ലോക്ഡൗൺ നിയമം തെറ്റിച്ചു, കാറിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചില്ല ഇപ്പോഴിതാ വളർത്തുനായയുടെ കാര്യത്തിലും നിയമം തെറ്റിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർക്കിലേക്ക് കുടുംബത്തോടൊപ്പം വളർത്തു നായയുമായി അദ്ദേഹം പ്രവേശിച്ചതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം.
വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി പാർക്കിലേക്ക് പുറത്തുനിന്നുള്ള മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. ഇത് ലംഘിച്ചു കൊണ്ടായിരുന്നു ഋഷി സുനകും കുടുംബവും ഇവിടെ പ്രവേശിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതേ പൊലീസ് ഉദ്യോഗസ്ഥർ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയെ പാർക്കിൽ വളർത്തുമൃഗങ്ങളെ കയറ്റരുതെന്ന് അറിയിച്ചു.
സംഭവത്തിൽ ഋഷി സുനകിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുൻപ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ചതിന് ഋഷി സുനകിന് ബ്രിട്ടിഷ് പൊലീസ് പിഴയിട്ടിരുന്നു. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി ഋഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്. ലോക്ഡൗൺ നിയമം ലംഘിച്ചതിനും ഋഷി സുനക് വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു.
English Summary: UK PM Rishi Sunak in doghouse after letting pet roam free in park