17 മീറ്റർ നീളം, 54,431 കിലോഗ്രാം ഭാരം; തീരത്തടിഞ്ഞത് തിമിംഗലം, വയറിനുള്ളിൽ 7 മത്സ്യബന്ധന വലകൾ

Hawaii whale dies with fishing nets, plastic bags in stomach
Grab Image from video shared on Youtube by USA Today
SHARE

പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിൽ വന്നടിയുന്നതിനെ തുടർന്ന് നാം ചിന്തിക്കുന്നതിലുമപ്പുറമുള്ള ഭീഷണിയാണ് സമുദ്രജീവികൾ നേരിടുന്നത്. ജീർണിക്കാത്ത നിലയിൽ സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിനംപ്രതി പതിനായിരക്കണക്കിന് സമുദ്ര ജീവികളുടെ ജീവൻ അപകടത്തിലാക്കുന്നുണ്ട്. ഇവയിൽ മനുഷ്യന്റെ കണ്ണിൽപ്പെടുന്നവ മാത്രമേ വാർത്തയിൽ ഇടം നേടുന്നുള്ളൂ. ഇപ്പോൾ ഹവായി തീരത്ത് വന്നടിഞ്ഞ ഒരു തിമിംഗലത്തിന്റെ ജഡമാണ് സമുദ്ര മലിനീകരണത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരുകൂമ്പാരം തന്നെയാണ് ജഡത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താനായത്.

17 മീറ്റർ നീളവും 54,431 കിലോഗ്രാം ഭാരവുമുള്ള തിമിംഗലമാണ് ഹവായി തീരത്ത് കഴിഞ്ഞദിവസം വന്നടിഞ്ഞത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചതിനെ തുടർന്ന് ചത്ത തിമിംഗലത്തിന്റെ ജഡം വേലിയേറ്റ സമയത്താണ് തീരത്തെത്തിയത് എന്നാണ് ഗവേഷകരുടെ നിഗമനം. കൃത്യമായി പറഞ്ഞാൽ ഹാഗ് ഫിഷുകളെ പിടികൂടാനായി സ്ഥാപിച്ച ആറു കെണികൾ, ഏഴുതരം മീൻ വലകൾ, രണ്ട് പ്ലാസ്റ്റിക് ബാഗുകൾ, ചൂണ്ട നൂൽ, മീൻവല വെള്ളത്തിൽ ഉയർന്നു കിടക്കാനായി ഉപയോഗിക്കുന്ന ഫ്ളോട്ട്, ലൈറ്റ് പ്രൊട്ടക്ടർ എന്നിവയെല്ലാം തിമിംഗലത്തിന്റെ വയറിനുള്ളിൽ നിന്നും കണ്ടെടുത്തു. ഹവായി സർവ്വകലാശാലയുടെ ഹെൽത്ത് ആൻഡ് സ്ട്രാൻഡിങ് ലാബിലെ ഉദ്യോഗസ്ഥരാണ് പരിശോധനകൾ നടത്തിയത്.

തിമിംഗലത്തിന്റെ ഭക്ഷണപദാർത്ഥങ്ങൾ ആമാശയത്തിലേക്ക് കടക്കാനാവാത്ത വിധത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരുന്നതായി ലാബിന്റെ ഡയറക്ടറായ ക്രിസ്റ്റി വെസ്റ്റ് പറയുന്നു. തിമിംഗലത്തിന്റെ വയറിനുള്ളിൽ കണ്ടെത്തിയ ദഹിക്കാത്ത നിലയിലുള്ള മീനുകളുടെ അവശിഷ്ടങ്ങളും അതിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത് . ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തിക്കൊണ്ട് ഹവായd ഡിപ്പാർട്ട്മെൻറ് ഓഫ് ലാൻഡ് ആൻഡ് നാച്വറൽ റിസോഴ്സസ് പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

എന്നാൽ തിമിംഗലത്തിന്റെ ആമാശയം പൂർണമായും പരിശോധിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ കൂടുതൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വയറിനുള്ളിൽ അടിഞ്ഞിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഗവേഷകർ. സ്പേം വെയിൽ ഇനത്തിൽപ്പെട്ട തിമിംഗലത്തിന് മറ്റ് രോഗബാധയൊന്നും ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുന്നവയാണ് സ്പേം വെയിൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങൾ. അതിനാൽ തീരത്തടിഞ്ഞ തിമിംഗലം എവിടെവച്ചാണ് ഈ മാലിന്യങ്ങൾ ഭക്ഷണമാക്കിയതെന്ന് ഉറപ്പിക്കാനും സാധിക്കില്ല.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭക്ഷിക്കുന്നതിനു പുറമേ അവയിൽ കുടുങ്ങിയും സമുദ്ര ജീവികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ വയറിനുള്ളിൽ അടിഞ്ഞുകൂടുന്നതിനെ തുടർന്ന് ദഹനപ്രക്രിയ ശരിയായി നടക്കാതെ പട്ടിണി കിടന്നാണ് സമുദ്ര ജീവികളിൽ പലതിനും ജീവഹാനി സംഭവിക്കുന്നത്.

English Summary: Hawaii whale dies with fishing nets, plastic bags in stomach

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS