ADVERTISEMENT

തെക്കൻ അമേരിക്കൻ വൻകരയിലെ രാജ്യമായ കൊളംബിയയ്ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ദാരിദ്ര്യം മുതൽ ലഹരിക്കടത്ത് സംഘങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ മറ്റൊരു വ്യത്യസ്തമായ പ്രശ്‌നവും രാജ്യം കുറച്ചുകാലമായി നേരിടുന്നുണ്ടായിരുന്നു. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേനയുടെ കരയിൽ റോന്തുചുറ്റുന്ന നൂറിലധികം ഹിപ്പോകളായിരുന്നു ഇവർ നേരിടുന്ന പ്രശ്‌നം. ഇതിനു പരിഹാരമായാണ് ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്സോക്കോയിലേക്കും കയറ്റി അയയ്ക്കാൻ കൊളംബിയ പദ്ധതിയിട്ടിരിക്കുന്നത്.

ഹിപ്പോ പ്രശ്നത്തിന് തുടക്കമിട്ടത് കൊളംബിയയിലെ ഏറ്റവും കുപ്രസിദ്ധനായ മനുഷ്യനാണ്. ലഹരിക്കടത്തു മാഫിയാത്തലവൻ പാബ്ലോ എസ്‌കോബാർ. കൊളംബിയയിലെ മെഡലിൻ കാർട്ടൽ എന്ന ലഹരികടത്തുസംഘത്തിന്റെ അധിപനായ പാബ്ലോ എസ്‌കോബാർ കൊക്കെയ്‌ന്റെ രാജാവ് എന്നാണ് അറിയപ്പെട്ടത്. അനധികൃത ലഹരിമരുന്ന് ബിസിനസിലൂടെ 3000 കോടി യുഎസ് ഡോളറിനടുത്ത് സമ്പാദിച്ച എസ്‌കോബാർ ലോകചരിത്രത്തിലെ ഏറ്റവും സമ്പന്നനായ ക്രിമിനലുമായിരുന്നു. യുഎസിലേക്ക് ആദ്യമായി ലഹരിമരുന്ന് കടത്ത് വ്യാപകമായി തുടങ്ങിയ എസ്‌കോബാർ താമസിയാതെ അമേരിക്കൻ ലഹരിവിരുദ്ധ സേനയായ ഡിഇഎയുടെയും അമേരിക്കൻ സർക്കാരിന്റെയും നോട്ടപ്പുള്ളിയായി 1993ൽ മെഡലിൻ നഗരത്തിൽ വച്ച് കൊളംബിയൻ പൊലീസിന്റെ ദൗത്യത്തിൽ എസ്‌കോബാർ കൊല്ലപ്പെട്ടു.

മെഡലിനിൽ എസ്‌കോബാർ ഹാസിയൻഡ നാപോളിസ് എന്നു പേരായ ഒരു വലിയ ഗൃഹവും അതിനു ചുറ്റും ഒരു എസ്റ്റേറ്റും സ്വന്തമാക്കിയിരുന്നു. ഈ എസ്റ്റേറ്റിൽ ആനകൾ, ജിറാഫുകൾ, വിവിധയിനം അപൂർവ പക്ഷികൾ എന്നിവയടങ്ങിയ ഒരു മൃഗശാലയുമുണ്ടായിരുന്നു. ഈ മൃഗശാലയിലേക്ക് ആഫ്രിക്കയിൽ നിന്ന് എഴുപതുകളിൽ എസ്‌കോബാർ 4 ഹിപ്പോപ്പൊട്ടാമസുകളെ അനധികൃതമായി എത്തിച്ചു. കൊക്കെയ്ൻ ഹിപ്പോകൾ എന്ന് ഇവ അറിയപ്പെട്ടു. എസ്‌കോബാറിന്റെ മരണശേഷം ഹാസിയൻഡ നാപോളിസ് പിടിച്ചടക്കിയ കൊളംബിയൻ സർക്കാർ, മറ്റു മൃഗങ്ങളെ മാറ്റിയെങ്കിലും ഹിപ്പോകളെ എസ്‌റ്റേറ്റിൽ തന്നെ വിട്ടു.  മൂന്നു പെൺ ഹിപ്പോയെയും ഒരു ആൺ ഹിപ്പോയെയുമാണു എസ്കോബാർ കൊണ്ടുവന്നതെങ്കിലും ലഹരിമരുന്നുരാജാവിന്റെ മരണശേഷം ഇവ പെറ്റുപെരുകുകയായിരുന്നു. നിലവിൽ 160 ഹിപ്പോകൾ ഇവിടെയുണ്ട്

ഭക്ഷണം ആവശ്യത്തിനുള്ളതിനാലും ആഫ്രിക്കയിലുള്ളതുപോലെ സ്വാഭാവിക വേട്ടക്കാർ ഇല്ലാത്തതിനാലും ഇവയ്ക്ക് യാതൊരു പ്രതിബന്ധങ്ങളുമുണ്ടായില്ല. താമസിയാതെ എസ്‌കോബാറിന്റെ എസ്‌റ്റേറ്റ് വിട്ട് മഗ്ദലേന നദിക്കരയിലേക്ക് ഇവ താമസം മാറ്റി. നിലവിൽ ഈ സംഘത്തിൽ നൂറിലധികം ഹിപ്പോകളുണ്ട്. മഗ്ദലേന നദിയിലെ തദ്ദേശീയരായ നീർനായകൾക്കും കടൽപ്പശുക്കൾക്കും ആമകൾക്കുമൊക്കെ ഇവ വലിയ ഭീഷണിയാണെന്നു കൊളംബിയൻ ജന്തുശാസ്ത്രജ്ഞർ വ്യക്തമക്കിയിരുന്നു. പത്തുവർഷത്തിനിടെ ഇവയുടെ എണ്ണം 200 കടക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. നിലവിൽ 2250 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള മേഖലയിൽ ഇവ വ്യാപിച്ചിരുന്നു. ഹിപ്പോകൾ പുറന്തള്ളുന്ന ജൈവരാസ വസ്തുക്കൾ മഗ്ദലേന നദിയിൽ വൻ പായൽവളർച്ചയ്ക്കു കാരണമായിരുന്നു. ഇതും നദിയിലെ മറ്റു ജീവികളെ കൊന്നൊടുക്കി.

വർഷങ്ങളായി കൊളംബിയൻ സർക്കാർ ഈ ഹിപ്പോകളെ ഒതുക്കാൻ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി 2009ൽ ഒരു ഹിപ്പോപ്പൊട്ടാമസിനെ തദ്ദേശ സർക്കാരിന്റെ അനുമതിയോടെ വേട്ടക്കാർ കൊന്നു. എന്നാൽ ഇത് അമേരിക്കൻ വൻകരയിലെ മൃഗസ്‌നേഹികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്ന് വന്ധ്യംകരണം നടത്താനും കൊളംബിയ പദ്ധതിയിട്ടു. എന്നാൽ ഒരു ഹിപ്പോയെ വന്ധ്യംകരിക്കാൻ 35 ലക്ഷത്തോളം രൂപ ചെലവുവരുന്നതിനാൽ ഇതും മന്ദഗതിയിലായി. ഇവയെ വന്ധ്യംകരിക്കാനായി ചെലവുകുറഞ്ഞ പ്രത്യേക പദ്ധതി കൊളംബിയൻ സർക്കാർ തുടങ്ങിയെങ്കിലും അതും ഫലവത്തായില്ല. തുടർന്നാണ് ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്സോക്കോയിലേക്കും കയറ്റി അയയ്ക്കാൻ കൊളംബിയ പദ്ധതിയിട്ടത്. 60 എണ്ണം ഇന്ത്യയ്ക്കും 10 എണ്ണം മെക്സിക്കോയ്ക്കും നൽകാനാണ് തീരുമാനം.

ഹിപ്പോകൾ കൊളംബിയ വീടാക്കിയിരിക്കുകയാണെന്നും ഇവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നുമാണ് രാജ്യാന്തര മൃഗസ്‌നേഹികളുടെ വാദം.2021ൽ യുഎസ് കോർട്ട് മനുഷ്യാവകാശങ്ങൾക്കു തുല്യമായ അവകാശങ്ങൾ കൊളംബിയയിലെ കൊക്കെയ്ൻ ഹിപ്പോകൾക്കും നൽകിയിരുന്നു. യുഎസിന്റെ നീതിചരിത്രത്തിൽ ആദ്യമായായിരുന്നു ഇങ്ങനെയൊരു വിധി. 

English Summary: Colombia plans to send 70 ‘cocaine hippos’ to India and Mexico, governor says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com