ജപ്പാനിൽ മറഞ്ഞു കിടന്നത് ഏഴായിരത്തോളം നിഗൂഢ ദ്വീപുകൾ; കണ്ടെത്തി ഗവേഷകര്‍

Japan discovers 7,000 more islands in its territory. See details
Image Credit: kokouu/ Istock
SHARE

ജപ്പാന്റെ അതിർത്തിയിൽ ഇതുവരെ മറഞ്ഞു കിടന്ന ഏതാണ്ട് ഏഴായിരത്തോളം ദ്വീപുകളാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിരിക്കുന്നത്. ഈ ദ്വീപുകളെ കൂടി ഔദ്യോഗികമായി രാജ്യത്തിന്റെ ഭൂപടത്തിലേക്ക് ചേർക്കുന്നതോടെ ജപ്പാനിലെ ആകെ ദ്വീപുകളെ എണ്ണം പതിനാലായിരം കവിയും. 1987 ലാണ് ജപ്പാനിലെ ദ്വീപുകളുടെ എണ്ണം ഏറ്റവും ഒടുവിൽ കണക്കാക്കിയത്. അന്ന് ഏഴായിരത്തിലധികം ദ്വീപുകളാണ് ഈ രാജ്യത്തിന്റെ ഭാഗമായി ഉള്ളതെന്നാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ പുതിയ കണ്ടെത്തലോടെ നിലവിലുള്ള കണക്കിന്റെ ഇരട്ടിയോളം ദ്വീപുകൾ രാജ്യത്തുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ദ്വീപുകളുടെയും അഗ്നിപർവതങ്ങളുടെയും രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജപ്പാന്റെ ആകെയുള്ള ദ്വീപുകളിൽ പക്ഷേ 426 ദ്വീപുകളിൽ മാത്രമാണ് മനുഷ്യവാസമുള്ളത്. ഏതാണ്ട് മൂന്ന് ലക്ഷത്തി എഴുപതിനായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ജപ്പാനുള്ളത്. ഇപ്പോൾ കണ്ടെത്തിയ ദ്വീപുകളെല്ലാം തന്നെ ഈ കണക്കാക്കിയിരിക്കുന്ന അതിർത്തിക്കുള്ളിൽ തന്നെ വരുന്നവയാണ്. അതുകൊണ്ട് തന്നെ പുതിയ ദ്വീപുകൾ കണ്ടെത്തിയത് രാജ്യത്തിന്റെ വിസ്തൃതിയിൽ വലിയ മാറ്റമൊന്നുമുണ്ടാക്കിയിട്ടില്ല.

എന്താണ് ദ്വീപ്

ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട, എന്നാൽ വേലിയേറ്റ സമയത്ത് വെള്ളത്തിനടിയിൽ മുങ്ങിപ്പോകാത്ത കരഭൂമിയെയാണ് ദ്വീപ് എന്ന് വിളിക്കുന്നത്. ഈ കരഭൂമി സ്വാഭാവികമായി ഉണ്ടായതുകൂടിയാകണമെന്നും ഐക്യരാഷ്ട്രസംഘടനയുടെ സമുദ്രനിയമം അനുശാസിക്കുന്നുണ്ട്. ഈ മാനദണ്ഡം അനുസരിച്ച് ദ്വീപുകളായി കണക്കാക്കാവുന്നതാണ് ജപ്പാനിൽ പുതിയതായി കണ്ടെത്തിയിരിക്കുന്ന ദ്വീപുകളെല്ലാം തന്നെ.

പസിഫിക്കിലെ റിങ് ഓഫ് ഫയർ എന്നറിയപ്പെടുന്ന പ്രദേശത്താണ് ജാപ്പനീസ് ദ്വീപസമൂഹമുള്ളത്. കടലിനടിയിലുള്ള വലിയ അഗ്നിപർവത നിരയാണ് റിങ് ഓഫ് ഫയർ എന്നറിയപ്പെടുന്ന മേഖല. ഇപ്പോഴും നിരന്തരം സജീവമായിരിക്കുന്ന അഗ്നിപർവതങ്ങളാണ് ഈ റിങ് ഓഫ് ഫയറിന്റെ ഭാഗമായുള്ളത്. അതുകൊണ്ട് തന്നെ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുന്നതിലൂടെ പുതിയ കരമേഖലകളുണ്ടാകാനുള്ള സാധ്യത ഈ പ്രദേശത്ത് കൂടുതലാണ്. ഇങ്ങനെ ലക്ഷക്കണക്കിന് വർഷങ്ങളിലായി ഉണ്ടായ അഗ്നിപർവത സ്ഫോടനങ്ങളൂടെ ഉണ്ടായവയാണ് ജപ്പാനിലെ ദ്വീപുകളെല്ലാം തന്നെ. 

ഇപ്പോഴും ഇതുപോലുള്ള പുതിയ ദ്വീപുകൾ ജപ്പാന്റെ പരിധിയിൽ ഉണ്ടാകുന്നുണ്ട്. ഏറ്റവും ഒടുവിൽ ഈ രീതിയിൽ ഉയർന്ന് വന്ന ദ്വീപ് 2013ലാണ് ജാപ്പനീസ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. എന്നാൽ ഈ ദ്വീപ് പിന്നീട് ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും മൂലം കടലിനടയിൽ മുങ്ങി പോവുകയും ചെയ്തു. ഈ ദ്വീപ് നിലനിന്നിരുന്ന സമയത്ത് ജപ്പാന്റെ സമുദ്രാതിർത്തിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കും അത് കാരണമായിരുന്നു.

പുതിയ ദ്വീപുകൾ കണ്ടെത്താനുള്ള സർവേ

പുതിയ ദ്വീപുകൾ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് 2021ൽ ജാപ്പനീസ് പാർലമെന്റ് ജപ്പാനിലെ ദ്വീപുകളുടെ എണ്ണം വീണ്ടും സർവേ നടത്തി കണക്കാക്കാൻ തീരുമാനമെടുത്തത്. സർവേ ആരംഭിക്കുന്ന സമയത്ത് അനൗദ്യോഗികമായി ഏഴായിരത്തിലധികം ദ്വീപുകളുണ്ടായിരുന്നു എങ്കിലും ഔദ്യോഗിക രേഖകളിലെ എണ്ണം 6852 ആയിരുന്നു. എന്നാൽ മുപ്പത് വർഷം മുൻപ് തയാറാക്കിയ ഈ കണക്കിൽ നിരവധി ദ്വീപുകളെ ചേർത്ത ഒരു ദ്വീപായി കണക്കാക്കിയ പല സന്ദർഭങ്ങളും കണ്ടെത്തി. ഇത തുടർന്നാണ് പുതിയ പഠനത്തിന് ഉത്തരവിട്ടത്. ചെറുവിമാനങ്ങളും സാറ്റ്‌ലെറ്റ് മാപ്പും ഉൾപ്പടെയുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ പഠനനത്തിനൊടുവിലാണ് ഇപ്പോൾ രാജ്യത്തെ ദ്വീപുകളുടെ എണ്ണം 14,125 ആണെന്ന് ഒടുവിൽ സ്ഥിതീകരിച്ചിരിക്കുന്നത്.    

English Summary: Japan discovers 7,000 more islands in its territory. See details

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA