1859ല്‍ ചാള്‍സ് ഡാര്‍വിന്‍ പ്രസിദ്ധീകരിച്ച ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷിസ്’ എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് ‘സ്ട്രഗിള്‍ ഫോര്‍ എക്‌സിസ്റ്റന്‍സ് അഥവാ അതിജീവനത്തിനായുള്ള പോരാട്ടം. പ്രകൃതിയില്‍ അതിജീവിക്കുന്നത് കരുത്തരാണ്. ഈ കരുത്തരെ തിരഞ്ഞെടുക്കുന്നതിന് പോരാട്ടങ്ങള്‍ നടക്കുന്നു. നിരായുധനായ ഒരു മനുഷ്യനെ കടുവ, ആന, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ക്ക് നിസ്സാരമായി കീഴ്‌പ്പെടുത്താന്‍ സാധിക്കും. പക്ഷേ ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് മനുഷ്യന് മൃഗങ്ങളുടെ മേല്‍ അധീശത്വം നേടിക്കൊടുത്തു. നിലവില്‍, വനാതിര്‍ത്തിയിലെ മനുഷ്യന്‍ നിരായുധനാണെന്നു മാത്രമല്ല, നിസ്സഹായനുമാണ്. കടുവയുടെയോ പുലിയുടെയോ മുന്നില്‍പെട്ടാല്‍ ഓടി രക്ഷപ്പെടുക എന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ല. വനാതിര്‍ത്തിയില്‍ ജീവിക്കുന്ന മനുഷ്യരേക്കാള്‍ കരുത്തരായി മൃഗങ്ങള്‍ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിരായുധരായ മനുഷ്യന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സ്ഥിതിവിശേഷമാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മലയോര മേഖലയില്‍ സംജാതമായത്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതില്‍നിന്ന്, മനുഷ്യരെ കൊല്ലുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലാകട്ടെ മനുഷ്യര്‍ പരാജയപ്പെടുകയുമാണ്.
HIGHLIGHTS
- വയനാട്ടിൽ വനത്തില്‍നിന്ന് 20 കിലോമീറ്ററോളം അകലെ വരെ കടുവയെത്തുന്നു
- എത്ര മൃഗങ്ങളെ കൊല്ലാമെന്ന് കണ്ടെത്തി പരിസ്ഥിതി മന്ത്രാലയം ലൈസന്‍സ് നല്‍കണമെന്ന് ഗാഡ്‌ഗിൽ
- കാട്ടാനകളെ വന്ധ്യംകരിക്കുകയും കടുവകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുമെന്ന് വനംമന്ത്രി
- മൃഗങ്ങൾ കാടിറങ്ങുമ്പോൾ, നിരായുധരായ മനുഷ്യരുടെ ജീവന് ആര് ഉറപ്പു നൽകും?