സമുദ്ര ജീവികൾക്കും മനുഷ്യർക്കും ഭീഷണിയായി വിചിത്ര വേലിയേറ്റം: കരയിലേക്കെത്തുന്നത് മാരകവിഷം

dead-fish
Image credit: Artiom Photo / Shutterstock
SHARE

സമുദ്രത്തിലും സമുദ്രത്തിന് സമീപമുള്ള മേഖലകളിലും വസിക്കുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ നിലനിൽപിന് തന്നെ ഭീഷണിയായി റെഡ് ടൈഡ് മടങ്ങിയെത്തുന്നതായി ഗവേഷകർ. ഫ്ലോറിഡയിലെ കടൽത്തീരങ്ങളാണ് മനുഷ്യർക്ക് പോലും ഭീഷണിയായ ഈ പ്രതിഭാസത്തെ നേരിടേണ്ടി വരുന്നത്. റെഡ് ടൈഡ് വീണ്ടും ഉണ്ടാകുന്നതോടെ മത്സ്യങ്ങൾ കൂട്ടമായി ചത്ത് തീരത്തടിയും. കഴിഞ്ഞ ഏതാനും വർഷങ്ങളായി പല ആവർത്തിക്കുന്ന ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് ഫ്ലോറിഡയിലെ തീരദേശങ്ങൾ.

കടൽക്കളകൾ അസാധാരണമായ രീതിയിൽ പെരുകുന്നതാണ് റെഡ് ടൈഡിന് പിന്നിലെ കാരണം. ഇവയുടെ സാന്നിധ്യം മൂലം സമുദ്രജലം ചുവപ്പു കലർന്ന തവിട്ടു നിറത്തിൽ കാണപ്പെടുന്നതിനാലാണ് റെഡ് ടൈഡ് എന്ന പേര് ലഭിച്ചിരിക്കുന്നത്. ഏകകോശ ജീവികളായ ആൽഗെകളും ഡൈനോഫ്ലാഗെല്ലറ്റുകളുമടക്കം നിരവധി സൂക്ഷ്മ ജീവികളാണ് റെഡ് ടൈഡിന് കാരണമാകുന്നത്. കരേനിയ ബ്രവിസ് എന്ന ആൽഗെയാണ് ഫ്ലോറിഡയിലെ ചുവന്ന വേലിയേറ്റത്തിന് പിന്നിലെ പ്രധാന കാരണക്കാർ. ബ്രവിടോക്സിൻ എന്ന് വിഷ വസ്തു ഉൽപ്പാദിപ്പിക്കുന്നവയാണ് ഇവ.

ഇത് ഉള്ളിൽ ചെന്നാൽ മനുഷ്യർക്കും പക്ഷികൾക്കും സമുദ്ര സസ്തനികൾക്കും മത്സ്യങ്ങൾക്കും സാരമായ ഉദരരോഗങ്ങളും നാഡീസംബന്ധമായ രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഡൈനോഫ്ലാഗെല്ലറ്റ് ആൽഗെ ബാധിച്ച കക്ക ഭക്ഷിക്കുന്നവർക്ക് പരാലിറ്റിക് ഷെൽഫിഷ് പോയിസണിങ് എന്ന അസുഖം വരെ ഉണ്ടാവാം. മുഖത്തും വിരലുകളുടെ അഗ്രഭാഗത്തുമുണ്ടാകുന്ന പെരുപ്പ്, തലവേദന, തലകറക്കം തുടങ്ങി ഉള്ളിൽ ചെല്ലുന്ന ആൽഗെയുടെ അളവനുസരിച്ച് പക്ഷാഘാതം വരെ മനുഷ്യർക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപൂർവമാണെങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മസാച്യുസിറ്റ്സ് ബ്യൂറോ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് അറിയിക്കുന്നു.

എന്നാൽ ബ്രവിടോക്സിൻ ഉള്ളിൽ ചെല്ലാൻ അവ ഭക്ഷണത്തിൽ ഉൾപ്പെടണമെന്നും നിർബന്ധമില്ല. വായുവിൽ കലർന്ന് ശ്വാസനാളത്തിലൂടെ വിഷാംശം ഉള്ളിൽ പ്രവേശിച്ചാൽ ചുമയും  ശ്വാസതടസ്സവുമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. അതിനാൽ റെഡ് ടൈഡിന്റെ സമയത്ത് തീരമേഖലയിൽ കൂടി നടക്കുന്നതുപോലും അപകടകരമാണ്. ചത്ത നിലയിൽ തീരത്ത് വന്നടിയുന്ന ആയിരക്കണക്കിന് ജീവികളും ആരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്.

റെഡ് ടൈഡ് ഭീഷണി ഉണ്ടാക്കുന്നുണ്ടെങ്കിലും അത് പ്രകൃതിയിലെ സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. എന്നാൽ ഇവ അടിക്കടി വലിയതോതിൽ ഉണ്ടാകുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ മൂലമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൃഷിയിടങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള രാസപദാർത്ഥങ്ങളും മാലിന്യങ്ങളും സമുദ്രത്തിൽ എത്തുന്നത്തും ഇതിന് കാരണമാവാം എന്ന് വിലയിരുത്തപ്പെടുന്നു.

English Summary: “Red Tide” Of Toxic Organisms Storms Florida

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS