ADVERTISEMENT

മനുഷ്യ - വന്യജീവി സംഘർഷങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി കേരള സംസ്ഥാന സർക്കാരിന്റെ 2023 -24 വർഷത്തെ സമ്പൂർണ്ണ ബജറ്റ്. വന്യജീവികൾ വനാതിർത്തികൾ ലംഘിച്ച് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതായുള്ള വാർത്തകൾ കൂടുതലായി പുറത്തുവരുന്നത് കണക്കിലെടുത്ത് മനുഷ്യ - വന്യജീവി സംഘർഷ മേഖലകളിലെ  പ്രവർത്തനങ്ങൾക്കായി 50. 85 കോടി രൂപ ബജറ്റിൽ വകയിരുത്തി. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും താൽക്കാലികമായി റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതി തുകയായ 30.85 കോടി രൂപയും ഇതിൽ ഉൾപ്പെടും.

 

വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനം മാർഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ധനമന്ത്രി 

കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയും അതിനുള്ള ശാസ്ത്രീയമായ പരിഹാരം സർക്കാർ അടിയന്തരമായി തേടുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വനം -വന്യജീവി മേഖലയിലെ  വിവിധ പദ്ധതികൾക്കായി 241.66 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

സുസ്ഥിരമായ വനസംരക്ഷണവും വനത്തിനുള്ളിൽ ജലലഭ്യതയും ശാസ്ത്രീയമായ വനം മാനേജ്മെന്റും നടപ്പിൽ വരുത്തുന്ന പദ്ധതികൾക്കുള്ള  വിഹിതം 35 കോടിയിൽ നിന്നും 50 കോടിയായി ഉയർത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് വനാതിർത്തി തിട്ടപ്പെടുത്തുക, കയ്യേറ്റങ്ങൾ തടയുക എന്നിവ ലക്ഷ്യമാക്കുന്ന പദ്ധതിക്കായി 28 കോടി രൂപയും , വന സംരക്ഷണ പദ്ധതിക്കായി 26 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

 

ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ലോകോത്തര നിലവാരത്തിൽ ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിനായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രോജക്ട് എലിഫന്റ് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 5.20 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ 16 വന്യജീവി സംരക്ഷണകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സംസ്ഥാന വിഹിതമായി നീക്കിവച്ചിരിക്കുന്നത് 4.76 കോടി രൂപയാണ്.  പെരിയാർ , പറമ്പിക്കുളം കടുവാ സങ്കേതങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള പ്രോജക്ട് ടൈഗർ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 6.7 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

ദേശീയ വനവൽക്കരണ പരിപാടിയുടെ സംസ്ഥാന വിഹിതമായി നാലു കോടി രൂപയും പരിസ്ഥിതി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നബാർഡ്, ആർ. ഐ. ഡി. എഫ് വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി 51.57രൂപയും അനുവദിച്ചിട്ടുണ്ട്. 

തീരസംരക്ഷണ പ്രവർത്തികൾക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിക്കായി 15 കോടി രൂപ, മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതിക്കായി 5.51 കോടി രൂപ എന്നിവയാണ് തീരമേഖലയ്ക്കായുള്ള ബജറ്റിലെ നീക്കിയിരിപ്പുകൾ. 

 

പരിസ്ഥിതി - മൃഗ സംരക്ഷണ മേഖലയ്ക്കു വേണ്ടിയുള്ള മറ്റ് പ്രധാന നീക്കിയിരിപ്പുകൾ

 

 • മണ് -ജല സംരക്ഷണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്കായി 89.75 കോടി രൂപ.

 • പരിസ്ഥിതി - ആവാസ വ്യവസ്ഥ മേഖലയിലെ വിവിധ പദ്ധതികൾക്കായി 26.38 കോടി രൂപ 

 • നദികൾ മാലിന്യമുക്തമാക്കുന്ന പരിപാടിക്ക് രണ്ടുകോടി രൂപ

 • ഹരിത കേരളം മിഷനുമായി ചേർന്ന് കുളങ്ങളുടെ നവീകരണം, കുളങ്ങളെ ജലസേചന പദ്ധതികളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പരിപാടികൾക്കായി 7.50 കോടി രൂപ.

 • കൊച്ചിയിലും തിരുവനന്തപുരത്തും ഹരിത ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി 200 കോടി രൂപയുടെ പദ്ധതി

 • മൃഗസംരക്ഷണ വകുപ്പിന് 320.64 കോടി രൂപയും , മൃഗചികിത്സാ സേവനങ്ങള്‍ ശക്തിത്തപ്പടുത്തുന്നതിനായി 

41 കോടി രൂപയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com