം മേഖലയിലെ ഭൂഗർഭജലത്തിലെ വലിയ പങ്കും തടാകത്തിലെ വലിയ അളവ് ജലവും വഴിതിരിച്ച് വിട്ട് ഉപയോഗിക്കുന്നത് വ്യാവസായിക അടിസ്ഥാനത്തിലുള്ള കാർഷിക ഇടങ്ങിലാണ്. ഏതാണ്ട് ഇരുപത്തി മൂന്ന് മില്യൺ ഏക്കർ പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തുന്നത് ഈ തടാകത്തിലേക്കെത്തേണ്ട വെള്ളം വഴിതിരിച്ചു വിട്ടാണ്. യൂട്ടായിലെ മാത്രമല്ല സമീപത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ കൂടി കർഷകർ ജല ഉപയോഗം കുറച്ചാൽ മാത്രമേ തടാകത്തിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കൂ.

English Summary:  The Great Salt Lake Could Vanish Within Just 5 Years, Scientists Warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com