തനിയെ ഉരുളുന്ന നിഗൂഢ ചെടിക്കൂട്ടം; ‘ടമ്പിൾവീഡ്’ ഡ്രൈവർമാരുടെയും കർഷകരുടെയും പേടിസ്വപ്നം

Image Credit: Dmitry Malov/ Istock

പ്രേത സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിൽ മീറ്ററുകളോളം ദൂരം തനിയെ ഉരുണ്ടുവരുന്ന ഒരു ചെടി. മുൻപ് കണ്ടു പരിചയിച്ചിട്ടില്ലാത്തവരാണെങ്കിൽ ഇവയുടെ ഈ നീക്കം കണ്ടാൽ അമ്പരന്നു പോകുമെന്നുറപ്പ്. തനിയെ ഉരുണ്ട നീങ്ങാനുള്ള ഈ കഴിവുകൊണ്ട് തന്നെ ടമ്പിൾവീഡ് എന്നാണ് ഈ വിഭാഗത്തിൽപ്പെട്ട ചെടികൾക്ക് ലഭിച്ചിരിക്കുന്ന പേര്.

പ്രേത സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിൽ മീറ്ററുകളോളം ദൂരം തനിയെ ഉരുണ്ടുവരുന്ന ഒരു ചെടി. മുൻപ് കണ്ടു പരിചയിച്ചിട്ടില്ലാത്തവരാണെങ്കിൽ ഇവയുടെ ഈ നീക്കം കണ്ടാൽ അമ്പരന്നു പോകുമെന്നുറപ്പ്. തനിയെ ഉരുണ്ട നീങ്ങാനുള്ള ഈ കഴിവുകൊണ്ട് തന്നെ ടമ്പിൾവീഡ് എന്നാണ് ഈ വിഭാഗത്തിൽപ്പെട്ട ചെടികൾക്ക് ലഭിച്ചിരിക്കുന്ന പേര്.

പ്രേത സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിൽ മീറ്ററുകളോളം ദൂരം തനിയെ ഉരുണ്ടുവരുന്ന ഒരു ചെടി. മുൻപ് കണ്ടു പരിചയിച്ചിട്ടില്ലാത്തവരാണെങ്കിൽ ഇവയുടെ ഈ നീക്കം കണ്ടാൽ അമ്പരന്നു പോകുമെന്നുറപ്പ്. തനിയെ ഉരുണ്ട നീങ്ങാനുള്ള ഈ കഴിവുകൊണ്ട് തന്നെ  ടമ്പിൾവീഡ് എന്നാണ് ഈ വിഭാഗത്തിൽപ്പെട്ട ചെടികൾക്ക് ലഭിച്ചിരിക്കുന്ന പേര്. എന്നാൽ വെറുമൊരു ചെടിയാണെന്ന് കരുതി ചെറുതായി കാണേണ്ടവയല്ല ടമ്പിൾവീഡുകൾ. കുറച്ചുനാളുകൾക്കു മുൻപ് കലിഫോർണിയയിലെ ഒരു പ്രദേശത്തെയാകെ വിറപ്പിച്ചവയാണ് അവ. ആറടിയോളം ഉയരമുള്ള ആയിരക്കണക്കിന് ടമ്പിൾ വീഡുകൾ ഉരുണ്ടുവന്നതിനെ തുടർന്ന് വിക്ടർവിൽ എന്ന സ്ഥലത്തെ നിരത്തുകളും വീടുകളും എല്ലാം മൂടപ്പെട്ടുപോയ സ്ഥിതി വരെ ഉണ്ടായിരുന്നു.

എന്നാൽ ഇവ വെറുതെയങ്ങ് ഉരുളുന്നതല്ല. അതിനു പിന്നിൽ ഒരു കാരണവുമുണ്ട്. മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമായി തരിശായി കിടക്കുന്ന സ്ഥലങ്ങളിലാണ് ഇവ വളരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ തടസ്സങ്ങൾ ഒന്നുമില്ലാതെ ഉരുണ്ടുനീങ്ങാൻ സാധിക്കുന്ന മേഖലകളിൽ. മണ്ണിൽ സാധാരണ ചെടികൾ പോലെ തന്നെ ഇവ വളരും.  ഇളം പിങ്ക് നിറത്തിലുള്ള തണ്ടോടുകൂടിയ ടമ്പിൾ വീഡുകൾ  ശൈത്യകാലത്തിന്റെ അവസാനത്തോടെയാണ് നാമ്പിടുന്നത്.  വേനൽക്കാലം എത്തുന്നതോടെ ചെടി ഏതാണ്ട് പൂർണവളർച്ചയെത്തിയിരിക്കും.

ഓരോ ചെടിയും വൃത്താകൃതിയിലാണ് വളരുന്നത്. മുള്ളുകളുള്ള ഇലകളാണ് ടമ്പിൾ വീഡുകളുടെ പ്രത്യേകത. മഞ്ഞ, വെളുപ്പ്, പിങ്ക് എന്നീ നിറങ്ങളിൽ പൂക്കളുമുണ്ടാവും. പിന്നീട് ഈ പൂവുകൾ ചെറുപഴങ്ങളായി മാറുന്നു. ഓരോ പഴത്തിനുള്ളിലും ഒരു വിത്തു മാത്രമേ ഉണ്ടാവൂ. സാധാരണഗതിയിൽ മറ്റു ചെടികളിലെ വിത്തുകൾ മൃഗങ്ങളും പക്ഷികളും ഒക്കെ ഭക്ഷിക്കുന്നതോടെയാണ് പല പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. എന്നാൽ ടമ്പിൾ വീഡുകൾ വിത്തുകൾ പലയിടങ്ങളിൽ എത്തിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുന്നു.

അതിനുള്ള പ്രത്യേക സൂത്രവിദ്യയും ടമ്പിൾ വീഡുകൾക്ക് വശമുണ്ട്. ശിശിരകാലത്തിന്റെ അവസാനമാകുന്നതോടെ ചെടി പൂർണമായും കരിഞ്ഞ നിലയിലാവും. ഉണങ്ങിയ ഇലകൾക്കിടയിൽ വിത്തുകൾ ഒളിഞ്ഞിരിക്കുകയും ചെയ്യും. പിന്നെ കാറ്റ് എത്താനുള്ള കാത്തിരിപ്പാണ്.  അപ്പോഴേക്കും എളുപ്പത്തിൽ പൊട്ടാവുന്ന വിധത്തിൽ ചെടിയുടെ വേരുകളും സജ്ജമായിരിക്കും. അല്പം ശക്തിയായി ഒരു കാറ്റ് എത്തിയാൽ വേരുകൾ പൊട്ടി ചെടികൾ ഉരുണ്ടു തുടങ്ങും. ഇങ്ങനെ ഉരുണ്ടു പോകുന്നതിനിടയിൽ വഴിയിലുടനീളം ഇവ വിത്തുകൾ വിതറുകയും ചെയ്യും. 

Image Credit: GomezDavid/ Istock

ഇങ്ങനെ വിതറുന്ന വിത്തുകൾ അടുത്ത മഴക്കാലത്ത് പുതിയ ചെടിയായി വളരുകയാണ് പതിവ്. കലിഫോർണിയയിൽ അങ്ങോളമിങ്ങോളം കാണാമെങ്കിലും ഇവയുടെ സ്വദേശം പക്ഷേ ഇവിടമല്ല. യുക്രൈനിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെയാണ് അവ അമേരിക്കയിലെത്തിയത്. കലിഫോർണിയയിൽ കണ്ടുവരുന്ന ടമ്പിൾ വീഡുകളുടെ മറ്റൊരു പേര് റഷ്യൻ തിസിൽ എന്നാണ്. 1870 കളിൽ യൂറോപ്പിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ചണവിത്തുകൾക്ക് ഒപ്പമാണ് ടമ്പിൾ വീഡുകൾ അമേരിക്കെയിലെത്തിയത് എന്നാണ്  ഗവേഷകരുടെ നിഗമനം.   എന്തായാലും പിന്നീടിങ്ങോട്ട് മറ്റ് കാർഷിക വിത്തുകൾക്കൊപ്പം കടന്നുകൂടിയും സ്വയം ഉരുണ്ട് വിത്തുകൾ പാകിയും ടമ്പിൾ വീഡുകൾ അമേരിക്കയുടെ പല മേഖലകളിലും ആധിപത്യം സ്ഥാപിച്ചു.

ഒറ്റയ്ക്കും കൂട്ടമായും ഉരുണ്ടു നീങ്ങുന്നതിനിടയിൽ ആയിരക്കണക്കിന് വിത്തുകളാണ് ഇവ വഴിയിലൂടെ നീളം വിതറുന്നത്. വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ള ഇടത്താണെങ്കിൽ ആറടിക്കു മുകളിൽ  വരെ ഇവയ്ക്ക് പൊക്കവുമുണ്ടാകും.  സ്വതവേ ഉപദ്രവകാരികളല്ലെങ്കിലും ഇവ പലയിടങ്ങളിലും ഡ്രൈവർമാരുടെ പേടിസ്വപ്നമാണ്. പെട്ടെന്ന് മുന്നിലേക്ക് ഉരുണ്ടെത്തുന്ന കൂറ്റൻ ചെടികണ്ട് വാഹനം വെട്ടിതിരിച്ചും ഇരുചക്ര വാഹനങ്ങളാണെങ്കിൽ ചെടിയിൽ തട്ടി മറിഞ്ഞുവീണും ധാരാളം അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യം മുന്നിൽകണ്ട് ടമ്പിൾ വീഡുകൾ കൂട്ടമായി വളരുന്ന മേഖലകളിൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ തന്നെ അവയെ നീക്കം ചെയ്തു വരുന്നു. 

വാഷിംഗ്ടണിലും ഇഡാഹോയിലുമെല്ലാം കൃഷിയിടങ്ങളിൽ ഇവ വേരുപിടിക്കുന്നതാണ് കർഷകർക്ക് തലവേദനയാകുന്നത്. ഇതിനുപുറമേ ചെടികൾ ഉരുണ്ടുവന്നു ജലസേചന സംവിധാനങ്ങളും മറ്റും അടഞ്ഞു പോകുന്നതും പതിവാണ്. അതിനാൽ ടമ്പിൾ വീഡുകൾ വളർന്നുവരുന്നത് കണ്ടാൽ കർഷകർ കളനാശിനി ഉപയോഗിച്ച് അവ നീക്കം ചെയ്യും.  ടമ്പിൾ വീഡുകൾ കൂട്ടമായി നഗരപ്രദേശങ്ങളിൽ വന്നടിയുന്ന സാഹചര്യങ്ങളിൽ അവനീക്കം ചെയ്യാൻ അടിയന്തര സർവീസിന്റെ സഹായം വരെ തേടേണ്ടി വരാറുണ്ട്. ഉണങ്ങിയ നിലയുള്ള ചെടികളായതിനാൽ ഇവ തീ പടർത്താനുള്ള സാധ്യത മുന്നിൽക്കണ്ട് അതീവ ജാഗ്രതയാണ് ഇക്കാര്യത്തിൽ അധികൃതർ പുലർത്തുന്നത്.  പാം ഡെയ്ൽ, ലങ്കാസ്റ്റർ തുടങ്ങിയ മേഖലകളിലാകട്ടെ ടമ്പിൾ വീഡുകളുടെ ശല്യം അധികമായതു മൂലം അവ നീക്കം ചെയ്യാനായി ലൊസാഞ്ചലസ് കൗണ്ടി ഭരണകൂടത്തിന് പ്രതിവർഷം ഒരുകോടി രൂപയ്ക്ക് മുകളിൽ ചിലവാക്കേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്.

English Summary: Why Do Tumbleweeds Tumble?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA