മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയും; ജലം പിടിച്ചു നിർത്തുന്ന തണ്ണീർത്തടങ്ങൾ

Image Credit: Suprabhat Dutta/ Istock

ഫെബ്രുവരി 2, ലോക തണ്ണീർത്തട ദിനം. ജലം കിട്ടാതെ നെട്ടോട്ടമോടുമ്പോൾ ഓർക്കുക, ജലം പിടിച്ചു നിർത്താൻ തണ്ണീർത്തടങ്ങളോളം കഴിവുള്ള മറ്റൊന്നും ഇവിടെയില്ല. പെയ്തിറങ്ങുന്ന മഴ തുള്ളിവിടാതെ ഇവ ശേഖരിച്ചു നിർത്തും. തണ്ണീർത്തടങ്ങളുടെ അഭാവത്തിൽ അവ പുഴകളിലൂടെയും തോടുകളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഒഴുകി കടലിലെത്തി

ഫെബ്രുവരി 2, ലോക തണ്ണീർത്തട ദിനം. ജലം കിട്ടാതെ നെട്ടോട്ടമോടുമ്പോൾ ഓർക്കുക, ജലം പിടിച്ചു നിർത്താൻ തണ്ണീർത്തടങ്ങളോളം കഴിവുള്ള മറ്റൊന്നും ഇവിടെയില്ല. പെയ്തിറങ്ങുന്ന മഴ തുള്ളിവിടാതെ ഇവ ശേഖരിച്ചു നിർത്തും. തണ്ണീർത്തടങ്ങളുടെ അഭാവത്തിൽ അവ പുഴകളിലൂടെയും തോടുകളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഒഴുകി കടലിലെത്തി

ഫെബ്രുവരി 2, ലോക തണ്ണീർത്തട ദിനം. ജലം കിട്ടാതെ നെട്ടോട്ടമോടുമ്പോൾ ഓർക്കുക, ജലം പിടിച്ചു നിർത്താൻ തണ്ണീർത്തടങ്ങളോളം കഴിവുള്ള മറ്റൊന്നും ഇവിടെയില്ല. പെയ്തിറങ്ങുന്ന മഴ തുള്ളിവിടാതെ ഇവ ശേഖരിച്ചു നിർത്തും. തണ്ണീർത്തടങ്ങളുടെ അഭാവത്തിൽ അവ പുഴകളിലൂടെയും തോടുകളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഒഴുകി കടലിലെത്തി ഉപയോഗശൂന്യമാകും. പക്ഷേ തണ്ണീർത്തടങ്ങളുടെ സാന്നിധ്യം ആ വെള്ളം ഭൂമിയെ കുടിപ്പിക്കും. നാളേക്കായി ശേഖരിച്ചുവയ്ക്കും. ഭൂഗർഭ ജലനിരപ്പു താഴാതെ നോക്കും. ഈ ജലസംഭരണത്തിനു വേറെയും പ്രയോജനങ്ങളുണ്ട്– മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയും. ഒരു ഹെക്ടർ നെൽവയൽ അഞ്ചുലക്ഷം ലീറ്റർ ജലം സംഭരിക്കുമെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്.

സസ്യസമ്പത്തിന്റെ കലവറകളാണു മിക്ക തണ്ണീർത്തടങ്ങളും. അതു കുറ്റിച്ചെടികളും കണ്ടൽക്കാടുകളും മരക്കൂട്ടങ്ങളും തഴ, ഈറ്റ പോലുള്ള സസ്യങ്ങളുമൊക്കെയാകാം. അവ പ്രകൃതിദുരന്തങ്ങളിൽ നിന്നു കാവലാകുന്ന ജൈവവേലികളായി വർത്തിക്കും. കായലോരങ്ങളിലും തീരപ്രദേശങ്ങളിലും വീശിയടിക്കുന്ന കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സൂനാമി തുടങ്ങവയുടെ ആഘാതം കുറയ്ക്കുമെന്ന് അനുഭവങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. 15 കൊല്ലം മുൻപുണ്ടായ സൂനാമിയിൽ നിന്നു ലോകത്തിന്റെ പലഭാഗങ്ങൾക്കും ചെറുതായെങ്കിലും സംരക്ഷണം നൽകിയത് കണ്ടൽക്കാടുകളായിരുന്നുവല്ലോ.

ആയിരക്കണക്കിനു തരത്തിലുള്ള ജീവികളുടെ ആവാസ വ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ. പലതരം ജലജീവികളും ജലസസ്യങ്ങളും ഇവിടെ കാണുന്നുണ്ട്. മാത്രമല്ല തണ്ണീ‍ർത്തടങ്ങളുടെ പരിസരങ്ങളിൽ താമസിക്കുന്ന എല്ലാത്തരം ജീവി–സസ്യവർഗങ്ങളുടെയും പ്രധാന ജലസ്രോതസ് തണ്ണീർത്തടങ്ങൾ തന്നെയാണ്. തണ്ണീർത്തടങ്ങളിലെ മത്സ്യസമ്പത്താണു മറ്റൊരു മുതൽക്കൂട്ട്. തണ്ണീർത്തടങ്ങൾ പലതും പണ്ടുകാലത്ത് സ്വാഭാവിക ജലഗതാഗത മാർഗങ്ങളായിരുന്നു. ആ ജലപാതകളിലൂടെ യാത്രചെയ്തിരുന്നത് നാടിന്റെ സംസ്കാരം കൂടിയായിരുന്നു. പല നാടുകളുടെയും സംസ്കാരം ഉരുത്തിരി‍ഞ്ഞതു തന്നെ തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ടാണ്. വള്ളംകളി, തേക്കുപാട്ടുകൾ, ഞാറ്റുപാട്ടുകൾ, മരമടി മഹോൽസവം, കന്നുപൂട്ട് മഹോൽസവം എന്നിങ്ങനെയുള്ള പരമ്പരാഗത നാടൻ കലകളും ആ ഘോഷങ്ങളും വളർന്നു വികസിച്ചത് നീർത്തട പരിസരങ്ങളിലായിരുന്നു. വിനോദസഞ്ചാര മേഖലയിലും ഇവ പ്രസക്‌തങ്ങളാണ്.

കടൽത്തീരത്തോടു ചേർന്ന തണ്ണീർത്തടങ്ങളിൽ പ്രകൃത്യാ തന്നെ ഉപ്പിന്റെ സാന്നിധ്യം കൂടുതലായിരിക്കും. തണ്ണീർത്തടങ്ങളിലെ കണ്ടൽക്കാടുകൾ ഈ ഉപ്പുരസത്തിന് ഒരു പ്രതിവിധിയാണ്. ചില കണ്ടൽച്ചെടികൾ ഉപ്പിനെ ഇലകളിലൂടെ പുറന്തള്ളുമ്പോൾ വേറെ ചിലതു വേരുകളിൽ വച്ചുതന്നെ അരിച്ചുനീക്കും. കണ്ടലുകൾ സമൃദ്ധമായി വളരുന്ന പ്രദേശങ്ങളിൽ , ഉപ്പ് നന്നായി അരിച്ചുനീക്കി , ശുദ്ധജലം മാത്രമേ കരമണ്ണിലേക്ക് കടത്തിവിടൂ.അതുകൊണ്ടുതന്നെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും മറ്റും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും. കണ്ടൽച്ചെടികളിൽ നിന്നു വീഴുന്ന ഇലകളും ചുള്ളിക്കമ്പുകളും ധാരാളം ജലജീവികൾക്കു വാസസ്‌ഥലവും ഒരുക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ പലയിനം പക്ഷികളുടെ തീറ്റസ്‌ഥലവും പ്രജനനകേന്ദ്രവും കൂടിയാണ് അത്തരം തണ്ണീർത്തടങ്ങൾ. ഇത്രയൊക്കെയായിട്ടും തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നു നമുക്കു തോന്നുന്നില്ലെങ്കിൽ, പരിതാപകരം എന്നേ പറയാനുള്ളൂ.

English Summary:  World Wetlands Day: Its significance in the time of climate crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA