ഭൂമിയുടെ ഉള്‍ക്കാമ്പ് പെട്ടെന്ന് കറക്കം നിര്‍ത്തിയെന്നും ഇതുവരെ കറങ്ങിയ ദിശമാറ്റി തിരിച്ചുകറങ്ങിയെന്നു കണ്ടെത്തിയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ചൈനയിലെ പീക്കിങ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരായ യീ യാങ്, ഷിയാഡോങ് സോങ് എന്നിവരാണു പഠനത്തിനു പിന്നില്‍,.
2009ലാണ് ഈ എതിര്‍ദിശയിലുള്ള കറക്കം തുടങ്ങിയതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 35 വര്‍ഷത്തിലൊരിക്കല്‍ ഉള്‍ക്കാമ്പ് കറക്കത്തിന്റെ ദിശമാറ്റുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1970ല്‍ ആണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇതുപോലൊരു പ്രതിഭാസം നടക്കുക 2040 നു ശേഷമാകും. ഭൂമിയെ മൂന്ന് മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഉപരിതലത്തിലുള്ള ക്രസ്റ്റ്, മധ്യത്തിലെ മാന്റില്‍ ഉള്ളിലുള്ള ഉള്‍ക്കാമ്പ് അഥവാ കോര്‍. 1936ല്‍ സീസ്മിക് തരംഗങ്ങളെ പറ്റി പഠിക്കുന്നതിനിടയിലാണ് ശാസ്ത്രജ്ഞര്‍ കോറിനെപ്പറ്റി മനസ്സിലാക്കിയത്. ഇരുമ്പ്, നിക്കല്‍ എന്നീ ലോഹങ്ങളാല്‍ നിര്‍മിതമാണ് ഇത്. സ്വര്‍ണം, കൊബാള്‍ട്ട്, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുമുണ്ട്. ഖര, ദ്രാവക ഘടകങ്ങള്‍ ഇതിനുണ്ട്. ഘരഭാഗം ഉള്ളിലും ദ്രാവകഭാഗം പുറത്തും
ആദ്യകാലത്ത് ഭൂമിയുണ്ടായപ്പോള്‍ എല്ലായിടത്തും ഏകാത്മകമായ ഒരു ഗോളമായിരുന്നു അത്. എന്നാല്‍ 50 കോടി വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയുടെ താപനില 1538 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇരുമ്പുരുകുന്ന താപനിലയാണ് ഇത്. അയണ്‍ കറ്റാസ്ട്രോഫി എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ഭാഗമായി ഇരുമ്പും നിക്കലും തുടങ്ങിയ ലോഹങ്ങള്‍ ഉള്ളിലേക്കു പോകുകയും സിലിക്കേറ്റുകള്‍ മുതലായ വസ്തുക്കള്‍ ഉപരിതലത്തിലേക്ക് എത്തുകയും ചെയ്തു. അങ്ങനെയാണ് 3 അടുക്കുകളായി ഭൂമിയുടെ ഘടന രൂപപ്പെട്ടത്.
English Summary: Has Earth’s inner core stopped its strange spin?