ADVERTISEMENT

ഉത്തര-ദക്ഷിണ ധ്രുവങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മഞ്ഞുപാളികളുള്ള മേഖലയാണ് ഐസ്‌ലൻഡ്. ഐസ്‌ലൻഡിലെ തന്നെ ഏറ്റവും വലിയ മഞ്ഞുപാളിയാണ് വാസ്നയോക്കുൾ. വാസ്നയോക്കുളിലെ ശ്രദ്ധേയമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ഗ്ലേസിയർ ടങ് അഥവാ മഞ്ഞുപാളിയുട നാക്ക് എന്ന് വിശേഷിപ്പിക്കുന്ന കടലിലേക്ക് നീണ്ട് നിൽക്കുന്ന ഭാഗം. ബ്രെയ്ദമർകുരിയോകുള്‍ എന്നാണ് ഈ മഞ്ഞുപാളിയുടെ നാവിനെ പ്രദേശവാസികൾ വിളിക്കുന്നത്. പ്രകൃതിയിലെ തന്നെ അപൂർവമായി കാണാൻ സാധിക്കുന്ന ഒരു കൗതുകക്കാഴ്ച ഒളിപ്പിച്ചു വച്ചിരിക്കുന്ന മേഖല കൂടിയാണ് ബ്രെയ്ദമർകുരിയോകുള്‍.  

ഒരു മനുഷ്യന് നടക്കാൻ കഴിയുന്ന വലുപ്പമുള്ള ഗുഹകളാണ് മേഖലയിലുള്ളത്. സ്ഫടികം കൊണ്ട് നിർമിച്ച ചുമരുകളോട് കൂടിയവയാണ് ഈ തുരങ്കങ്ങൾ. നിലത്ത് മഞ്ഞ് പാകിയത് പോലെ കാണപ്പെടുത ഈ തുരങ്കങ്ങളെല്ലാം മഞ്ഞുപാളിയുടെ ഉള്ളിൽ നിന്ന് തുടങ്ങി കടലിനോട് ചേർന്ന് അവസാനിക്കുന്നവയാണ്. അതേസമയം ഇവ സാധാരണ പ്രകൃതിയിൽ കാണപ്പെടുന്ന ഐസ് കേവ്സ് എന്ന മഞ്ഞുഗുഹകളിൽ നിന്ന് വ്യത്യസ്തമാണ്. മഞ്ഞുഗുഹകൾ എന്നത് മഞ്ഞ് മൂടി കിടക്കുന്ന പ്രദേശത്തെ പാറക്കെട്ടുകൾ കൊണ്ട് രൂപപ്പെട്ട ഗുഹകളൊണ്‌. അതേസമയം ഈ മഞ്ഞുപാളിയിലെ ഗുഹകൾ വെള്ളമുരുകിയൊലിച്ച് ഉണ്ടായ ഗുഹകളാണ്. അതിനാൽ തന്നെ ഇവയെ ഗ്ലേസിയർ കേവ് അഥവാ മഞ്ഞുപാളി ഗുഹകൾ എന്നാണ് അറിയപ്പെടുന്നത്.

ഗുഹയ്ക്കുള്ളിലെ നീല നിറം

സാധാരണ മഞ്ഞിന്റെ നിറം വെള്ളയാണ്. അതേസമയം ചില ആൽഗകളുടെയും മറ്റും സാന്നിധ്യം മൂലം ചിലപ്പോൾ മഞ്ഞ് പിങ്ക് നിറത്തിലോ ചുവന്ന നിറത്തിലോ ഒക്കെ കാണപ്പെടാറുണ്ട്. അതുപോലെ തന്നെ വ്യത്യസ്തമായ നിറത്തിലാണ് ഈ ഗ്ലേസിയർ ഗുഹകളും കാണപ്പെടുന്നത്. തിളങ്ങുന്ന നീല നിറമാണ് ഈ ഗ്ലേസിയർ ഗുഹകൾക്ക് അകത്തുള്ളത്. അതേസമയം ഈ നീലനിറത്തിന് കാരണം ആൽഗകളല്ല മറിച്ച് മഞ്ഞുപാളികൾക്കുള്ളിൽ തന്നെ നടക്കുന്ന ഒരു പ്രതിഭാസമാണ്. 

കൊടും തണുപ്പ് മൂലം വലിയ തോതിലുള്ള മർദ്ദമാണ് ഈ മഞ്ഞുപാളികൾക്കുള്ളിൽ ഉണ്ടാകുക. ഈ മർദ്ദം മൂലം മഞ്ഞുപാളികൾക്കുള്ളിൽ വായു കുമിളകളായി പുറത്തേക്ക്വരും. ചുറ്റുമുള്ള മഞ്ഞിലെ മർദ്ദം വലിയ അളവിൽ ശക്തി ചെലുത്തുന്നതിനാൽ ഗ്ലേസിയർ ഗുഹകളിൽ ഇത്തരം കുമിളകൾ നിരന്തരമായി പുറത്തേക്ക് വരും. ഇങ്ങനെ വലിയ തോതിൽ വായുവിന്റെ അംശം നഷ്ടപ്പെടുന്നതാണ് ഗ്ലേസിയർ ഗുഹകൾ സ്ഫടികം പോലെ തിളങ്ങുന്നതിന് പിന്നിലെ കാരണം.

കാണാൻ ആകർഷകത്വമുള്ളതാണെങ്കിലും അതുപോലെ തന്നെ അപകട സാധ്യതയുള്ളവ കൂടിയായാണ് ഇത്തരം തുരങ്കങ്ങൾ. അതിനാൽ തന്നെ ഇത്തരം തുരങ്കങ്ങളിലേ്കുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ട്. ശൈത്യകാലത്ത് ഇത്തരം ഗുഹകളിലെ മേൽക്കൂരകൾക്ക് നല്ല ഉറപ്പുണ്ടാകും. ഈ സമയത്താണ് സഞ്ചാരികളെ ഇവിടേക്ക് അനുവദിക്കുക. അതായത് ഏതാണ്ട് നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത്. വേനൽക്കാലത്ത് മിക്കവാറും ഗുഹകളുടെ മേൽക്കൂരകൾ ദുർബലമാവുകയും തകർന്ന് വീഴാനുള്ള സാധ്യത കൂടുകയും ചെയ്യും. അപൂർവം മഞ്ഞുപാളി ഗുഹകൾ മാത്രമാണ് വർഷം മുഴുവനും ഉറപ്പോടെ നിൽക്കുന്നത്. 

രൂപം മാറുന്ന ഗുഹകൾ 

ഇത്തരം മഞ്ഞുപാളികളിലെ ഗുഹകളുടെ മറ്റൊരു പ്രത്യേകത അവയുടെ രൂപം ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരിക്കും എന്നതാണ്. മുൻപ് സന്ദർശിച്ചിട്ടുള്ള ഗുഹയിൽ നിങ്ങൾ വീണ്ടും എത്തിയാലും ആ ഗുഹ പൂർണമായും മറ്റൊരു രൂപത്തിലായിട്ടുണ്ടാകും. അതിന്റെ വപ്പവും രൂപവും ചിലപ്പോൾ നീളത്തിൽ പോലും മാറ്റം വന്നിട്ടുണ്ടാകും. അതിനാൽ തന്നെ ഇത്തരം ഗുഹകളിലേക്കുള്ള ഓരോ സന്ദർശനവും വ്യത്യസ്തമായ അനുഭവമാണെന്നും ഇവിടേക്കെത്തുന്ന സഞ്ചാരികൾ പറയുന്നു.

English Summary: Iceland’s Crystal Ice Caves Carve Walkways Deep Within A Glacier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com