ADVERTISEMENT

ആഗോളതാപനം രൂക്ഷമായതോടെ അന്റാർട്ടിക്കിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ചെറുതും വലുതുമായ നിരവധി മഞ്ഞുപാളികളാണ് വേർപെട്ട് കടലിലേക്കെത്തിയത്. ഇക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ അംഗമാണ് അന്റാർട്ടിക്കിലെ ബ്രൺഡ് ഐസ് ഷെൽഫിൽ നിന്ന് വേർപെട്ട മഞ്ഞുപാളി. അന്റാർട്ടിക്കിന്റെ പശ്ചിമ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൂറ്റൻ മഞ്ഞുപാളിയാണ് ബ്രൺഡ് ഐസ് ഷെൽഫ്. ലണ്ടൻ നഗരത്തിന്റെ വലുപ്പം വരുന്ന ഒരു ഭാഗമാണ് ഇപ്പോൾ ഈ മഞ്ഞുപാളിയിൽ നിന്ന് വേർപെട്ടിരിക്കുന്നത്. ജനുവരി 23 നാണ് ഈ ഭാഗം ബ്രൺഡ് ഐസ് ഷെൽഫിൽ നിന്ന് പൂർണമായി വേർപെട്ടത്.

 

വിള്ളൽ രൂപപ്പെട്ടത് 2016ൽ

ഗവേഷകർ പറയുന്നതനുസരിച്ച് 2016 മുതൽ തന്നെ ഈ ഭാഗം അന്റാർട്ടിക്കിൽ നിന്ന് വേർപെടുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമായിരുന്നു. തുടർന്ന് ഈ മേഖലയിലുണ്ടായിരുന്ന അന്റാർട്ടിക് പര്യവേഷണ ടെന്റുകൾ മാറ്റി സ്ഥാപിയ്ക്കുകയും ചെയ്തിരുന്നു. 2019 ആയപ്പോഴേക്കും ഈ ഭാഗത്ത് വിള്ളലുകൾ വീണുതുടങ്ങി. ഈ വിള്ളലുകളാണ് ഇപ്പോഴത്തെ പൂർണമായുള്ള വേർപെടലിലേക്ക് നയിച്ചത്. ഈ മഞ്ഞുപാളിയിലെ മാറ്റങ്ങൾ 2016 മുതൽ ബ്രിട്ടിഷ് അന്റാർട്ടിക് സർവേയിലെ ഗവേഷകർ നിരീക്ഷിച്ചു വരികയായിരുന്നു.

 

ഏതാണ്ട് 150 മീറ്ററോളം കനമുള്ള മഞ്ഞുപാളിയാണ് ബ്രൺഡ് ഐസ് ഷെൽഫ്. ഇതിൽ നിന്ന് വേർപെട്ട മഞ്ഞുപാളിക്കും സമാനമായ കനമുണ്ട്. 1520 ചതുരശ്രരകിലോമീറ്ററാണ് ഈ വേർപെട്ട മഞ്ഞുപാളിയുടെ ചുറ്റളവ്. ന്യൂയോർക്ക്, ലോസാഞ്ചലസ് തുടങ്ങിയ നഗരങ്ങളേക്കാളും വിസ്തൃതിയുമുണ്ട് ഈ മഞ്ഞുപാളിക്ക്. ലണ്ടൻ നഗരത്തിന്റെ ചുറ്റളവെടുത്താൽ നേരിയ കുറവ് മാത്രമാണ് ഈ മഞ്ഞുപാളിയുടെ ചുറ്റളവ്. ഈ മഞ്ഞുപാളിയുടെ വേർപെടലിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഉൾപ്പടെ ബ്രിട്ടിഷ് അന്റാർട്ടിക് സർവേ പുറത്തു വിട്ടിട്ടുണ്ട്.

 

നിർണായകമായി സാറ്റ്‌ലെറ്റ് ദൃശ്യങ്ങൾ

ഈ വേർപെട്ട മഞ്ഞുപാളിയിലായിരുന്നു 2016 വരെ ബ്രിട്ടിഷ് അന്റാർട്ടിക് സർവേയുടെ പര്യവേഷണ കേന്ദ്രങ്ങളിലൊന്ന് സ്ഥിതി ചെയ്തിരുന്നത്. 2016ൽ ഈ മേഖലയുടെ വേർപെടൽ സാധ്യത മനസ്സിലാക്കിയതോടെ പ്രദേശത്ത് നിന്ന് ഏതാണ്ട് 23 കിലോമീറ്റർ അകലേക്ക് ഈ കേന്ദ്രം പിന്നീട് മാറ്റി സ്ഥാപിച്ചു. ഈ വേർപെടൽ ഏറെ നാളായി പ്രതീക്ഷിച്ചിരുന്നതാണെന്നും അതുകൊണ്ട് തന്നെ ജിപിഎസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ മഞ്ഞുപാളിയുടെ വേർപെടൽ കൃത്യമായി അടയാളപ്പെടുത്താനായെന്നും ബ്രിട്ടിഷ് അന്റാർട്ടിക് സർവേ ഡയറക്ടർ പ്രഫസർ ഡെയിം ജെയ്ൻ ഫ്രാൻസിസ് വിശദീകരിച്ചു.

 

ജിപിഎസിനൊപ്പം തന്നെ നാസയുടേയും യൂറോപ്യൻ യൂണിയന്റെയും ജർമനിയുടേയും സാറ്റ്‌ലെറ്റുകൾ കൂടി ഉപയോഗിച്ചാണ് തുടർച്ചയായി ഈ മഞ്ഞുപാളിയെ നിരീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്റാർട്ടിക്കിലെ കടുത്ത ശൈത്യകാലത്ത് മേഖലയിൽ ഗവേഷകരില്ലാത്ത സമയത്തു പോലും മഞ്ഞുപാളിയിലെ മാറ്റങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. 

 

കാരണം ആഗോളതാപനമല്ല

അതേസമയം ഇപ്പോഴത്തെ മഞ്ഞുപാളിയുടെ വേർപെടലിൻ കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. അന്റാർട്ടിക്കിൽ നിന്ന് വേർപെട്ട ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ ലാർസൺ ഐസ് സീക്ക് സംഭവിച്ചതു പോലെ താപനിലയിലുണ്ടായ മാറ്റമല്ല ഇപ്പോഴത്തെ വേർപെടലിലേക്ക് നയിച്ചത്. മറിച്ച് ഈ മഞ്ഞുപളിയുടെ വേർപെടൽ തികച്ചും സ്വാഭാവികമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ചാസം - 1 എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ വിള്ളലിലേക്ക് നയിച്ചത്. ഏതാണ്ട് 35 വർഷം മുൻപാണ് ഈ പ്രതിഭാസം ആരംഭിച്ചത്. അതിനാൽ തന്നെ ഈ പ്രതിഭാസത്തിന് ആഗോളതാപനവുമായി ബന്ധമില്ലെന്നും ഗവേഷകർ കണക്കു കൂട്ടുന്നു. 

 

English Summary: Huge Iceberg Has Broken Free From Antarctic Ice Shelf At Last

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com